തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്‌ക്കെടുത്തതിന് കൊടുക്കാനുള്ളത് കോടികള്‍. ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകളില്‍ സ്ഥല പരിശോധനക്കായാണ് സംസ്ഥാന റവന്യൂ വകുപ്പിന്റെ അനുമതിയോടെ വില്ലേജ് ഓഫീസുകളിലേക്ക് വാടകയ്‌ക്ക് വാഹനങ്ങള്‍ വിട്ട് നല്‍കിയത്. കുടിശ്ശിക പണം കിട്ടാതായതോടെ ടാക്‌സി ഡ്രൈവര്‍മാരും വാഹന ഉടമകളും ദുരിതത്തിലായി.
2025 ജനുവരി മുതല്‍ വാടകയ്‌ക്ക് ഓടുന്ന വാഹനങ്ങള്‍ക്ക് ഇതുവരെ നല്‍കിയത് നാല് മാസത്തെ വാടക മാത്രം. ജനുവരി 27 ഓടെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ ഡ്രൈവര്‍മാര്‍ കടുത്ത ആശങ്കയിലാണ്. 2022 മുതലാണ് ഭൂമി തരംമാറ്റം നടപടികള്‍ വേഗത്തിലാക്കുന്നതിനായി സ്വകാര്യ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ റവന്യൂവകുപ്പ് തീരുമാനമെടുത്തത്. തരംമാറ്റത്തിന് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ സ്ഥല പരിശോധനയ്‌ക്കായി വില്ലേജ് ഓഫീസുകളിലേക്ക് അയക്കുന്നതില്‍ പരിശോധന നടത്താനാണ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയത്. 680 വില്ലേജുകള്‍ക്കായി 350 വാഹനങ്ങളാണ് വാടകയ്‌ക്കെടുത്തത്. തരംമാറ്റത്തിന് നൂറില്‍ക്കൂടുതല്‍ അപേക്ഷകളുള്ള 680 വില്ലേജ് ഓഫീസുകള്‍ക്ക് രണ്ട് വില്ലേജിന് ഒന്ന് എന്ന കണക്കിലായിരുന്നു. ഭൂമി തരം മാറ്റത്തിന് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നു സ്ഥലപരിശോധനക്കായി അയക്കുന്ന അപേക്ഷകളാണ് വില്ലേജ് ഓഫീസുകളില്‍ എത്തുന്നത്.
ഓരോ ടാക്‌സികള്‍ക്കും 2,40,000 ത്തോളം രൂപയാണ് കൊടുക്കാനുള്ളത്. ഇത്തരത്തില്‍ 8.4 കോടിയോളം രൂപയാണ് കുടിശ്ശിക ഇനത്തില്‍ കാര്‍ ഉടമകള്‍ക്ക് നല്‍കേണ്ടത്. പ്രതിമാസം 1500 ഓളം കിലോമീറ്ററാണ് ഓരോ ടാക്‌സിയും ഓടേണ്ടത്. ഒരു വാഹനം രണ്ടു വില്ലേജുകളുടെ ആവശ്യങ്ങള്‍ക്കായി ഓടണം. ആഴ്ചയില്‍ മൂന്നുദിവസമാണ് ഒരു വില്ലേജിനായി ഓടേണ്ടത്. ഒരു ടാക്‌സിക്ക് പ്രതിമാസം 30,000 രൂപയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ എട്ട് മാസത്തെ വാടക വീതമാണ് ഓരോ വാഹനത്തിനും ഇനി ലഭിക്കാനുള്ളത്.
കുടിശ്ശിക പണം കിട്ടാതായതോടെ വാഹനങ്ങളുടെ ഇഎംഐ അടയ്‌ക്കാനാകാതെ ഉഴലുകയാണ് പല വാഹന ഉടമകളും. ഇതിനിടെ ഇവര്‍ക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിയും വര്‍ദ്ധിച്ചിട്ടുണ്ട്. നിശ്ചിത വാഹനം വീതം ലഭ്യമാക്കുന്നതിന് ഓരോ പ്രദേശത്തും സിപിഐ പ്രവര്‍ത്തകരുമായാണ് റവന്യൂ വകുപ്പ് കരാര്‍ ഉറപ്പിക്കുന്നത്. ഇവര്‍ പ്രദേശത്തെ സ്വകാര്യ ടാക്‌സികളെ കരാര്‍ ഓട്ടത്തിന് നിയോഗിക്കും. പണം ലഭിക്കാതെ വന്നതോടെ കരാറിലേര്‍പ്പെട്ടവരും കൈമലര്‍ത്തി. പണത്തിനു വേണ്ടി റവന്യൂ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കുമ്പോള്‍ സംസ്ഥാനമൊട്ടാകെയുള്ള എല്ലാ കരാറുകാര്‍ക്കും ഒരുമിച്ചേ പണം നല്‍കാനാകൂ എന്നും ധനം വകുപ്പ് ഇതുവരെ തുക അനുവദിച്ചിട്ടില്ലെന്നുമാണ് മറുപടി. എന്നാല്‍ ബാങ്ക് വായ്‌പ യഥാസമയം അടയ്‌ക്കുകയും വേണം. നിവൃത്തിയില്ലാതെ വാഹനങ്ങള്‍ വില്‍ക്കേണ്ട അവസ്ഥയിലാണ് കാര്‍ ഉടമകള്‍.
















