തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കൂടി റിപ്പോര്‍ട്ട് നല്‍കിയതോടെ ഇനി കണ്ണുകള്‍ ഹൈക്കോടതിയിലേക്ക്. എസ്‌ഐടിയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം കോടതി എന്തു പറയും എന്നതാണ് ജനങ്ങള്‍ സസൂക്ഷ്മം നോക്കുന്നത്. ജനുവരി അഞ്ചിനാണ് കോടതി ഇനി കേസ് പരിഗണിക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ പോക്കില്‍ ഹൈക്കോടതി ഇതിനകം പലകുറി അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇക്കാര്യത്തില്‍ ഇ ഡി അന്വേഷണമുണ്ട്. സിബിഐ അന്വേഷണത്തിന് പല കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. ഐബിയുടെ റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലത്തേത്തത്.
സ്വര്‍ണക്കൊള്ള അന്താരാഷ്‌ട്ര സ്വര്‍ണക്കടത്തിന് സമാനമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കോടതി തന്നെ പരാമര്‍ശിച്ചതാണ്. വിദേശ സ്വര്‍ണക്കടത്ത് സംഘം ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സിബിഐ പോലുള്ള ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കൊള്ള നടത്തിയത് വിദേശത്തുള്ള പുരാവസ്തുക്കൊള്ള സംഘമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വഴി ഒരു വിദേശ വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുമുണ്ട്. ഇതനുസരിച്ച് പുരാവസ്തു വില്‍പന സംഘത്തിലെ ഡി. മണിയെ അടക്കം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ഉന്നതരിലേക്ക് അന്വേഷണം നടക്കാത്തതില്‍ ഹൈക്കോടതി എസ്‌ഐടിക്കെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു. മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ്‌ചെയ്ത ശേഷം കേസില്‍ മെല്ലപ്പോക്കുണ്ടെന്ന് ഹൈക്കോടതി തന്നെ എഴുതി. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കൊപ്പം പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ദ്ധനും നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. സോണിയയുടെ രക്തബന്ധത്തിലുള്ള ബന്ധുവിന് ഇറ്റലിയില്‍ പുരാവസ്തു വില്‍പനശാലയുണ്ട്. ഇതേക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണത്തിന് തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
















