ബെംഗളൂരു: കര്‍ണാടകത്തിലെ 86 ശതമാനം പേര്‍ക്കും വോട്ടിങ് യന്ത്രത്തെ വിശ്വാസമെന്ന് സര്‍വേ റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ കര്‍ണാടക മോണിട്ടറിങ് ആന്‍ഡ് ഇവാലുവേഷന്‍ അതോറിറ്റിയാണ് സര്‍വേ നടത്തിയത്.
നോളജ് ആറ്റിറ്റിയൂഡ് പ്രാക്ടീസ് സര്‍വേയാണ് നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനത്തോളം പേരും വോട്ടിങ് യന്ത്രത്തില്‍ വിശ്വാസം രേഖപ്പെടുത്തി. 2024ല്‍ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ്, സ്വതന്ത്രവും നീതിയുക്തവും ആയിരുന്നുവെന്നു തന്നെയാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയതും.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെ കണ്ടെത്തല്‍ പുറത്തുവന്നതോടെ വെട്ടിലായത് കോണ്‍ഗ്രസാണ്. വോട്ടിങ് യന്ത്രം പ്രശ്നകാരിയാണെന്നും തെരഞ്ഞെടുപ്പില്‍ യന്ത്രത്തില്‍ കൃത്രിമം നടത്തിയെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ വാദമാണ് തകര്‍ന്നത്. ജനങ്ങള്‍ക്ക് യന്ത്രത്തിലുള്ള വലിയ വിശ്വാസമാണ് സര്‍വേയിലൂടെ പുറത്തുവന്നത്.
കോണ്‍ഗ്രസിന്റെ വോട്ട് ചോരി ആരോപണം വീണ്ടും തുറന്നു കാണിക്കപ്പെട്ടിരിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര എക്സില്‍ കുറിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ സര്‍വേ തന്നെ കാണിക്കുന്നത് ജനങ്ങള്‍ക്ക് യന്ത്രത്തില്‍ വിശ്വാസമുണ്ടെന്നാണ്. തോല്‍വി അംഗീകരിക്കാന്‍ കഴിയാത്ത രാഹുലിന് ലഭിച്ച കനത്തയടിയാണിത്, അദ്ദേഹം തുര്‍ടന്നു. ഇത്തരമൊരു സര്‍വേയ്‌ക്ക് ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല എന്നാണ് ഐടി മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ പറയുന്നത്. തെര. കമ്മിഷന്‍ സംസ്ഥാന തെര. കമ്മിഷനോട് നിര്‍ദേശിച്ച പ്രകാരമാണിത് നടത്തിയത്. ഒരു സര്‍ക്കാരിതര സംഘടനയുടെ സഹായവും അവര്‍ തേടിയിരുന്നു, പ്രിയങ്ക് പറയുന്നു.
















