വസായ്: സനാതന ഹിന്ദു ധര്‍മസഭയുടെ ആറാമത് ഹിന്ദുമഹാസമ്മേളനത്തിന് വസായ് വെസ്റ്റിലെ ശബരിഗിരി അയ്യപ്പക്ഷേത്രത്തില്‍ ഇന്ന് തിരിതെളിയും. ഗോപൂജ, നാമജപം, വേദപാരായണം, നാരായണീയ മഹാപര്‍വ്വം, കുത്തിയോട്ട പാട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഹിന്ദു മഹാസമ്മേളനം. മഹാമണ്ഡലേശ്വര്‍ സ്വാമി സദാനന്ദ ബെന്‍ മഹാരാജിന്റെ നേതൃത്വത്തിലാണ് ഗോപൂജ. ബൃന്ദ പ്രഭുവും സംഘവും നാമജപ പാരായണം നടത്തും. പാല്‍ഘര്‍ ജില്ല സത്യസായി സേവാ കേന്ദ്രം വേദപാരായണവും വി. രാധാകൃഷ്ണന്‍ നായരും സംഘവും കുത്തിയോട്ടവും അവതരിപ്പിക്കും.
ബ്രഹ്‌മശ്രീ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലുള്ള ഗണപതി ഹോമത്തോടെ പരിപാടികള്‍ ആരംഭിക്കും. ചെങ്കോട്ട്‌കോണം ശ്രീരാമദാസാശ്രമം മഠാധിപതി ശക്തി ശാന്താനന്ദ മഹര്‍ഷി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി, മഹാകാല്‍ ബാബ (ഭൈരവ് അഘാഡ ഹരിദ്വാര്‍), സദാനന്ദ് ബെന്‍ മഹാരാജ് ജുന അഘാഡ, സംഗമേശാനന്ദ സരസ്വതി, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി (ശ്രീ ആഞ്ജനേയാശ്രമം, ചെറുകോട്, വണ്ടൂര്‍, മലപ്പുറം), സ്വാമി ഭാരതാനന്ദ സരസ്വതി, ശാന്തിദാസന്‍ (ബദ്ബരി ആശ്രമം ബദരിനാഥ്), സ്വാമി നിര്‍ഭയാനന്ദ (ചിന്മയ മിഷന്‍, വസായ്), ശ്രീരാജ് നായര്‍ (വിശ്വഹിന്ദു പരിഷത്ത്) തുടങ്ങിയവരും ഹിന്ദുസംഘടനാ പ്രതിനിധികളും പങ്കെടുക്കും. ധനുമാസത്തിലെ തിരുവാതിര പ്രമാണിച്ച് ചന്ദ്രപ്രഭ ആര്‍ട്‌സ് തിരുവാതിരകളി അവതരിപ്പിക്കും.
നാരായണീയ മഹാപര്‍വ്വം രാവിലെ 10 മണി മുതല്‍ നടക്കും. മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും നാരായണീയം ഗ്രൂപ്പുകള്‍ പങ്കെടുക്കും. ഗുരുമാത ശ്രീമതി നന്ദിനി ടീച്ചര്‍ അധ്യക്ഷത വഹിക്കും.
സ്വാമിനി സംഗമേശാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും നേപ്പാളില്‍ നിന്ന് നേരിട്ടെത്തിച്ച പൂജിച്ച രുദ്രാക്ഷം വിതരണം ചെയ്യും. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും ഗുരുസ്വാമിമാരെ ആദരിക്കും. സമ്മേളനത്തില്‍ ഇതാദ്യമായി ഗോപൂജയും നടക്കും. സംന്യാസി ശ്രേഷ്ഠന്മാരെ വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ പൂര്‍ണകുംഭം നല്‍കി ഘോഷയാത്രയായി വേദിയിലേക്ക് ആനയിക്കും തുടര്‍ന്ന് യതി പൂജ നടക്കും. സമാപന സമ്മേളനത്തെ സംന്യാസിവര്യന്മാരും ആചാര്യന്മാരും അഭിസംബോധന ചെയ്യും.












