
നെടുമംഗല്യത്തിന് ഏറ്റവും ഫലപ്രദമാണ് ധനുമാസത്തിലെ തിരുവാതിരവ്രതം. ഭഗവാന്‍ ശിവന്റെ ജന്മനാളാണ് തിരുവാതിര. ശിവപാര്‍വ്വതീ വിവാഹം നടന്നതും ഇതേ നാളിലാണത്രേ. കാമദേവന് ശിവന്‍ പുനര്‍ജന്മം നല്‍കിയതു ധനുമാസ തിരുവാതിരയിലാണെന്നാണ് വിശ്വാസം. ഇദംപ്രഥമമായി തിരുവാതിര വ്രതം നോറ്റത് ശ്രീപാര്‍വ്വതി തന്നെയാണ്. കന്യകമാര്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കുന്നതിനും വിവാഹിതകള്‍ നെടുമംഗല്യത്തിനും കുടുംബൈശ്വര്യത്തിനും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു.
ആതിരയുടെ ഐതിഹ്യം
ക്ഷണിക്കാതെ യാഗത്തിന് എത്തിയ മകളായ സതീദേവിയെ ദക്ഷന്‍ അപമാനിച്ചു. ഇതില്‍ മനംനൊന്ത സതീദേവി ദേഹത്യാഗം ചെയ്തു. ഈ വിവരമറിഞ്ഞ ഭഗവാന്‍ ശ്രീപരമേശ്വരന്‍ ദക്ഷനെ വധിച്ചു. പിന്നീട് പരമശിവന്‍ ഹിമാലയത്തില്‍ നീണ്ട തപസ്സനുഷ്ഠിച്ചു.. സതീദേവി പാര്‍വ്വതിയായി പുനര്‍ജനിച്ച് ശ്രീപരമേശ്വരനെ തന്നെ ഭര്‍ത്താവായി ലഭിക്കാന്‍ പിതാവിന്റെ അനുഗ്രഹത്തോടു കൂടി മഹാദേവനെ പൂജിക്കാനും തപസ്സുചെയ്യാനും തുടങ്ങി. ഈ സമയത്താണ് താരകാസുരന്റെ ഉപദ്രവത്തില്‍ നിന്നും ദേവന്മാരെ രക്ഷിക്കാന്‍ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാല്‍ ദേവന്മാര്‍ കാമ ദേവനോട് ശ്രീപരമേശ്വനേയും പാര്‍വ്വതീ ദേവിയേയും ഒന്നിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.
തപസ്സനുഷ്ഠിക്കുകയായിരുന്ന പരമശിവന് നേരെ ദേവന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് കാമദേവന്‍ പുഷ്പബാണം അയച്ചു. ഇതോടെ ശിവന്റെ യോഗനിദ്രക്ക് ഭംഗം വന്നു. പരമശിവന്‍ മൂന്നാം തൃക്കണ്ണ് തുറന്ന് കാമദേവനെ കോപാഗ്‌നിയില്‍ ദഹിപ്പിച്ചു. ഭര്‍ത്തൃവിയോഗത്തില്‍ ദുഃഖിതയായ കാമദേവപത്‌നി പാര്‍വ്വതീദേവിയോട് സങ്കടമുണര്‍ത്തിച്ചു. രതീദേവിയുടെ ദുഃഖത്തില്‍ മനമലിഞ്ഞ ശ്രീപാര്‍വ്വതിയും ജലപാനമുപേക്ഷിച്ച് പരമശിവനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
എല്ലാവരുടേയും പ്രാര്‍ത്ഥനകളിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ പരമശിവന്‍ കാമദേവനെ മകയിരം നാളില്‍ പുനരുജ്ജീവിപ്പിച്ചു. തുടര്‍ന്ന് മഹാദേവന്‍ പാര്‍വ്വതിയില്‍ അനുരക്തനാവുകയും ദേവിയെ അര്‍ദ്ധാംഗിയായി സ്വീകരിക്കുകയും ചെയ്തു. വിവാഹദിനത്തില്‍ പാര്‍വ്വതീദേവി അനുഭവിച്ച ആനന്ദാതിരേകത്തിന്റെ ഓര്‍മയ്‌ക്കായാണ് മകയിരവും തിരുവാതിരയും ചേര്‍ന്ന നാളില്‍ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. തിരുവാതിരവ്രതം ഇഷ്ട വിവാഹത്തിനും, ഉത്തമ ദാമ്പത്യത്തിനുമായാണ് ആചരിക്കുന്നത്. മകയിരം വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണര്‍തം വ്രതം സഹോദരങ്ങള്‍ക്കുമാണ്.
എട്ടങ്ങാടി
തിരുവാതിര വ്രതത്തില്‍ അരിയാഹാരം നിഷിദ്ധമാണ്.
ചേന, ചേമ്പ്, കൂര്‍ക്ക, നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ കനലില്‍ ചുട്ട് പ്രത്യേകമായി തയ്യാറാക്കുന്ന നിവേദ്യ പ്രസാദം അന്നേ ദിവസം കഴിക്കണമെന്നാണ് ഈ നിവേദ്യത്തിന് എട്ടങ്ങാടി എന്നാണ് പേര്. സന്ധ്യക്കു മകയിരം നക്ഷത്രം വരുന്ന സമയത്താണ് എട്ടങ്ങാടി നിവേദിക്കേണ്ടത്.
ഗണപതി, പാര്‍വ്വതി, പരമശിവന്‍ എന്നിവര്‍ക്കാണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. ഗോതമ്പ്, കൂവ കുറുക്കിയത് മുതലായവയും കഴിക്കാം നേന്ത്രക്കായയും കിഴങ്ങുകളും വന്‍പയറുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന തിരുവാതിര പുഴുക്കും വിശേഷമാണ്.
തിരുവാതിരയിലെ മന്ത്രജപം
തിരുവാതിര വ്രതം അനുഷ്ഠിക്കുന്ന വിവാഹിതകള്‍ ‘ഓം ശിവശക്തൈക്യ രൂപിണൈ്യ നമഃ’ എന്ന മന്ത്രം 108 ഉരുജപിക്കുന്നത് ദാമ്പത്യക്ലേശം അകലാനും കുടുംബഭദ്രതക്കും നല്ലതാണ്.
കന്യകമാര്‍ ‘ഓം സോമായ നമഃ’ എന്ന മന്ത്രം 108 ഉരുജപിക്കുന്നത് ഇഷ്ടഭര്‍ത്തൃ ലബ്ധിക്ക് ഉതകും.
അവിവാഹിതരായ പുരുഷന്മാര്‍ ‘ഓം ഉമാ മഹേശ്വരായ നമഃ’ എന്ന മന്ത്രമാണ് ജപിക്കേണ്ടത്. പഞ്ചാക്ഷരീ മന്ത്രം, ശിവ സഹസ്രനാമം, ശിവപുരാണം, ഉമാമഹേശ്വര സ്‌തോത്രം മുതലായവയും തിരുവാതിര വ്രതത്തില്‍ ജപിക്കാം.
പാതിരാപ്പൂ ചൂടല്‍
തിരുവാതിര നക്ഷത്രം രാത്രിയില്‍ വരുന്ന ദിവസമാണ് സുമംഗലികള്‍ ഉറക്കമിളയ്‌ക്കേണ്ടത്. തിരുവാതിര വ്രതത്തില്‍ ഏറെ വിശേഷപ്പെട്ട ഒന്നാണ് പാതിരാപ്പൂ ചൂടല്‍. .ദശപുഷ്പങ്ങള്‍ തലയില്‍ ചൂടുന്ന ചടങ്ങാണിത്. പാതിരാപ്പൂ ചൂടുന്ന ചടങ്ങില്‍ ഓരോ പുഷ്പങ്ങളായെടുത്ത് അവയുടെ ദേവതകളെ പ്രാര്‍ത്ഥിച്ചുകൊണ്ടു ചൂടണമെന്നാണ്. ദശപുഷ്പങ്ങളില്‍ ഓരോന്നു ചൂടുന്നതിനും ഓരോ
ഫലമാണ്.
ദശപുഷ്പങ്ങള്‍
ദശപുഷ്പങ്ങള്‍ എന്നാണു പറയുന്നതെങ്കിലും ഇവയുടെ ഇലകള്‍ക്കാണ് പ്രാധാന്യം. മംഗളകാരികളായ ദശപുഷ്പങ്ങള്‍ ഇവയാണ്. വിഷ്ണുക്രാന്തി, കറുക, മുയല്‍ചെവിയന്‍, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്തല്‍, മുക്കുറ്റി, ഉഴിഞ്ഞ. ഇന്ദ്രവല്ലി, കേശരാജ, ഭാര്‍ഗവി, ഹരികോന്തിജം, ഭദ്രാ, ജലപുഷ്പ, സംഭാരീ, സഹദേവി, ലക്ഷ്മണ, താലപത്രിക എന്നിങ്ങനെയാണ് ദശപുഷ്പങ്ങളുടെ സംസ്‌കൃതനാമങ്ങള്‍.