ന്യൂയോർക്ക്: ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് 34 കാരനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി അധികാരമേറ്റു. മാൻഹട്ടനിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് സിറ്റി ഹാൾ സബ്‌വേ സ്റ്റേഷനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്. ഇതോടെ അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ ആദ്യ മുസ്‌ലിം മേയറും ഇന്ത്യൻ വംശജനുമായ ആദ്യ വ്യക്തിയുമായി മംദാനി മാറി.
ഡൊണൾഡ് ട്രംപിന്റെ ശക്തമായ രാഷ്‌ട്രീയ സ്വാധീനത്തെ മറികടന്ന് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണമാണ് മംദാനിയെ വിജയത്തിലേക്ക് നയിച്ചത്. വാടക വർധന മരവിപ്പിക്കൽ, സൗജന്യ നഗര ബസ് സർവീസ്, സൗജന്യ ശിശുപരിപാലനം തുടങ്ങിയ ജീവിതച്ചെലവ് കുറയ്‌ക്കുന്ന വാഗ്ദാനങ്ങൾ ന്യൂയോർക്കിലെ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷയായി മാറി.
അതുകൊണ്ടുതന്നെ, മംദാനിയുടെ ഭരണകാലത്തെ കുറിച്ച് ന്യൂയോർക്ക് മാത്രമല്ല ലോകം മുഴുവൻ ആകാംക്ഷയോടെയാണ് നോക്കുന്നത്. അതേസമയം, അധികാരമേൽക്കുന്ന വേളയിൽ തന്നെ കനത്ത ശീതകാലവും മഞ്ഞുവീഴ്ചയും മൂലമുള്ള പ്രതിസന്ധികൾ നഗരത്തെ ബാധിച്ചിരിക്കുകയാണ്. നഗരജീവിതം സാധാരണ നിലയിലാക്കുക എന്നതാണ് മേയറായി മംദാനി നേരിടുന്ന ആദ്യത്തെ അടിയന്തര വെല്ലുവിളി.
















