മട്ടാഞ്ചേരി: കൊച്ചി കപ്പല്‍ശാലയുടെ സിഎംഡി പദവിയില്‍ മധു എസ്. നായര്‍ തുടരും. വിരമിക്കുന്ന ഡിസം. 31 വരെയാണ് കേന്ദ്ര കപ്പല്‍ മന്ത്രാലയം കാലാവധി നീട്ടിയിരിക്കുന്നത്.
2016 ജനുവരി 1ന് ചെയര്‍മാന്‍- സിഎംഡി പദവിയിലെത്തിയ മധു എസ്. നായര്‍ 2020 ഡിസംബര്‍ 31 ന് സ്ഥാനമൊഴിയേണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടി നല്കുകയായിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും കാലാവധി നീട്ടിയത്.
കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിലും വൈവിധ്യവല്ക്കരണത്തിലും വന്‍ കുതിപ്പേകിയ കാലഘട്ടമായാണ് മധു എസ്. നായരുടെ നേതൃത്വം കാലം വിലയിരുത്തുന്നത്. കൊച്ചി കപ്പല്‍ശാലയുടേതായി ആറ് യൂണിറ്റുകള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങി.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ വിദേശ കമ്പനി ഓര്‍ഡറുകള്‍ നേടി. ഭാരതത്തിലെ ആദ്യ വിമാന വാഹിനി കപ്പല്‍ നിര്‍മാണം പുര്‍ത്തിയാക്കി. ജലമെട്രോ ബോട്ടുകള്‍, റോ- റോ വെസലുകളടക്കം ജനകീയ യാത്രയാന നിര്‍മാണം, വിമാനവാഹിനി വിക്രമാദിത്യ ആധുനികവല്ക്കരണം, 50,000 കോടിയിലേറെ രൂപയുടെ ഓര്‍ഡറുകള്‍, ഓഹരി വിപണിയില്‍ കപ്പല്‍ശാല ഓഹരിയെ മുന്‍നിര ഷെഡ്യൂള്‍ എ പട്ടികയില്‍ ഉള്‍പ്പെടുത്തി, തുടങ്ങി കൊച്ചി കപ്പല്‍ശാലയെ രാജ്യത്തെ ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനും അദ്ദേഹത്തിന്റെ നേതൃത്വത്തിനായി.
കൊച്ചി സര്‍വകലാശാലയില്‍ കപ്പല്‍ അധിഷ്ഠിത പഠനം നടത്തി 1988 ല്‍ ആണ് അദ്ദേഹം എക്‌സിക്യൂട്ടീവ് ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് കപ്പല്‍ശാല മാനേജ്‌മെന്റിന്റെ എല്ലാ മേഖലകളിലും സേവനം ചെയ്തു.













