ന്യൂദല്‍ഹി: ഇഎസ്ഐ കോര്‍പറേഷന്റെ സ്‌കീം ഫോര്‍ പ്രൊമോഷന്‍ ഓഫ് എംപ്ലോയേഴ്സ് ആന്‍ഡ് എംപ്ലോയീസ് (എസ്പിആര്‍ഇഇ- 2025) പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി നീട്ടിയതോടെ, ഇഎസ്ഐസി, ശ്രം സുവിധ, എംസിഎ പോര്‍ട്ടലുകള്‍ മുഖേന സ്വന്തം സ്ഥാപനങ്ങളെയും ജീവനക്കാരെയും ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യുന്നതിനായി തൊഴിലുടമകള്‍ക്ക് അധിക സമയം ലഭിക്കും. തൊഴിലുടമകള്‍, തൊഴിലുടമകളുടെ അസോസിയേഷനുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് ജനുവരി 31 വരെ നീട്ടിയത്. ഇഎസ്ഐ നിയമപ്രകാരം സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
തൊഴിലുടമ വ്യക്തമാക്കുന്ന തീയതി മുതല്‍ രജിസ്ട്രേഷന്‍ പ്രാബല്യത്തില്‍ വരും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പുതിയ സമയ പരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്താല്‍, മുന്‍കാല വിഹിതം ആവശ്യപ്പെടില്ല, പരിശോധനകള്‍ ഉണ്ടാകില്ല, മുന്‍കാല രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല എന്നിവയടക്കമുള്ള ഇളവുകള്‍ ലഭിക്കും.
പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇഎസ്ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തൊഴിലുടമ പരാജയപ്പെട്ടാല്‍, അത്തരം സ്ഥാപനങ്ങള്‍ക്ക് ജനുവരി 31ന് ശേഷം നിയമനടപടികളും പിഴയും നേരിടേണ്ടിവരും. നഷ്ടപരിഹാരവും പലിശയും സഹിതം മുന്‍കാല വിഹിതം അടയ്‌ക്കേണ്ടിയും വരും.
















