തിരുവനന്തപുരം: കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണമെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് ആവശ്യപ്പെട്ടു. രാവിലെ വീട്ടുജോലിക്ക് പോകുന്നവരും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും പോകുന്ന നഗരവാസികള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ജോലിക്ക് ലഭിക്കുന്ന തുച്ഛമായ വേതനം ഓട്ടോറിക്ഷകള്‍ക്ക് നല്‍കേണ്ട അവസ്ഥയിലാണ്. നഗരത്തിലെ റോഡുകളിലെ അവസ്ഥ കണക്കിലെടുത്താണ് ഇട റോഡുകളില്‍ സര്‍വീസ് നടത്തുന്നതിന് വലിപ്പം കുറഞ്ഞ ഇ ബസുകള്‍ വാങ്ങിയത്. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത് ദേശീയ പാതയിലും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ നടപ്പിലാക്കണമെന്നാണ് കോര്‍പറേഷന്‍ ആവശ്യപ്പെടുന്നത്.
24 മണിക്കൂറിനകം ബസുകള്‍ തിരികെ തരാമെന്നാണ് മന്ത്രി ഗണേഷ്‌കുമാര്‍ പറയുന്നത്. അങ്ങനെ പറയാന്‍ കാരണം ബസുകളുടെ ബാറ്ററി കാലാവധി കഴിയാറായി. പുതിയ ബാറ്ററി വയ്‌ക്കണമെങ്കില്‍ നല്ലൊരു തുക ചെലവഴിക്കേണ്ടി വരും. അതിനാല്‍ കോര്‍പറേഷന്റെ തലയില്‍ ബസുകള്‍ കെട്ടിവെച്ച് തലയൂരാന്‍ നോക്കണ്ട. ബസുകള്‍ കോര്‍പറേഷന്‍ ഏറ്റെടുത്താല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലം നല്‍കില്ലെന്നാണ് മന്ത്രി പറയുന്നത്. പാര്‍ക്ക് ചെയ്യുന്നതിന് കോര്‍പറേഷന് നിരവധി സ്ഥലങ്ങള്‍ ഉണ്ടെന്ന് വി.വി. രാജേഷ് പറഞ്ഞു. ഇ ബസുകള്‍ വിട്ടുനല്‍കി പകരം 150 ബസുകള്‍ എത്തിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. എത്തിക്കുമെന്ന് പറഞ്ഞ ബസുകള്‍ നഗരത്തിന് പുറത്ത് സര്‍വീസ് നടത്തി ഇ ബസുകള്‍ നഗരത്തില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ പോരെയെന്നും വി.വി. രാജേഷ് ചോദിച്ചു.
കെഎസ്ആര്‍ടിസി കരാര്‍ നടപ്പിലാക്കുന്നില്ലെന്ന് മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും 2024 സെപ്റ്റംബര്‍ 7ന് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നു. അതിനാല്‍ കരാര്‍ പ്രകാരം ബസുകള്‍ സര്‍വീസ് നടത്തുന്നതിനാണ് മന്ത്രി ശ്രമിക്കേണ്ടത്. സര്‍വീസ് നടത്താന്‍ തയാറായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതി തയാറാക്കി നല്‍കി പ്രത്യേക പാക്കേജ് അനുവദിപ്പിക്കും. നഗരസഭയുടെ മേല്‍നോട്ടത്തില്‍ ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടി വരുമെന്നും വി.വി. രാജേഷ് പറഞ്ഞു.
















