ഭോപ്പാൽ (31-12-2025): ട്രെയിൻ യാത്രയ്‌ക്കിടെ മറന്നു വെച്ച ഐപാഡ് തിരികെ ലഭിച്ചത് മിനിട്ടുകൾക്കകം. റെയിൽവേയുടെ സമയോചിതമായ ഇടപെടലിന്റെ അനുഭവം പങ്കുവെച്ച് യുവതി. ദക്ഷിൺ എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതിനിടെ ഐപാഡ് മറന്നുവെച്ച യുവതി റെയിൽവേയുടെ പരാതി പരിഹാര പ്ലാറ്റ്‌ഫോമായ ‘റെയിൽ മഡാഡ്’ (RailMadad) വഴിയാണ് മിനിറ്റുകൾക്കുള്ളിൽ ഐപാഡ് വീണ്ടെടുത്തത്.
ഡിസംബർ 28 -ന് ദക്ഷിൺ എക്സ്പ്രസ്സിൽ ഭോപ്പാലിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോഴാണ് തന്റെ ഐപാഡ് സീറ്റിൽ തന്നെ മറന്നുവച്ച കാര്യം അവർ തിരിച്ചറിഞ്ഞത്. ഉടൻതന്നെ റെയിൽവേയുടെ ഹെൽപ്പ് ലൈൻ പോർട്ടലായ റെയിൽ മഡാഡിൽ പരാതി രജിസ്റ്റർ ചെയ്തു. പരാതി നൽകി മിനിറ്റുകൾക്കുള്ളിൽ തന്നെ റെയിൽവേ അധികൃതരിൽ നിന്ന് യുവതിക്ക് കോൾ ലഭിച്ചു. തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF), ട്രെയിനിലെ ടി.ടി.ഇ (TTE), അടുത്ത സ്റ്റേഷനായ ഇറ്റാർസിയിലെ ജീവനക്കാർ എന്നിവർ പരസ്പരം ബന്ധപ്പെടുകയും, എത്രയും വേഗത്തിൽ തന്നെ ഐപാഡ് കണ്ടെത്തുകയും ആയിരുന്നു.
തന്റെ അനുഭവം X (ട്വിറ്റർ) ലൂടെ പങ്കുവെച്ച യുവതി, റെയിൽവേ സേവയ്‌ക്കും റെയിൽവേ മന്ത്രാലയത്തിനും നന്ദി അറിയിച്ചിട്ടുമുണ്ട്. റെയിൽവേയുടെ ഈ വേഗത്തിലുള്ള സേവനത്തെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രശംസിച്ചത്. തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും റെയിൽവേയുടെ ഹെൽപ്പ് ലൈൻ സംവിധാനം ഇപ്പോൾ വളരെ കാര്യക്ഷമമാണെന്നും പലരും കുറിപ്പിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
















