ആലപ്പുഴ: ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ തുറന്നു വിട്ട ഭൂതം സർക്കാർ ഓഫീസുകളിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തെത്തിക്കുന്നു.
15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്ര നിയമം വന്നതോടെ സംസ്ഥാനത്തെ സർക്കാരോഫീസുകളിൽ നാലായിരത്തിയഞ്ഞൂറോളം വാഹനങ്ങൾ 15 വർഷം കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിൽ മൂവായിരത്തിലധികം വാഹനങ്ങൾ 20 വർഷം കഴിഞ്ഞതിനാൽ രജിസ്ട്രേഷൻ പുതുക്കാനാകില്ല. ഇവയ്‌ക്ക് ഇൻഷുറൻസും എടുക്കാനാകില്ല. ഇവ നിരത്തിലിറക്കാതായതോടെ മൂവായിരത്തോളം ഡ്രൈവർമാരാണ് ജോലിയില്ലാതായത്. എന്നാൽ ഈ ഓടാത്ത വണ്ടികളുടെ 3,000 ഡ്രൈവർമാർ ഓഫീസുകളിൽ വെറുതെയിരിക്കുകയാണ്. ഇവയ്‌ക്ക് വെറുതേയിരിക്കാൻ സർക്കാർ പ്രതിമാസം ചെലവാക്കുന്നത് 12 കോടി രൂപയാണ്.
സർക്കാരോഫീസുകളിലെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഓട്ടം നിർത്തി ആറുമാസമായി. എന്നിട്ടും മൂവായിരത്തോളം ഡ്രൈവർമാരെ സർക്കാർ പുനർവിന്യസിച്ചിട്ടില്ല . ഇതിനാൽ സർക്കാരിനു പ്രതിമാസ നഷ്ടം 12 കോടിയിലധികം രൂപയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഈ കടുത്ത വീഴ്ച.
ഇങ്ങിനെ ജോലിയില്ലാത്ത ഡ്രൈവർമാരെ കാലാവധി കഴിയാത്ത വാഹനങ്ങളോടിക്കാൻ ഡ്രൈവറില്ലാത്തിടത്തോ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടോ ഇവരെ പുനർവിന്യസിക്കണമെന്ന് ജൂലായ് നാലിനു ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും പുനർവിന്യാസം നടപ്പായില്ല. ഒരു സീനിയർ ഡ്രൈവർക്ക് 40,000-50,000 രൂപ ശമ്പളമുണ്ട്. 40,000 രൂപ കണക്കാക്കിയാൽപ്പോലും മൂവായിരത്തോളം പേർക്ക് പ്രതിമാസം 12 കോടിയോളം രൂപയാണ് ശമ്പളമായി നൽകുന്നത്.
ഒട്ടുമില്ലാത്ത വാഹനങ്ങളിലെ ഡ്രൈവർമാർ രാവിലെയും വൈകീട്ടും പഞ്ചിങ് നടത്തി ഓഫീസിൽ വെറുതേയിരിപ്പാണ്.ഇത്രയുംപേർ തൊഴിലില്ലാതിരിക്കുമ്പോൾ പല വകുപ്പുകളിലും താത്കാലിക നിയമനം നടത്തിയിട്ടുമുണ്ട്.














