കൊച്ചി: ഭക്തിയുടെ നിറവില്‍ അന്താരാഷ്‌ട്ര മുരുകഭക്ത സംഗമം എറണാകുളത്തപ്പന്‍ ശിവക്ഷേത്ര ഹാളില്‍ നടന്നു. രാവിലെ 6 മണിക്ക് മഹാഗണപതി ഹോമത്തോടുകൂടി ആരംഭിച്ച ചടങ്ങുകളില്‍ 18 സിദ്ധന്മാരെ സങ്കല്‍പ്പിച്ചു സര്‍വരോഗ നിവാരണത്തിനായി അഷ്ടാദശ സിദ്ധപൂജ, തുടര്‍ന്ന് മഹാസ്‌കന്ദഹോമം, വിദ്യാമന്ത്രാര്‍ച്ചന എന്നിവ നടന്നു.
വിശിഷ്ടമായ മഹാശക്തിവേല്‍ പൂജയില്‍ പങ്കെടുക്കാന്‍ ഭക്തജനങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രമുഖ ആചാര്യന്മാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സമൂഹ സ്‌കന്ദഷഷ്ഠി കവച പാരായണം നടന്നു. വൈകിട്ട് കുമാരേശ്വര ക്ഷേത്രത്തില്‍നിന്നും വേല്‍ ഘോഷയാത്ര ആരംഭിച്ച് ശിവക്ഷേത്രത്തില്‍ സമാപിച്ചു. മുരുക ഭക്തിയില്‍ വേല്‍ നാവില്‍ തറച്ച് നിരവധി ഭക്തര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്ന് മുരുകഭക്തസംഗമത്തില്‍ പ്രമുഖ വ്യക്തികളെ ആദരിച്ചു. മുരുകഭക്ത സംഗമം കോര്‍ഡിനേറ്റര്‍ എസ്. ജയകൃഷ്ണന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
















