മറ്റൊരു ആതിരക്കാലം കൂടി വരവായി. തീര്‍ത്തും പവിത്രമായ പഴമയുടെ ഒരാചാരം. അതിലുപരി കാല്പനികഭാവം കലര്‍ന്ന ആത്മീയ പരിവേഷമുള്ള പകരം വയ്‌ക്കാനില്ലാത്ത സ്ത്രീകളുടെ ഉത്സവം എന്ന് തിരുവാതിരയെ വിശേഷിപ്പിക്കുന്നതാകും കൂടുതല്‍ ഉചിതം. എന്തു തന്നെ ആയാലും മഞ്ഞു ചൂടി എത്തുന്ന ധനുമാസ രാവുകളെ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റിയതിന്റെ പിന്നില്‍ ഈ ആഘോഷത്തിനുള്ള പങ്ക് വളരെ വലുതാണ്.
മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള ഒരു തിരുവാതിര ആഘോഷത്തിന്റെ മായാത്ത ഓര്‍മയില്‍ തെളിയുന്നുണ്ടാകാം, ആതിര നിലാവ് പരക്കുന്ന രാത്രിയില്‍ ഒഴുകിയെത്തുന്ന തിരുവാതിര പാട്ടിന്റെ വശ്യമായ ഈണം. ഗ്രാമത്തിലെ ഏതോ തറവാട്ടുമുറ്റത്ത് ഭദ്രദീപത്തിന് ചുറ്റും വട്ടത്തില്‍ നിന്ന് ശാലീനഭാവത്തോടെ ഈണത്തില്‍ പാടി കളിക്കുന്ന മംഗല്യവതികളായ സ്ത്രീകളും ഒപ്പം കന്യകമാരും. പകലന്തിയോളം വീട്ടുജോലിയില്‍ മുഴുകുന്ന നിരക്ഷരര്‍ ആയ അവരില്‍ പലര്‍ക്കും അപ്പോള്‍ ക്ഷീണമുണ്ടാവില്ല. പകരം നിനച്ചിരിക്കാതെ വന്നുചേരുന്ന നവോന്മേഷത്താല്‍ മുന്‍കൂട്ടി പരിശീലനം ലഭിച്ചെന്നതുപോലെ അവര്‍ എല്ലാം മറന്നു ചുവടു വയ്‌ക്കുന്നുണ്ടാകും. അവര്‍ക്കായി നീക്കിവച്ച ഒരു ദിനത്തിന്റെ പൂര്‍ണ സ്വാതന്ത്ര്യം പ്രകടമാകുന്ന മുഖഭാവത്തോടെ കുമ്മിയടിക്കുമ്പോള്‍ അറിയാതെ തന്നെ ഏതോ ആര്‍ദ്ര വികാരത്തിന് ആരും അടിമപ്പെട്ടുപോകാം.
ഐതിഹ്യങ്ങള്‍ നിരവധി. പരമശിവന്റെ പിറന്നാള്‍ എന്നും ശിവ പാര്‍വതി വിവാഹം നടന്ന ദിവസമെന്നും ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപസ്ത്രീകള്‍ കാര്‍ത്യായനി പൂജ നടത്തിയ ദിവസമാണ് തിരുവാതിര എന്നെല്ലാം വിശ്വാസങ്ങള്‍. അതെന്തായാലും ആദിപരാശക്തിയായ പാര്‍വതി ദേവിക്ക് തന്നെയാണ് അംഗനമാരുടേതായ ഈ ഉത്സവത്തില്‍ പ്രാധാന്യം.
പുലര്‍ച്ചെ കുളിച്ചു പത്തു ദിനം വ്രതം നോല്‍ക്കുകയാണ് തിരുവാതിരക്ക് പതിവെങ്കിലും തിരുവാതിര കളി തുടങ്ങുന്നത് അശ്വതി നാള്‍ മുതലാണ്. അശ്വതിയില്‍ അഹസ്സ് പകരുന്നതിന്‍ മുന്‍പ് കുളിക്കണമെന്നും ഭരണിയില്‍ പ്രകാശം പരക്കുംമുന്‍പ് കാര്‍ത്തികയില്‍ കാക്ക കരയും മുന്‍പ് രോഹിണിയില്‍ രോമം ഉണരും മുന്‍പ് മകയിരത്തില്‍ മക്കള്‍ ഉണരും മുന്‍പ് തിരുവാതിരക്ക് ഭര്‍ത്താവ് ഉണരും മുന്‍പ് തുടിച്ചു കുളിക്കണം എന്നൊക്കെ പഴമൊഴി. മകയിരം നോമ്പ് മക്കളുടെ നന്മക്കും തിരുവാതിര നോയമ്പ് ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ഉയര്‍ച്ചക്കും വേണ്ടിയാണ് എന്നതും വിശ്വാസം. മകയിരം നാള്‍ വൈകിട്ട് വിവിധ കിഴങ്ങു വര്‍ഗ്ഗങ്ങള്‍ ചുട്ടെടുത്തുള്ള എട്ടങ്ങാടി നിവേദ്യവും തിരുവാതിരയുടെ അന്ന് തയ്യാറാക്കുന്ന തിരുവാതിര പുഴുക്കും ആചാര മെന്നതിനപ്പുറം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഉപാധി കൂടിയാണ്.
തിരുവാതിര നാളില്‍ പാതിരാ കഴിയുന്നതോടെ കൊടിവിളക്കും അഷ്ടമംഗല്യവും കിണ്ടിയില്‍ വെള്ളവുമായി ആര്‍പ്പും കുരവയുമായി പാതിരാപ്പൂ ചൂടാന്‍ പോകുന്ന ചടങ്ങും ഏറെ വിശേഷപ്പെട്ടതാണ്.അര്‍ദ്ധ രാത്രിയില്‍ തിരുവാതിര നക്ഷത്രം ഉദിച്ചുകഴിഞ്ഞാല്‍ മുന്നേകൂട്ടി ശേഖരിച്ചുവച്ചിരിക്കുന്ന ദശപുഷ്പം ചൂടി വരികയാണ് പതിവ്. തിരുവാതിരയുടെ ഏറ്റവും മനോഹരമായ ഒരു കാല്പനിക സങ്കല്‍പം കൂടിയാണ് ഈ ചടങ്ങ്.
സൂക്ഷ്മമായി നിരീക്ഷണം ചെയ്താല്‍ മലയാളിയുടെ ഏതൊരു ആഘോഷത്തിന്റെയും പിന്നില്‍ കൃഷി, പരിസ്ഥിതി പ്രാധാന്യം കണ്ടെത്താനാകും. തിരുവാതിരയുടെ സ്ഥിതിയും വിഭിന്നമല്ല. വേനല്‍ക്കാലാരംഭത്തില്‍ പഴയകാലത്ത് സമൃദ്ധമായി വിളവെടുത്തിരുന്ന കിഴങ്ങുവര്‍ഗങ്ങളായ ചേന, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, മധുരകിഴങ്ങ്, ചെറുകിഴങ്ങ് കൂടാതെ പയര്‍, ഏത്തക്ക, കടല, ചെറുപയര്‍, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, വന്‍പയര്‍ എന്നിവയൊക്കെ എട്ടങ്ങാടിയിലെയും പ്രദേശികമായി കിട്ടുന്ന കിഴങ്ങു വര്‍ഗ്ഗങ്ങള്‍ തിരുവാതിര പുഴുക്കിലെയും മുഖ്യചേരുവകള്‍ ആണ്. അതുപോലെ കൂവയും ഇളനീരും പഴവും, വെറ്റിലയും തിരുവാതിര ചടങ്ങിന് ഉപയോഗിച്ച് വരുന്നവയാണ്. വളരെ ഏറെ ഔഷധഗുണം നിറഞ്ഞ ദശപുഷ്പങ്ങളില്‍പ്പെടുന്ന മുക്കുറ്റി, കറുക, വിഷ്ണുക്രാന്തി, നിലപ്പന, കയ്യൊന്നി, തിരുതാളി, വള്ളി ഉഴിഞ്ഞ, പൂവാം കുറുന്നില, മുയല്‍ചെവിയന്‍, ചെറൂള എന്നീ പത്തു ചെടികള്‍ പാതിരാപ്പൂ ചൂടലിന് ഒഴിച്ചു കൂടാനാവാത്തവയാണ്. പ്രകൃതിയില്‍ തനതായ ആവാസ വ്യവസ്ഥയില്‍ മാത്രം കണ്ടുവരുന്ന ഔഷധ ഗുണമുള്ള ഈ ചെടികള്‍ പല വിധത്തിലും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഉപകരിക്കുന്നവയാണ്. ധനുമാസത്തിലെ ആതിരക്കുളിരും പാലപ്പൂവിന്റെ വശ്യഗന്ധവും നിലാവും അനുഭവസാക്ഷ്യമാകണമെങ്കിലും അനുയോജ്യമായ കാലാവസ്ഥ വേണമെന്നതും മറ്റൊരു യാഥാര്‍ഥ്യം. അതായത് തീര്‍ത്തും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലേ തിരുവാതിര ആഘോഷത്തിന് അതിന്റേതായ പൂര്‍ണത കൈവരുകയുള്ളു എന്നര്‍ഥം.
കവികള്‍ക്കും ഗാനരചയിതാക്കള്‍ക്കും തിരുവാതിര എന്നത് ഏതു പ്രതിസന്ധികളുടെ തിരതള്ളലിലും ജീവിക്കാന്‍ പ്രേരകമാവുന്ന ചില തരളിത ഭാവങ്ങള്‍ സമ്മാനിക്കുന്ന ഒന്നാണ്. അസുഖത്തിന്റെ കാഠിന്യത്തിലും വിരുന്നെത്തുന്ന തിരുവാതിരയിലൂടെ ജീവിത സാഫല്യം കണ്ടെത്തുന്നതിനും താംബൂലപ്രിയയായ തിരുവാതിര നാളില്‍ ഒരു വെറ്റില നൂറു തേച്ചു നീ തന്നാലും എന്ന് പ്രിയ സഖിയോട് പറയാനും ഒന്നുമുറുക്കി മക്കളെ ഇരുപുറമിരുത്തി ഊഞ്ഞാലാടി മതിയാകാതെ സ്വര്‍ഗത്തിലേക്കായാലും പോകാന്‍ മടിക്കുന്ന മുത്തിയെ വരികളിലൂടെ ചിത്രീകരിക്കാനും കവികളെ പ്രേരിപ്പിച്ചതിന്റെ കാരണവും ഒരുപക്ഷേ ഇതാവാം. നമ്മുടെ ഗാനരചയിതാക്കളില്‍ അധികം പേരും ആതിര വര്‍ണ്ണനകള്‍ പൂത്തു നില്‍ക്കുന്ന പാട്ടിന്റെ വേറിട്ട വഴിയോരങ്ങള്‍ മെനഞ്ഞെടുത്തവരാണ്.
മലയാളത്തിന്റെ മഹാനായ സഞ്ചാര സാഹിത്യകാരന്‍ ഒരു ദേശത്തിന്റെ കഥയില്‍ ആതിര രാവുകളെ വരവേല്‍ക്കാന്‍ അതിരാണിപ്പാടം ഒരുങ്ങുന്ന വിശേഷങ്ങള്‍ പങ്കു വെക്കുന്നത് ഏറെ പകിട്ടോടെ ആണ്. ‘സ്‌നാനം കഴിഞ്ഞു നെറ്റിയില്‍ മാരതൂണീര മുദ്ര പോലെയുള്ള മഞ്ഞക്കുറി ചാര്‍ത്തിയ പെണ്‍കിടാങ്ങളെ കാണാം. നോമ്പ് കാലത്ത് അവര്‍ കായ്‌കനികള്‍ മാത്രം ഭക്ഷിക്കുന്ന കിളികള്‍ ആണ്.’ മനസ്സില്‍ ചിന്തകളുടെ വിഷാദ മുണര്‍ത്തുന്ന അതിലെ മറ്റൊരു വാചകം ഇങ്ങനെ ആണ്.
വന്നണയുന്ന ഓരോ തിരുവാതിരയിലും മദനാപദാനങ്ങളെ പ്രകീര്‍ത്തിക്കുന്ന മധുര ഗാനങ്ങള്‍ക്കിടയില്‍ വിരഹിണികളുടെ തേങ്ങല്‍ പോലെ ഊഞ്ഞാലിന്റെ കരച്ചില്‍ കേള്‍ക്കാം.
വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഭ്രമിച്ചു നില്‍ക്കുന്ന ഈ കാലത്ത് തിരുവാതിര പോലുള്ള ആചാരങ്ങള്‍ക്ക് എന്തു പ്രസക്തി എന്ന് ചിന്തിച്ചു പോകാം. തേടിപ്പോകാന്‍ ദശപുഷ്പവും, ഊഞ്ഞാലിടാന്‍ പഴയകാല തൊടിയിലെ മരങ്ങളുമില്ലാതെ ആള്‍ പെരുമാറ്റമുള്ള തറവാടുകളും ഇല്ലാത്ത വര്‍ത്തമാനകാലത്ത് പഴമയുടേതായ ഈ ആചാരം എങ്ങനെ നിലനിര്‍ത്താന്‍ എന്ന സംശയവും സ്വാഭാവികം. അപ്പോഴും നിഷേധിക്കാനാവാത്ത ഒന്നുണ്ട്. ഐശ്വര്യ പൂര്‍ണമായ കുടുംബജീവിതത്തിനുവേണ്ടിയാണു പോയ തലമുറ തിരുവാതിര വ്രതം ചിട്ടയോടെ നോറ്റു വന്നിരുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെതായ ഈ കാലഘട്ടത്തിലും വര്‍ദ്ധിച്ചു വരുന്ന കുടുംബ കലഹങ്ങളും ആയുസ്സില്ലാത്ത വിവാഹ ബന്ധങ്ങളും കൂടിക്കൂടി വരുമ്പോള്‍ ചിന്തിക്കാവുന്നതേ ഉള്ളൂ..
പഴയ കാലത്ത് ഏതോ ഐതിഹ്യത്തിന്റെ പിന്‍ബലത്തോടെ ആണെങ്കില്‍ കൂടി നിര്‍ബന്ധമായി ആചരിച്ച് വന്ന, സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കല്പത്തില്‍ അധിഷ്ഠിതമായ ഈ ഉത്സവത്തിന്റെ ഉദ്ദേശ്യം കുടുംബഭദ്രത തന്നെ ആയിരുന്നു. ഐശ്വര്യ പൂര്‍ണമായ കുടുംബജീവിതം സ്ത്രീയുടെ കൂടി കടമയാണ് എന്ന സങ്കല്പത്തില്‍ അടിമത്തമനോഭാവം ഉണ്ടാകാനിടയില്ല. പകരം നാരികള്‍ പൂജിക്കപ്പെടേണ്ടവര്‍ ആണ് എന്നു തന്നെയാകും പൂര്‍വികര്‍ ചിന്തിച്ചിട്ടുണ്ടാവുക. സ്ത്രീയുടെ മാനസ്സികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണവും ആര്‍ദ്രാവ്രതത്തില്‍ക്കൂടി സാധ്യമായിരുന്നു.
കേവലാഹ്ലാദത്തിന്റെ പാരമ്യത്തില്‍ അവസാനിക്കുന്ന മിക്ക ആഘോഷങ്ങളില്‍ നിന്നും വിഭിന്നമാണ് സ്ത്രീത്വത്തിന്റെ ഉണര്‍ത്തു പാട്ടെന്ന് വിശേഷിപ്പിക്കാവുന്ന തിരുവാതിര. കുടുംബത്തിനുവേണ്ടി എന്തും സഹിക്കാന്‍ തയ്യാറാണെന്ന സ്ത്രീകളുടേതായ ആചാരത്തില്‍ അധിഷ്ഠിതമായ സ്വമേധയാ ഉള്ള ഉടമ്പടി കൂടിയാണത്.
ജീവിതത്തിന് നിറം പകരാന്‍ സഹായകരമാവുന്നത് പലപ്പോഴും സമ്പത്തും സൗകര്യങ്ങളുമല്ല.. പകരം ചില ആര്‍ദ്ര വികാരങ്ങളാണ്. അതിന് തിരുവാതിര പോലുള്ള ആചാരങ്ങള്‍ ഒരു നിമിത്തവുമാണ്..ഓരോ തിരുവാതിരക്കാലവും ഒരു പ്രതീക്ഷയുടെ അടയാളം കൂടിയാണ്.. പാതിരാപ്പൂ ചൂടാന്‍ ഇനിയും ഒരു ആതിര ബാക്കിയാണ് എന്ന ജീവിത പ്രേരണ നല്‍കുന്ന പ്രതീക്ഷ.
അതേ.. ജീവിതം പലര്‍ക്കും പലതാണ്.. സ്‌നേഹവും വാത്സല്യവും കരുതലും പങ്കുവയ്‌ക്കാന്‍ ഭര്‍ത്താവും മക്കളും അരികില്‍ ഉണ്ടാകണമെന്നതും ഒരു ശരാശരി സ്ത്രീയുടെ അനിവാര്യമായ മോഹ മായിരിക്കുന്നിടത്തോളം കാലം തിരുവാതിര എന്നത് ഒരു അനുഭൂതിയും അതിനുമപ്പുറം ഒരനുഭവവും ആകാം.. എന്തായാലും ജീവിതത്തിന്റെ ലാസ്യഭാവം നിറഞ്ഞാടുന്ന ആ മനോഹര നൃത്തത്തെ ഇങ്ങനെ കൂടി വിശേഷിപ്പിക്കട്ടേ… ഏതു നിസ്സഹായ അവസ്ഥയിലും ജീവിതത്തളിര്‍ ചൂടാന്‍ പ്രേരിപ്പിക്കുന്ന ആര്‍ദ്രമായ ഏതോ സ്വപ്‌നത്തിന്റെ പകര്‍ന്നാട്ടം..!














