കോട്ടയം: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെട്ടതില്‍ പ്രകോപിതരായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന. ഇങ്ങോട്ടും മര്യാദയാകാമെന്നും അവര്‍ പറഞ്ഞു. പുതിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യവെയാണ് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പൊതുജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും അഴിമതി രഹിതമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടത്. പുതിയതായി ചുമതലയേല്‍ക്കുന്നവര്‍ തുടക്കത്തില്‍ ഓഫീസ് നിര്‍വഹണ ജോലികളില്‍ പ്രാവീണ്യം നേടണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതൊക്കെയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനയെ പ്രകോപിപ്പിച്ചത്. അവരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ മന്ത്രിയുടെ നിര്‍ദേശത്തിനെതിരെ രൂക്ഷമായാണ് സംഘടന പ്രതികരിച്ചത്. ചില മാധ്യമങ്ങളില്‍ ഇതു വാര്‍ത്തയാക്കാനും സംഘടന മുന്‍കൈയെടുത്തു.
മറ്റു പല സര്‍ക്കാര്‍ വകുപ്പുകളും ഏറെക്കുറെ അഴിമതി മുക്തമായെങ്കിലും ആര്‍ടി ഓഫീസുകള്‍ ഇപ്പൊഴും കൈക്കൂലിയുടെ കൂത്തരങ്ങാണ്. അനധികൃത ഏജന്‌റുമാരെ ഉപയോഗിച്ചാണ് ഇക്കൂട്ടര്‍ കൈക്കൂലി വാങ്ങുന്നത്. വാഹനമുടമകളെ ഭയപ്പെടുത്തിയും മുഷിപ്പിച്ചും ഓഫീസില്‍ നിന്ന് അകറ്റുകയാണ് ഇവരുടെ തന്ത്രം. ഇതോടെ പാവപ്പെട്ട ഓട്ടോ ഡ്രൈവര്‍മാരും മറ്റും ഏജന്‌റുമാരുടെ സഹായം തേടും. വിവിധ ഫീസുകള്‍ക്കൊപ്പം പല പേരുപറഞ്ഞ് കൈക്കൂലിയും ഇവര്‍ സമാഹരിച്ച് എത്തിക്കുകയാണ് പതിവ്.











