തിരുവനന്തപുരം: 2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ കൗമാരക്കാരെ സ്ഥാനാര്‍ത്ഥികളാക്കിയ ജോണ്‍ ബ്രിട്ടാസിന്റെ പരീക്ഷണത്തിന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്യാ രാജേന്ദ്രനെ മേയറാക്കിക്കൊണ്ടുള്ള പരീക്ഷണം. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ എട്ടും പൊട്ടും തിരിയാത്ത കൗമാരക്കാരെ സ്ഥാനാര്‍ത്ഥികളാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തലമുറമാറ്റം കൊണ്ടുവരിക എന്ന ആശയം സിപിഎമ്മില്‍ വെച്ചത് ജോണ്‍ ബ്രിട്ടാസായിരുന്നു. എന്നാല്‍ ആ പരീക്ഷണമാണ് 2025ല്‍ സിപിഎമ്മിന് തിരിച്ചടിയായത്. എന്നാല്‍ ബിജെപി തിരുവനന്തപുരം കോര്‍പറേഷനില്‍ പരിചയസമ്പന്നതയ്‌ക്കാണ് പ്രാമുഖ്യം നല്‍കിയത്. മേയര്‍ വിവി രാജേഷും ഡപ്യൂട്ടി മേയര്‍ ആശാനാഥും കോര്‍പറേഷനില്‍ പല തവണ കൗണ്‍സിലറായുള്ള അനുഭവമുള്ളവരാണ്.
2020ല്‍ കോളെജ് വിദ്യാര്‍ത്ഥികളും മറ്റും ആയ കൗമാരക്കാരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ വലിയ ആവേശമായിരുന്നു. അക്കൂട്ടത്തില്‍ ജയിച്ചു വന്നതാണ് ആര്യാരാജേന്ദ്രനും മറ്റും. പരിചയസമ്പന്നരെ മാറ്റി നിര്‍ത്തി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാക്കിയത് ഏറ്റവും വലിയ അബദ്ധമായി. കോര്‍പറേഷനില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയമില്ലാത്ത ഒരാളെ മേയറാക്കിയത് ഒരു പാട് കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തി. അധികാരത്തിന്റെ മത്ത് പിടിച്ച് ആര്യാരാജേന്ദ്രന്‍ കാട്ടിക്കൂട്ടിയ ഒരു പിടി അനുഭവങ്ങള്‍ തിരുവനന്തപുരത്തുകാര്‍ക്ക് മറക്കാവുന്നതല്ല. ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇഷ്ടിക കൊണ്ടുവന്നതിനും അത് കൊണ്ടുപോയതിനും കോര്‍പറേഷന് വന്ന ലക്ഷങ്ങളുടെ ബില്ലും ആരും മറക്കില്ല.
ആര്യാരാജേന്ദ്രന്‍ മാത്രമല്ല, ഇതുപോലെ പഞ്ചായത്ത് പ്രസിഡന്‍റുമാരും ജില്ലാ കൗണ്‍സില്‍ പ്രസിഡന്‍റുമാരും ആയ നിരവധി കൗമാരക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ നിറയ അബദ്ധങ്ങളുണ്ടായി. അതാണ് 2025ല്‍ സിപിഎമ്മിന്റെ കൂട്ടത്തോല്‍വിക്ക് കാരണമായത്.
















