ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ എയർലൈൻസ് വിറ്റു. ഇസ്ലാമാബാദിൽ നടന്ന മത്സരാധിഷ്ഠിത ലേലത്തിൽ 4,300 കോടി പാകിസ്ഥാൻ രൂപയ്‌ക്കായിരുന്നു വിൽപ്പന. നിക്ഷേപ സ്ഥാപനമായ ആരിഫ് ഹബീബ് ഗ്രൂപ്പാണ് വിമാനക്കമ്പനി സ്വന്തമാക്കിയത്.
ലക്കി സിമന്റ്, സ്വകാര്യ എയർലൈനായ എയർബ്ലൂ, ആരിഫ് ഹബീബ് എന്നിവരാണ് ലേലത്തിൽ പങ്കെടുത്തത്. പിഐഎയുടെ 75 ശതമാനം ഓഹരികളാണ് നിലവിൽ വിറ്റഴിച്ചത്. ബാക്കിയുള്ള 25 ശതമാനം ഓഹരികൾ കൂടി വാങ്ങാൻ ആരിഫ് ഗ്രൂപ്പിന് 90 ദിവസത്തെ സമയം ലഭിക്കും
മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ എയർലൈൻ വിറ്റൊഴിവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ മോശം മാനേജ്മെന്റ്, പഴഞ്ചൻ വിമാനങ്ങൾ നിലവാരമില്ലാത്ത ജീവനക്കാർ എന്നിവ കാരണം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങളുടെ ഭാഗമാണ് വിൽപ്പനയെന്നാണ് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ പറയുന്നത്.
ആഗോള തലത്തിൽ ഏറ്റവും ദുഷ്പേരുള്ള വിമാന കമ്പനിയാണ് പിഐഎ. ഈ വർഷമാ ദ്യം, പാകിസ്ഥാൻ എയർലൈൻസ് 9/11 വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തെ ഓർമ്മിപ്പിക്കുന്ന പരസ്യം പുറത്തിറക്കിയത് വലിയ വിവാദമായിരുന്നു. ഈഫൽ ടവറിലേക്ക് പറക്കുന്ന ഒരു പിഐഎ വിമാനമായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്.
യൂറോപ്പിൽ പിഐഎയെ ഉയർന്ന അപകടസാധ്യതയുള്ള എയർലൈൻ എന്നാണ് വിശേഷിപ്പിക്കുന്നത്. 2017-ൽ വിമാന അപകടത്തെ തുടർന്ന് നിർഭാഗ്യം ഒഴിവാക്കാൻ ജീവനക്കാർ ആടിനെ ബലി നൽകിയതിയത് വലിയ വാർത്തയായിരുന്നു.














