ന്യൂദല്‍ഹി: ചൈനീസ് വിസ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരത്തിനു ദല്‍ഹി റോസ് അവന്യൂ കോടതി കുറ്റപത്രം നല്കി. കൈക്കൂലി, കുറ്റകരമായ ഗൂഢാലോചന എന്നിവയാണ് ചുമത്തിയത്.
കാര്‍ത്തിക്കു പുറമേ ആറു പേര്‍ക്കും പ്രത്യേക ജഡ്ജി ദ്വിഗ്‌വിനയ് സിങ് കുറ്റപത്രം നല്കിയിട്ടുണ്ട്.
വിരാള്‍ മേത്ത, അനൂപ് അഗര്‍വാള്‍, മന്‍സൂര്‍ സിദ്ദിഖി, എസ്. ഭാസ്‌കര രാമന്‍ എന്നിവര്‍ക്കും രണ്ടു കമ്പനികള്‍ക്കും കുറ്റപത്രം ലഭിച്ചു. ചേതന്‍ ശ്രീവാസ്തവയെന്നയാളെ കോടതി കേസില്‍ നിന്ന് ഒഴിവാക്കി.
250 ചൈനക്കാര്‍ക്ക് അനധികൃതമായി വിസ ലഭ്യമാക്കാന്‍ തല്‍വണ്ടി സാബോ പവര്‍ ലിമിറ്റഡ് എന്ന കമ്പനി, ബെല്‍ ടൂള്‍സ് എന്ന കമ്പനി വഴി, കാര്‍ത്തിക്ക് 50 ലക്ഷം രൂപ നല്കിയെന്നും കാര്‍ത്തിയുടെ വലംകൈ എസ്. ഭാസ്‌കര രാമന്‍ വശമാണ് പണം നല്കിയതെന്നുമാണ് സിബിഐ കണ്ടെത്തല്‍.
2024 ഒക്‌ടോബറിലാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കേ 2011 ലാണ് കുറ്റകൃത്യം നടന്നത്. തല്‍വണ്ടി പവര്‍ കമ്പനിക്ക് സാങ്കേതിക കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഒരു ചൈനീസ് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്കായാണ് വളഞ്ഞ വഴിയില്‍ വിസ സംഘടിപ്പിച്ചത്. ഇതിനാണ് കാര്‍ത്തി 50 ലക്ഷം വാങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്.












