കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയവും സുരക്ഷയും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനുള്ള റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ പരിശോധനയുടെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഇന്നലെ മുതല്‍ 12 ദിവസത്തെ വിപുലമായ പരിശോധനക്ക് ഇതോടെ തുടക്കമായി. ഫ്രാന്‍സില്‍ നിന്നുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗം പരിശോധിക്കുന്നത്. 1200 അടി നീളമുള്ള അണക്കെട്ടിനെ വിവിധ ഘട്ടങ്ങളായി തിരിച്ചാണ് പരിശോധന. അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് പ്രാഥമിക പരിശോധന നടത്തും. ഇതിനുശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് സൂക്ഷ്മ പരിശോധന നടത്തും. അവസാന ഘട്ടത്തില്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമുള്ള ചെറിയ ഭാഗങ്ങളായി തിരിച്ച് അതീവ സൂക്ഷ്മതയോടെ ചിത്രങ്ങള്‍ പകര്‍ത്തും.
2011 മാര്‍ച്ചില്‍ ഇത്തരമൊരു പരിശോധനയ്‌ക്ക് സംസ്ഥാനം ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക തകരാര്‍ മൂലം അത് മുടങ്ങുകയായിരുന്നു. മുമ്പ് നടത്തിയ പഠനങ്ങളില്‍ അണക്കെട്ടിന്റെ ഭിത്തിയിലെ പ്ലാസ്റ്ററിങ്ങ് ഇളകിയതായും നിര്‍മാണത്തിന് ഉപയോഗിച്ച സുര്‍ക്കി മിശ്രിതം ഒലിച്ചുപോയി കരിങ്കല്ലുകള്‍ തെളിഞ്ഞതായും കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായിരുന്നില്ല. കഴിഞ്ഞ നവംബറില്‍ ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനത്തിനുശേഷം മധുരയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട് ഇപ്പോള്‍ പരിശോധനക്ക് തയ്യാറായത്. ദല്‍ഹിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരായ പി. സെന്തില്‍, സി. വിജയ്, ഡോ. ജോയ് ലിംഗസാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാര്‍ ശര്‍മ്മ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
















