കൊച്ചി: കൊച്ചി നഗരസഭയിലേക്ക് ഡിസംബര്‍ 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. അതേസമയം ലത്തീന്‍ സമുദായ നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ദീപ്തി മേരി വര്‍ഗീസ് കെപിസിസി അധ്യക്ഷന് പരാതി നല്‍കി. എല്ലാത്തരം പരിഗണനകള്‍ക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വര്‍ഗീസിന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
കോര്‍ കമ്മിറ്റി കൂടി തീരുമാനിക്കുമെന്നാണ് കെ.പി.സി.സി അറിയിച്ചിരുന്നതെന്ന് മേയറാകുമെന്ന് കരുതപ്പെട്ടിരുന്ന ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. കെ.പി.സി.സി നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍കോര്‍ കമ്മറ്റി കൂടിയിട്ടില്ല. തന്നെ പരിഗണിക്കാത്തതിന്റെ കാരണം അറിയില്ല. മറുപടി പറയേണ്ടത് ചുമതലയുള്ളവരെന്നും അവര്‍ പറഞ്ഞു. കെപിസിസി സര്‍ക്കുലര്‍ തെറ്റിച്ചാണ് മേയറെ തെരഞ്ഞെടുത്തതെന്നാണ് ദീപ്തിയുടെ ആരോപണം.
















