കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ നൽകിയ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പത്താം പ്രതിയാണ് ഗോവർധൻ.
ബെല്ലാരിയിലെ തന്റെ സ്വർണക്കടയിൽ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണക്കട്ടികൾ കസ്റ്റഡിയിലെടുത്തതെന്നും ഈ സ്വർണത്തിന് ശബരിമല സ്വർണവുമായി ബന്ധമില്ലെന്നും ഗോവർധൻ ഹർജിയിൽ പറയുന്നു.
തനിക്ക് സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുൻപ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വർണം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡിഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലക്ക് സംഭാവന നൽകി. ആകെ ഒന്നരക്കോടിയിൽ അധികം രൂപ ശബരിമലക്ക് നൽകിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കിൽ ഇത്രയും തുക സംഭാവന നൽകില്ലായിരുന്നുവെന്നും ഹർജിക്കാരൻ പറയുന്നു.
















