ന്യൂദല്‍ഹി: ഉപരിപഠനത്തിനായി റഷ്യയിലെത്തിയ ഭാരതീയ വിദ്യാര്‍ത്ഥി ഉക്രൈന്‍ സൈന്യത്തിന്റെ പിടിയില്‍. ഗുജറാത്തിലെ മോര്‍ബി സ്വദേശി സാഹില്‍ മുഹമ്മദ് ഹുസൈന്‍ മജോതി (22) ആണ് യുദ്ധമുഖത്ത് കുടുങ്ങിയത്. താന്‍ ചതിക്കപ്പെട്ടതാണെന്ന് വെളിപ്പെടുത്തി സാഹില്‍ തന്നെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് സംഭവം ലോകമറിയുന്നത്. വിദ്യാര്‍ത്ഥി വിസയില്‍ റഷ്യയിലെത്തിയ തന്നെ ഒരു വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കി ഭീഷണിപ്പെടുത്തി സൈനിക കരാറില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് സാഹില്‍ വീഡിയോയില്‍ ആരോപിക്കുന്നു.
റഷ്യക്കാര്‍ തന്നെ യുദ്ധമുഖത്തേക്ക് അയക്കുകയായിരുന്നുവെന്നും പിന്നീട് താന്‍ ഉക്രൈന്‍ സൈന്യത്തിനുമുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്നും സാഹില്‍ പറയുന്നു.
സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ട്. സാഹിലിന്റെ സുരക്ഷയും മോചനവും ഉറപ്പാക്കുന്നതിനായി ഉക്രൈന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
സാഹിലിന്റെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിച്ച ദല്‍ഹി ഹൈക്കോടതി അദ്ദേഹത്തെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.












