തിരുവനന്തപുരം: ഞാൻ യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കി വിഷ്ണുപുരം ചന്ദ്രശേഖരൻ. ഇതുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ല. യുഡി എഫിൽ ചേരാൻ കത്തും നൽകിയിട്ടില്ല. കത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അത് പുറത്തു വിടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗം പിവി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനേയും സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി, വിഷ്ണുപുരം ചന്ദ്രശേഖര്‍ നയിക്കുന്ന കാമരാജ് കോണ്‍ഗ്രസ് എന്നിവരെ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം യോഗ ശേഷം സതീശന്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തു.
ജാനുവിന്റെ പാര്‍ട്ടിയും വിഷ്ണുപുരം ചന്ദ്രശേഖരന്റേയും പാര്‍ട്ടി നിലവില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു. യുഡിഎഫില്‍ ചേരണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എന്ന് പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ വാർത്താസമ്മേളനം വിളിച്ചത്.
വാർത്ത കണ്ടത് മാധ്യമങ്ങളിലൂടെയാണ്. ഞാൻ എൻഡിഎ വൈസ് ചെയർമാനാണ്, 14 വയസ് മുതൽ ഇപ്പോഴും സ്വയം സേവകനാണ്. അതൃപ്തികൾ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിഹരിച്ചുവെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാമരാജ് കോൺഗ്രസും VSDP യും രണ്ടാണ് അപേക്ഷ ഉണ്ടെങ്കിൽ വി ഡി സതീശൻ പുറത്ത് വിടണം.
ഈ വിഷയത്തിൽ UDF നേതാക്കളുമായി ചർച്ച ചെയ്തിട്ടില്ല. രമേശ് ചെന്നിത്തല, തിരുവഞ്ചൂർ, വിഡി സതീശൻ എന്നിവർ എന്നോട് തൃപ്തനാണോ എന്ന് ചോദിച്ചു. തൃപ്തനല്ല എന്ന് പറഞ്ഞിരുന്നു, അത് ഇടത് പക്ഷ നേതാക്കളോടും പറഞ്ഞിരുന്നു. അപേക്ഷ തന്നു എന്നാണ് വിഡി സതീശൻ പറഞ്ഞത്. കത്ത് ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ. പത്ത് വർഷം മുൻപ് മുന്നണിയിൽ എടുക്കാമെന്ന് പറഞ്ഞ് ബെന്നി ബഹനാൻ കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















