ന്യൂദൽഹി: ഒമാനിൽ ജനസംഖ്യയുടെ 5.5% ആളുകൾ ആചരിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ മത സാമൂഹമാണ് ഹിന്ദുക്കൾ. ഒമാനിൽ ഹിന്ദുകൾ എത്തിയതിന്റെ ചരിത്രം തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി മുത്തുകളും ധാന്യങ്ങളും ഉൾപ്പെടെ വിവിധ വ്യാപാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഹിന്ദു വ്യാപാരികളെ മസ്‌കറ്റ് എറെ ആകർഷിച്ചിരുന്നു.
തുടക്കത്തിൽ ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്നുള്ള ഹിന്ദുക്കൾ 1507-ൽ മസ്‌കറ്റിൽ എത്തിയപ്പോഴാണ് ഹിന്ദുമതം ആദ്യമായി ഒമാനിൽ എത്തിയത്. ഒമാനിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്കിന് ഇത് തുടക്കമിട്ടു. ഇന്ന് ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ മോതീശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നതും
ഒമാനിലാണ്.
ഒമാനിൽ ഏകദേശം 5.5 ശതമാനം ഹിന്ദു ജനസംഖ്യയുണ്ട്. വിക്കിപീഡിയ പ്രകാരം പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒമാനിൽ കുറഞ്ഞത് 4,000 ഹിന്ദുക്കളെങ്കിലും ഉണ്ടായിരുന്നു. 1895-ൽ മസ്കറ്റിലെ ഹിന്ദുക്കളെ ഇബാദി മുസ്ലീങ്ങൾ ആക്രമിച്ചു, തുടർന്ന് 1900 ആയപ്പോഴേക്കും ഹിന്ദുക്കളുടെ എണ്ണം 300 ആയി കുറഞ്ഞു. പിന്നീട് ഒമാൻ സ്വാതന്ത്ര്യം നേടിയ സമയത്ത് ഏതാനും ഡസൻ ഹിന്ദുക്കൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അൽ-വാൽജത്ത്, അൽ-ബുനിയാൻ എന്നീ ചരിത്ര പ്രദേശങ്ങളിൽ നേരത്തെ ഇക്കൂട്ടർ തങ്ങിയിരുന്നു.
ഇപ്പോൾ മിഡിൽ ഈസ്റ്റിലെ തദ്ദേശീയ ഹിന്ദു ജനസംഖ്യയുള്ള ഏക രാജ്യം ഒമാൻ ആണ്. ഒമാനിൽ കുറഞ്ഞത് 1,000 ഹിന്ദുക്കളെങ്കിലും ഒമാനിയൻ പൗരത്വം ഇതിനോടകം കൈവശപ്പെടുത്തിയിട്ടുണ്ട്. യുഎസ് അന്വേഷണ ഏജൻസിയായ സിഐഎയുടെ കണക്കനുസരിച്ച്, ഒമാനിൽ 259,780 ഹിന്ദുക്കളുണ്ട്, ഇത് ജനസംഖ്യയുടെ 5.5% ആണ്. ഒമാനിലെ മൊത്തം ജനസംഖ്യ ഏകദേശം 5.5 ദശലക്ഷമാണ്. ജനസംഖ്യയുടെ 85 മുതൽ 95 ശതമാനം വരെ മുസ്ലീങ്ങളാണ്. അവരിൽ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്.
ക്ഷേത്രങ്ങളെ കുറിച്ച് പറയുമ്പോൾ ഒമാനിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട രണ്ട് ഹിന്ദു ക്ഷേത്രങ്ങളുണ്ട്. മസ്കറ്റിലെ മോതീശ്വർ ക്ഷേത്രം ഒരു ശിവക്ഷേത്രമാണ്, മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. മറ്റൊന്ന് മസ്കറ്റിൽ സ്ഥിതി ചെയ്യുന്ന കൃഷ്ണ ക്ഷേത്രമാണ്. 2018 ഫെബ്രുവരി 12 ന് ഒമാനിലേക്കുള്ള തന്റെ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ശിവ ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിൽ ഒരു സമർപ്പണ ചടങ്ങ് നടത്തുകയും ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.
മഹാശിവരാത്രിയിലാണ് ഏറ്റവും വലിയ ജനക്കൂട്ടം
ഒമാനിലെ പഴയ മസ്കറ്റിലെ മത്ര പ്രദേശത്തെ അൽ ആലം കൊട്ടാരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്ര സമുച്ചയമാണ് മോതീശ്വർ ക്ഷേത്രം. വസന്ത പഞ്ചമി, രാമനവമി, ഹനുമാൻ ജയന്തി, ശ്രാവണ, ഗണേശ ചതുർത്ഥി എന്നിവയുൾപ്പെടെ നിരവധി ഹിന്ദു ഉത്സവങ്ങൾ ക്ഷേത്രത്തിൽ ആഘോഷിക്കപ്പെടുന്നു. മഹാശിവരാത്രി സമയത്ത് 20,000-ത്തിലധികം ഹിന്ദുക്കൾ ക്ഷേത്രം സന്ദർശിക്കുന്നു.
ഈ ഹിന്ദു ക്ഷേത്രം ആരാണ് പണിതത് ?
1909-ൽ ഒമാനിലെ തട്ടയിൽ നിന്നുള്ള ഭാട്ടിയ സമൂഹമാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു (സിന്ധ്, പാകിസ്ഥാൻ). പാകിസ്ഥാനിലെ സിന്ധിൽ നിന്നുള്ള ഭാട്ടിയ സമൂഹം 1507-ൽ ആദ്യമായി മസ്കറ്റിൽ സ്ഥിരതാമസമാക്കി. ഗൾഫ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം 125 വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ നിന്നുള്ള ഒരു വ്യാപാരി സമൂഹം ഇത് നിർമ്മിച്ചു. പിന്നീട് 1999-ൽ പുതുക്കിപ്പണിതുവെന്നാണ്.
മോതീശ്വർ ക്ഷേത്ര സമുച്ചയത്തിൽ മൂന്ന് ക്ഷേത്രങ്ങളുണ്ട്
ഈ സമുച്ചയത്തിൽ മൂന്ന് ക്ഷേത്രങ്ങളുണ്ട്. ശ്രീ ആദി മോതീശ്വർ മഹാദേവ ക്ഷേത്രം, ശ്രീ മോതീശ്വർ മഹാദേവ ക്ഷേത്രം, ശ്രീ ഹനുമാൻജി ക്ഷേത്രം. മസ്കറ്റ് ഒരു മരുഭൂമിയാണെങ്കിലും ക്ഷേത്ര കിണറിൽ വർഷം മുഴുവനും വെള്ളമുണ്ട്. ക്ഷേത്രത്തിൽ മൂന്ന് പുരോഹിതന്മാരും മൂന്ന് സഹായ ജീവനക്കാരും നാല് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ഉണ്ട്. ധാരാളം സന്നദ്ധപ്രവർത്തകരും അവരുടെ സേവനങ്ങൾ നൽകുന്നുണ്ട്.
















