കൊച്ചി: മാതാ അമൃതാനന്ദമയീദേവിയുടെ അച്ഛനും പ്രശസ്ത കഥകളി നടനുമായിരുന്ന ഇടമണ്ണേല്‍ വി. സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്‌കാരം സദനം വിജയന്‍ വാര്യര്‍ക്ക് സമര്‍പ്പിച്ചു. കൊച്ചി മാതാ അമൃതാനന്ദമയീമഠം ബ്രഹ്‌മസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിധി സമര്‍പ്പണം 53,001 രൂപ മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി കഥകളി നടനും അദ്ധ്യാപകനുമായ സദനം വിജയന്‍ വാര്യര്‍ക്ക് സമര്‍പ്പിച്ചു.
ഭാരതീയ സംസ്‌കാരത്തിന്റെ കലാരൂപമായ കഥകളിയെ പരിപോഷിപ്പിക്കുക എന്നതാണ് സുഗുണാനന്ദന്‍ സ്മാരക പുരസ്‌കാരം കൊണ്ടും സുഗുണാമൃതം കഥകളി പാഠശാല കൊണ്ടും ഉദ്ദേശിക്കുന്നതെന്ന് സ്വാമി അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
പുരസ്‌കാര ഫലകം സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ സദനം വിജയന് നല്‍കി. അമൃത ആശുപത്രി ന്യൂറോ വിഭാഗം മേധാവി ഡോ. ആനന്ദ്കുമാര്‍, അമൃത മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കുമാര്‍, സ്വാമി അനഘാമൃതാനന്ദ പുരി, എം.ആര്‍.എസ്. മേനോന്‍, ശശി കളരിയേല്‍, ഹരിഹരന്‍ എസ്. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സുഗുണാമൃതം കഥകളി വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റവും ഉത്തരാസ്വയംവരം കഥകളിയും നടന്നു.













