വലിയ മുറികളാണ്. ശൈത്യം കൂടുതലാണ്. വൈദ്യുതികൊണ്ട് ചൂട് തരുന്ന കിടക്കകളാണ് കട്ടിലില്‍ വിരിച്ചിരിക്കുന്നത്. രാത്രിഭക്ഷണം ഒരു ഗ്ലാസ് പാലും അല്‍പ്പം ഓട്‌സുമാക്കി പരിമിതപ്പെടുത്തി. സൂര്യ റൂമില്‍ വന്ന്, രാവിലെ ആറു മണിക്കുതന്നെ പരിക്രമണം തുടങ്ങണമെന്നറിയിച്ചു. ഇടത്തേ കാലിന് ചെറിയ വേദന തോന്നി. ഇടത്തേ കാലിലെ ലോഹത്തകിടും ആണികളും, വര്‍ഷങ്ങള്‍ക്കു മുമ്പേ ഉണ്ടായ അപകടത്തിന്റെ ഓര്‍മ നിലനിര്‍ത്തികൊണ്ട് ഇപ്പോഴും ഭദ്രമായി കാലിലുണ്ട്. അല്‍പ്പം യൂക്കാലിത്തൈലം പുരട്ടി. സഹധര്‍മ്മിണി ഉറക്കമായി. ഞാനും വിളക്കണച്ച് കിടന്നു. പുറത്ത് ഹിമക്കാറ്റ് ശക്തിയായി വിശുന്നത് കേള്‍ക്കാം. നാളെയാണ് പ്രധാനദിവസം. 22 കിലോമീറ്റര്‍ ദൂരം താണ്ടണം. കാലാവസ്ഥ ഇപ്പോളിവിടെ മൈനസ് ഡിഗ്രിയാണ്. അപ്പോള്‍ നാളെ ഇതിലും കൂടിയ ശൈത്യമായിരിക്കും. ഓക്സിജന്‍ കുറഞ്ഞ മേഖലയാണ്. പൊക്കം വളരെ കൂടിയ മലകളാണ് കയറേണ്ടത്. തികച്ചും ദുര്‍ഘടം പിടിച്ച വഴികളിലൂടെയാണ് സഞ്ചരിക്കേണ്ടത്. കൂടുതല്‍ യാത്രികരും നാളെ തിരികെപ്പോകും. കൈലാസത്തിന്റെ മൂന്ന് ഭാഗം കണ്ടു എന്ന തൃപ്തിയോടെയാണവര്‍ പോകുന്നത്. ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷണം പാടില്ല എന്നതാണ് അവരുടെ ചിന്ത. പിറ്റേദിവസം പരിക്രമണം തുടരുന്നതിലും ഭൂരിഭാഗം പേരും കുതിരപ്പുറത്താണ് നടത്തുന്നത്. കാല്‍നടക്കാര്‍ കുറവാണ്. പല ചിന്തകളോടൊപ്പം നിദ്രയും ഓടിയെത്തി.
രാവിലെ അഞ്ചര മണിക്കേ എഴുന്നേറ്റു. ഇന്ദ്രിയങ്ങളെ തുളച്ചുകയറുന്ന ശൈത്യം. ഇടതടവില്ലാതെ വീശുന്ന കാറ്റ്. പുറത്ത് ഇരുട്ടാണ്. ഒരുവിധം പ്രഭാതകര്‍മങ്ങള്‍ ചെയ്തുതീര്‍ത്തു. ചെറിയ രീതിയില്‍ പ്രഭാതഭക്ഷണം കഴിച്ചു. മുഖമൊഴികെ ബാക്കി ശരീരഭാഗങ്ങളെല്ലാം രണ്ടും മൂന്നും ശൈത്യവസ്ത്രങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി ധരിച്ചു. സൂര്യയെത്തി, ചൂടുവെള്ളവും ഭക്ഷണപ്പൊതിയും എന്റെ ബാഗും അവനെ ഏല്‍പ്പിച്ചു. ഞാന്‍ വാമഭാഗത്തിനോട് യാത്രപറഞ്ഞു. അവള്‍ ഇന്ന് തിരികെ ദാര്‍ച്ചനിലേക്ക് പോകും. നല്ല ഇരുട്ടാണ്. സൂര്യയുടെ നെറ്റിയില്‍ കെട്ടിയിരിക്കുന്ന ടോര്‍ച്ചിന്റെ വെട്ടത്തില്‍ യാത്ര ആരംഭിച്ചു. സമയം ആറ് മണി. ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന കൈലാസത്തിനെ ഞാന്‍ വണങ്ങി. തലേദിവസം കണ്ട ശ്യാമവര്‍ണരൂപം മനസ്സില്‍ തെളിഞ്ഞുവന്നു. ഊന്നുവടിയുമായി പിന്നില്‍ നിന്നുവരുന്ന സൂര്യയുടെ നെറ്റിവെളിച്ചത്തില്‍ ഞാന്‍ എന്റെ ജീവിതത്തിലെ ധന്യമായ യാത്രയുടെ രണ്ടാം ദിവസം ആരംഭിച്ചു. ജന്മാന്തരപുണ്യം തേടിയുള്ള യാത്ര അതികഠിനമായിത്തോന്നി. മനസ്സില്‍ ശിവമന്ത്രങ്ങള്‍മാത്രമുരുവിട്ട് നടന്നു. ഇരുട്ട് കാരണം, നടക്കുന്ന ഭൂഭാഗത്തിന്റെയും അവസ്ഥ എന്താണെന്നുപോലും അറിയാന്‍ പറ്റാത്ത അവസ്ഥയാണ്. ഒരു പാലം കടന്ന് മുന്നോട്ടു നടന്നു. സിന്ധുനദിയാണ് ഒഴുകുന്നത്.
കൈലാസത്തിനുമേല്‍ പൊന്‍കിരണങ്ങള്‍
കൈലാസപരിസരത്തുനിന്ന് നാല് നദികളാണ് ഉത്ഭവിക്കുന്നത്, സിന്ധുനദി, ബ്രഹ്‌മപുത്ര, കര്‍ണാലി, സത്‌ലജ് . ഏറെ സമയം കഴിഞ്ഞപ്പോള്‍ പ്രഭാതകിരണങ്ങള്‍ എത്തിനോക്കാന്‍ തുടങ്ങി. സഞ്ചരിക്കുന്ന പ്രതലം, സഞ്ചരിച്ചു തെളിഞ്ഞ പാതകളല്ലായെന്ന് അപ്പോഴാണ് മനസ്സിലായത്. ഹിമക്കാറ്റ് ഒരു ശത്രുവിനെപ്പോലെ എല്ലാ ക്രൂരതയും കാട്ടി വീശുന്നുണ്ട്. എന്നാലും, ഒരു ആശങ്കയ്‌ക്കും വകനല്‍കാതെ ഞാന്‍ മുന്നോട്ടു നടന്നു. കുറേദൂരം കഴിഞ്ഞപ്പോള്‍ പ്രഭാതവെളിച്ചം പൂര്‍ണമായും എല്ലായിടത്തുമെത്തി. അകലെയായി കൈലാസത്തിന്റെ കിഴക്കുഭാഗം തെളിഞ്ഞുവന്നു. വലുപ്പമുണ്ട്. പക്ഷേ, പൂര്‍ണമായും മഞ്ഞണിഞ്ഞ് വെളുത്ത ശോഭയിലാണ്. ഞാന്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചു. ഒറ്റ പ്രാര്‍ത്ഥനയേയുള്ളൂ. എല്ലാം ശുഭമാക്കിത്തരണെയെന്നു മാത്രം. ഇപ്പോള്‍ നല്ല കയറ്റമാണ്. അടിവെച്ചടിവച്ച് മുകളിലോട്ടു നടന്നു. നടത്തതിലും കൈലാസം കാണാമായിരുന്നു. ഏട്ട് മണി കഴിഞ്ഞപ്പോള്‍ സൂര്യ പറഞ്ഞു, ഇവിടെ നില്‍ക്കാമെന്ന്. ഉദയത്തിനുള്ള സമയമായി. മറ്റ് യാത്രികരും അവിടെ നിന്നു. കൈലാസത്തിനു മുകളില്‍ പൊന്‍ കിരണങ്ങള്‍ വീഴുന്നു. വെള്ള നിറം തങ്കശോഭയിലേക്ക് മാറിത്തുടങ്ങി. ഞൊടിയിടകൊണ്ട് കൈലാസം സ്വര്‍ണവര്‍ണത്തിലായി. എല്ലാ യാത്രക്കാരും പ്രാര്‍ത്ഥനാപൂര്‍വ്വം വിളിച്ചു: ”ഹര്‍ഹര്‍ മഹാദേവ്.” ഞാന്‍ മതിവരുവോളം ആ ദൈവചൈതന്യം കണ്ടു. പ്രകൃതിയുടെ മായാജാലക്കാഴ്ച വിസ്മയിപ്പിക്കുന്നതായിരുന്നു. കുറച്ചു നേരംകൂടെ അവിടെ നില്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, സൂര്യ മുന്നോട്ടു നടക്കാന്‍ ആവശ്യപ്പെട്ടു. കൈലാസത്തെ വീക്ഷിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. കയറ്റമാണ്. അല്‍പ്പസമയത്തിനകം സ്വര്‍ണവര്‍ണം മാറി. അവാച്യമായ ആ പ്രതിഭാസത്തെ വീണ്ടും വണങ്ങി.
കയറ്റമാണ് മുമ്പില്‍. കൂര്‍ത്ത കല്ലുകളും ഇടുങ്ങിയ വഴികളുമാണ്. സഞ്ചരിച്ചു തെളിഞ്ഞ യാതൊരു അടയാളങ്ങളുമില്ല. മുമ്പോട്ടു പോകുന്നവരെ പിന്‍തുടര്‍ന്നും സൂര്യ പറയുന്നതുമായ പാതയിലൂടെ നടന്നു. ആകാശത്തിലേക്ക് നടക്കുന്നു എന്നാണ് പലപ്പോഴും തോന്നുന്നത്. വിശ്രമത്തിന്റെ എണ്ണം കൂടിക്കൂടി വരികയാണ്. അവശത തോന്നുന്നുണ്ട്. ചില യാത്രികര്‍ ഓക്സിജന്‍ കുപ്പികളില്‍നിന്ന് ഓക്സിജന്‍ വലിച്ചുകുടിക്കുന്നതു കണ്ടു. യാത്രയുടെ തുടക്കത്തില്‍ സൂര്യ പറഞ്ഞിരുന്നു, രണ്ടു കുപ്പി ഓക്സിജന്‍ അവന്റെ ബാഗിലുണ്ടെന്ന്. അത്യാവശ്യത്തിന് ഉപയോഗിക്കാനാണ്. അത്തരം ആവശ്യങ്ങള്‍ ഉണ്ടാകരുതേയെന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. മുകളിലേക്ക് നോക്കിയപ്പോള്‍ മലയുടെ മുകള്‍ഭാഗത്ത് യാത്രികര്‍ നില്‍ക്കുന്നതു കണ്ടു. അവിടെയാണ് എനിക്കും എത്തേണ്ടതെന്ന കാര്യം എന്നില്‍ ആശങ്കയുണ്ടാക്കി. എന്നാലും ധൈര്യം കൈവിട്ടില്ല. ഒരു വശത്ത് ആഗാധമായ ഗര്‍ത്തമാണ്. അതിനപ്പുറം പൊക്കമേറിയ മലനിരകളാണ്. കൂര്‍ത്ത കല്ലുകളില്‍ ചവിട്ടാതെ, ഓരോ ചുവടും സൂക്ഷിച്ചും നോക്കിയും സുരക്ഷിതമായ പ്രതലമാണെന്ന് ഉറപ്പ് വരുത്തിയാണ് ഞാന്‍ മല കയറുന്നത്. കഷ്ടിച്ച് ഒരാള്‍ക്ക് കടന്നുപോകാനുള്ള ഇടങ്ങളിലൂടെ ഭക്തര്‍ വരിവരിയായിട്ടാണ് പോകുന്നത്.
ഇപ്പോള്‍ എന്റെ വിശ്രമസമയം കൂടുതലും സഞ്ചാരസമയം കുറവുമായിട്ടാണ് മുകളിലേക്ക് കയറുന്നത്. പെട്ടെന്നാണ് ദിഗന്ധങ്ങള്‍ കേള്‍ക്കുമാറുച്ചത്തില്‍ ഒരു ശബ്ദം കേട്ടത്. ഏതോ മലയില്‍നിന്ന് പാറ താഴോട്ട് വീഴുന്നതാണെന്ന് സൂര്യ പറഞ്ഞു. മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ ഈ പ്രദേശങ്ങളില്‍ സാധാരണമാമെന്നും അവന്‍ പറഞ്ഞു. ഇടയ്‌ക്കിടയ്‌ക്ക് ദാഹശമനം നടത്തുണ്ട്. പക്ഷേ, മറ്റൊന്നും കഴിക്കാന്‍ തോന്നുന്നില്ല. ഇപ്പോള്‍ കയറിയെത്തിയ സ്ഥലത്ത് വലിയൊരു പാറ കണ്ടു. അതിനു ചുറ്റും ഇഹലോകവാസം വെടിഞ്ഞ വേണ്ടപ്പെട്ടവരുടെ ഫോട്ടോകള്‍ പതിച്ചിരിക്കുന്നു. ആ പാറ നിറയെ ഫോട്ടോകളും ഹാരങ്ങളുമാണ്. ചില ഭക്തര്‍ ഫോട്ടോ വെച്ച ശേഷം പൂജകള്‍ ചെയ്യുന്നതു കണ്ടു. ‘ശിവസ്താള്‍’ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. മരണപ്പെട്ടവരുടെ സ്ഥലം എന്നാണ് വിശ്വസിക്കപ്പെടുന്നത്. മുന്‍പ് ഇവിടെ വിശ്വാസികള്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുമായിരുന്നു. ഇപ്പോള്‍ ഫോട്ടോകളാണ് വെയ്‌ക്കുന്നത്. ‘പ്രതീകാത്മകമായ ശ്മശാനം’ എന്നാണ് തിബറ്റുകാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. പലരും അവര്‍ കൊണ്ടുവന്ന ഫോട്ടോകള്‍ വച്ച്, മോക്ഷപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്.
കവിഞ്ഞൊഴുകാത്ത ഗൗരീകുണ്ഡ്
വീണ്ടും മുകളിലേക്കുള്ള യാത്ര തുടര്‍ന്നു. അവശത കൂടിവരുന്നതുപോലെ തോന്നുമ്പോഴൊക്കെ വിശ്രമിക്കും. കുത്തനെയുള്ള കയറ്റമാണ്. പന്ത്രണ്ട് മണിയോടെ ഞാന്‍ ഡോള്‍ മി ലാ പാസിലെത്തി. ഈ യാത്രയിലെ ഏറ്റവും പൊക്കം കൂടിയ സ്ഥലം! 5650 മീറ്ററാണ് സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം. ഓക്സിജന്‍ കുറവാണിവിടെ. ശൈത്യം അതിന്റെ മൂര്‍ദ്ധന്യാ
വസ്ഥയിലാണ്. താഴെയായി കാണുന്ന കിളിപ്പച്ച നിറത്തിലുള്ള ജലാശയമാണ് ഗൗരികുണ്ഡ്. കൈലാസത്തില്‍നിന്ന് വരുന്ന നീരൊഴുക്കാണ് ഈ തടാകത്തെ നിറയ്‌ക്കുന്നത് പക്ഷേ, ഒരിക്കലും കവിഞ്ഞൊഴുകില്ല. പാര്‍വ്വതീ ദേവിക്കുവേണ്ടി ശിവഭഗവാന്‍ നിര്‍മ്മിച്ചതാണ് ഈ ജലാശയം. രണ്ട് മിനിട്ടില്‍ കൂടുതല്‍ ഇവിടെ നില്‍ക്കരുതെന്ന് രവി മോദി പ്രത്യേകം പറഞ്ഞിരുന്നു. കാരണം, ഓക്സിജന്റെ ലഭ്യതക്കുറവ് തന്നെ. പക്ഷേ, ഞാനതൊന്നും അവിടെയെത്തിയപ്പോള്‍ ഓര്‍ത്തില്ല. കുബേരന്റെ വാസസ്ഥലവും ഇതിനടുത്താണെന്ന് വായിച്ചിട്ടുണ്ട്. ഹിമക്കാറ്റ് ശക്തിയായി ശബ്ദമുണ്ടാക്കിക്കൊണ്ട് വീശുകയാണ്. പലപ്പോഴും കാറ്റിന്റെ ശക്തിയില്‍ വീണുപോകുമോയെന്നുപോലും തോന്നി. ഞാന്‍ അടുത്ത് കണ്ട ഒരു പാറയിലിരുന്നു. പരിസരമൊക്കെ വര്‍ണമയമാണ്.
എന്റെ ശരീരത്തിലെ ഓക്സിജന്‍ സൂര്യ പരിശോധിച്ചു. കുറവാണ്. അറുപത്തിരണ്ട്, എഴുപതിന് താഴെയായല്‍ അപകടസൂചനയാണ്. അവന്‍ ബലമായി എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഞാന്‍ തപ്തനിശ്വാസത്തോടെ അവനെ അനുസരിച്ചു. അവന്‍ എന്നെ എല്ലാ അര്‍ത്ഥത്തിലും എടുത്തുകൊണ്ട് താഴേയ്‌ക്ക് പോയി. അല്‍പ്പം താഴെയായി ഒരു പരന്ന പാറയില്‍ എന്നെ ഇരുത്തിയ ശേഷം അവന്‍ ഫ്‌ളാസ്‌ക്കും മറ്റു സാധനങ്ങളുമെടുക്കാന്‍ മുകളിലേക്ക് പോയി. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.
ഞങ്ങള്‍ ഒരു പാറയിലിരുന്ന് ഭക്ഷണപ്പൊതി തുറന്നു. അതില്‍ പഴച്ചാറും ആപ്പിളും പിന്നെ, അമുലിന്റെ വലിയ ചോക്ലേറ്റുമാണുണ്ടായിരുന്നത്. അത് കഴിച്ച ശേഷം അല്‍പ്പനേരം അവിടെ വിശ്രമിച്ചു. ക്ഷീണം മാറിയതായി തോന്നി. ഞങ്ങള്‍ യാത്ര തുടര്‍ന്നു.
സമയം രണ്ട് മണിയായി. ഞങ്ങള്‍ സൂത്തൂല്‍ പൂക്ക് താഴ്വാരത്തുകൂടെ നടന്നു. ചെറുകാല്‍വയ്‌പ്പുകള്‍ മാത്രമായിട്ടാണ് നടക്കുന്നത്. താഴ്‌വാരം അതിമനോഹരമായി തോന്നി. ചില ഹിന്ദി സിനിമകളിലെ ഗാനരംഗങ്ങളില്‍ കാണുന്ന പ്രദേശംപോലെ തോന്നി. പ്രകൃതി എല്ലാ അര്‍ത്ഥത്തിലും രൂപഭംഗി നല്‍കിയ പ്രദേശം! പെട്ടെന്നാണ് വെളുത്ത ആകാശം കാര്‍മേഘംകൊണ്ട് മൂടിയത്. അന്തരീക്ഷം പ്രകാശമണഞ്ഞ്, ഇരുള്‍ വീണു. ഒരു കാറ്റ് വീശി. ഒപ്പം, മഴത്തുള്ളികള്‍ ഒന്നിന് പുറകേ ഒന്നായി വീണു. ഒതുങ്ങി നില്‍ക്കാന്‍ ഒരിടമില്ല. വിജനത നിറഞ്ഞ്, അനാഥമായി കിടക്കുന്ന ഭൂപ്രദേശം കണ്ണെത്താദൂരം വരെ നീണ്ടുകിടക്കുന്നു. ഒരു ചെറുകൂരപോലും കാണാനില്ല. ഞങ്ങള്‍ അടുത്തു കണ്ട ഒരു പാറയുടെ ഓരത്ത് ഒതുങ്ങിനിന്നു. സൂര്യ എന്റെ ബാഗില്‍നിന്ന് മഴക്കോട്ടും ഷൂവിന്റെ പുറത്ത് അണിയാനുള്ള കവചവും തന്നു. പക്ഷേ, ആ സമയംകൊണ്ട് ശരീരം മഴ നനഞ്ഞു. എന്നാലും, പെട്ടെന്ന് മഴക്കോട്ടും കാലുറകളും ധരിച്ചു. നിന്നിട്ട് കാര്യമില്ല. ഞങ്ങള്‍ തുള്ളിക്കൊരു കുടം പേമാരിയില്‍ മുന്നോട്ടു നടന്നു. വീഥി നിറയെ മഴജലം കുത്തിയൊഴുകുന്നു. മുന്നിലും പിന്നിലും ഒന്നുരണ്ട് പേരെ കണ്ടു. മറ്റൊന്നും ആലോചിക്കാനില്ല. നടക്കുക തന്നെ. ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരം ആ പേമാരിയേയും വഹിച്ചുകൊണ്ട് നടന്നു. അതിനു ശേഷമാണ് മഴ നിന്നത്. പക്ഷേ, ശൈത്യം കഠിനമായി തോന്നി. മഴക്കോട്ട് മാറ്റിയപ്പോള്‍ നടക്കാനൊരു സുഖം തോന്നി. ഇനിയും ദൂരം ഏറെയുണ്ട്. ദൂരക്കാഴ്ചയില്‍പ്പോലും കെട്ടിടങ്ങള്‍ ഒന്നും കാണാനില്ല.
സരയൂനദിക്കരയിലൂടെയാണ് ഇപ്പോള്‍ നടക്കുന്നത്.
വേച്ചുവേച്ച് നടന്നു. തീരെ അവശനായതുപോലെ തോന്നി. ഇരുട്ടിന്റെ കണികകള്‍ വീണു തുടങ്ങി. അന്തരീക്ഷത്തില്‍ മഴമേഘങ്ങള്‍ ഉള്ളതുകോണ്ടാകാം, ഇരുട്ട് നേരത്തെ എത്തിയത്. ഏഴര മണിയോടെ ഞാന്‍ സുത്തൂല്‍ പൂക്കില്‍ എത്തി. സരയൂ നദീതീരത്താണ് ഈ സ്ഥലം. ഒരു ഇരുനിലക്കെട്ടിടം മാത്രമാണ് ആ പ്രദേശത്ത് കണ്ടത്. ശ്വാസമുള്ള ഒരു ശവമായി ഞാന്‍ മാറിയിരിക്കുന്നു. ആ കെട്ടിടത്തിന്റെ അങ്കണത്തിലെ ഒരു ചെറു ടെന്റിലേക്ക് ആര്‍.കെ. എന്നെ കൊണ്ടുപോ
യി. രണ്ടുപേര്‍ക്ക് മാത്രം കിടക്കാന്‍ പറ്റുന്ന ചെറുകൂടാരം. തലകുനിച്ച് ഞാന്‍ ആ കൂടാരത്തിലേക്ക് പ്രവേശിച്ചു. ജാക്കറ്റ് ആഴിച്ചുമാറ്റിയ ശേഷം ഞാന്‍ അവിടെക്കിടന്നു.
മാനസരോവറിന്റെ വിശാല നീലിമ
ആര്‍. കെ. അതിരാവിലെ വിളിച്ചുണര്‍ത്തി. സുഖനിദ്രയായിരുന്നു. സമയം അഞ്ചരയായി. ബാഗും മറ്റു സാധനങ്ങളും രാത്രിയില്‍ എപ്പോഴോ സൂര്യ കൂടാരത്തില്‍ എത്തിച്ചിരിക്കുന്നതു കണ്ടു. ശരീരമാകെ വേദനിക്കുന്നുണ്ട്. സന്ധിബന്ധങ്ങളൊക്കെ ക്ഷീണിതരാണെന്ന് അറിയിക്കുന്നുണ്ട്. വസ്ത്രം മാറ്റി, അടുക്കളയില്‍പ്പോയി ചൂടുവെള്ളം കുപ്പിയിലെടുത്ത് സരയൂ നദീതീരത്തേക്ക് നടന്നു. ശൈത്യത്തിന്റെ അവസ്ഥയെപ്പറ്റി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. കഠിനം, അസഹനീയം എന്നൊക്കെ പറയുന്നതിനുമപ്പുറമാണ്. ഇരുട്ടാണ് എല്ലായിടത്തും. പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ ശേഷം ഒരു റൊട്ടി, ജാം പുരട്ടി കഴിച്ചു. ഒരു ചായയും കുടിച്ചു. സമയം ആറ് കഴിഞ്ഞു. എന്നാലും, മനസ്സ് ആനന്ദം നിറഞ്ഞതായി തോന്നി. കാരണം, പരിക്രമണത്തിന്റെ പ്രധാനഘട്ടങ്ങളൊക്കെ കഴിഞ്ഞു എന്നതുതന്നെ.
ഇന്ന് ഏഴ് കിലോമീറ്ററാണ് നടക്കേണ്ടത്. പ്രഭാതകിരണങ്ങള്‍ എത്തിയപ്പോഴാണ് സരയൂ നദിയുടെ പൂര്‍ണരൂപം കാണാനായത്. മെല്ലിച്ച നദിയില്‍ കലങ്ങിയ വെള്ളമാണ് ഒഴുകുന്നത്. വളഞ്ഞും തിരിഞ്ഞും കയറ്റിറക്കങ്ങള്‍ നിറഞ്ഞതുമാണ് ഇന്നത്തെയും പരിക്രമണവീഥികള്‍. പതിവുപോലെ ഞാന്‍ വിശ്രമം കുറയ്‌ക്കാതെ നടന്നു. കുതിരകള്‍ പലതും യാത്രക്കാരെയുംകൊണ്ട് മുന്നോട്ടുപോയി. ചില യാത്രികര്‍ ‘ഓം നമഃശിവായ’ പറഞ്ഞുകൊണ്ടാണ് കടന്നുപോകുന്നത്. ഒമ്പത് മണിയോടെ ഞാന്‍ സോണ്‍കാ പോയ്ന്റില്‍ എത്തി. അവിടംകൊണ്ട് പരിക്രമണം അവസാനിച്ചു.
ആര്‍. കെ. കാത്തുനില്‍ക്കുന്നുണ്ടായിരുന്നു; ഒപ്പം, നേരത്തേയെത്തിയ യാത്രക്കാരും. എല്ലാവരും ആനന്ദം പങ്കുവെച്ചു. ഹിമക്കാറ്റ് അനുസ്യൂതം വീശിക്കൊണ്ടിരിക്കുന്നു. താഴെയായി സരയൂനദി ചിരിച്ചുകൊണ്ട് ഒഴുകുന്നു. അകലെ മാനസരോവറിന്റെ നീലിമ കാണാം. ചുറ്റും ശൈത്യമലകള്‍ കണ്ടു. മനോഹരമാണീ പ്രദേശം! എല്ലാം ഒന്നുകൂടെ വീക്ഷിച്ചു. ഇനിയൊരു വരവുണ്ടാകില്ല. മനസ്സ് ആര്‍ദ്രമാണ്. അനിര്‍വചനീയമായ ആനന്ദം വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചിരുന്ന ഒരു ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍, ജന്മസാഫല്യം തന്നെയായിരുന്നു ഈ യാത്ര! എല്ലാപേരും എത്തി. വാഹനങ്ങളും എത്തി. ഞങ്ങള്‍ ദാര്‍ച്ചനിലേക്ക് യാത്രയായി.
രവി മോദിയും താക്ഷി ഭുഭുവും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരെയും അവര്‍ ആശ്ലേഷിച്ചുകൊണ്ട് വരവേറ്റു. കൂട്ടത്തില്‍ എന്റെ സഹധര്‍മ്മിണി ചിരിച്ച മുഖവുമായി ഓടിയെത്തി. കൈലാസപരിക്രമണം പൂര്‍ത്തിയായിരിക്കുന്നു. സന്തോഷത്തോടൊപ്പം ഏറെ ചിന്തകളും അനുഭവങ്ങളും തരുന്നതായിരുന്നു ഈ മുക്തസഞ്ചാരം. അകലെയായി മഞ്ഞിന്റെ വിഭൂതിയണിഞ്ഞ കൈലാസം, കുലച്ച് പൊങ്ങിവരുന്ന വാഴക്കൂമ്പുപോലെ ഉയര്‍ന്നുനില്‍ക്കുന്നു. ചുറ്റും വാഴയിതളുകള്‍പോലെ മറ്റു പര്‍വ്വതങ്ങളും.
ഭാരതീയസംസ്‌കാരത്തില്‍ പ്രകൃതിയും നദികളും പര്‍വ്വതങ്ങളുമൊക്കെ ആരാധനാകേന്ദ്രങ്ങളാണ്. അത്തരം ആരാധനകളെ സദ്ക്രിയകളായിട്ടാണ് കരുതുന്നുത്. അതുകൊണ്ടുതന്നെ, പ്രകൃതി ഭാരതീയ സനാതനസംസ്‌കാരത്തിന്റെ അഭിവാജ്യഘടകമാണ്. കൈലാസം ഭാരതീയരുടെ ചൈതന്യവത്തായ, പൈതൃകത്തിന്റെ ദീപ്തമായ സ്മരണകള്‍ വിതറുന്ന സുപ്രധാനചിഹ്നമാണ്. ഭാരതസംസ്‌കൃതിയെ അണയാത്ത ദീപംപോലെ ലോകത്താകമാനം വെളിച്ചം വിതറിക്കൊണ്ട് ഇന്നും നിലനി’ര്‍ത്തുന്നത് ഇത്തരം ചിഹ്നങ്ങളാണ്. ഞാന്‍ കൈലാസത്തിന് നേരേ കൈകൂപ്പിനിന്ന് പ്രാര്‍ത്ഥനാമന്ത്രം ഉരുവിട്ടു:
”കര്‍പ്പൂരഗൗരം, കരുണാവതാരം
സംസാരസാരം, ഭുജഗേന്ദ്രഹാരം!
സദാ വസന്തം, ഹൃദയാരവിന്ദേ
ഭവം, ഭാവാനിസഹിതം തമാമി”
















