ഭര്‍ത്തൃഹരിയുടെ വ്യാകരണ സിദ്ധാന്തത്തെ അനുഗമിച്ചാണ് ആധുനിക കാലത്ത് യൂറോപ്പില്‍ ഫെര്‍ഡിനന്റ് ദേ സൊസൂര്‍ (1857-1913) ഘടനാ വാദം പ്രസിദ്ധപ്പെടുത്തിയത്. സ്വിറ്റ്സര്‍ലന്‍ഡുകാരനായ സൊസൂര്‍ ജനീവ സര്‍വ്വ കലാശാലയില്‍ അനേക വര്‍ഷം സംസ്‌കൃതം പ്രൊഫസറായിരുന്നു. ഭാഷാര്‍ത്ഥം ശരിയായി ഗ്രഹിക്കുന്നതിന് വാക്കുകളുടെ ഘടന അഥവാ വ്യാകരണമാണ് ഉപകാരിയെന്നാണ് സൊസൂര്‍ വാദിച്ചത്. ഇപ്രകാരമുള്ള ചില പ്രധാന ഭാഷാവിഷയങ്ങളില്‍ സൊസൂര്‍ വാക്യപദീയത്തെ പിന്‍തുടരുന്നതു കാണാം.
നമ്മള്‍ ഉച്ചരിക്കുന്ന ഓരോ വാക്കും ധ്വനികളുടെ സംഘാതമാണ്. ധ്വനികളാവട്ടെ വ്യത്യസ്തങ്ങളാണ്. എന്നാല്‍ അവ യോജിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന വാക്ക് ഏകമായിട്ടുള്ള അര്‍ത്ഥം വഹിക്കുന്നു. ധ്വനികളുടെ വ്യത്യസ്തത അതിന് തടസ്സമാകുന്നില്ല. ഇനി, സന്ദര്‍ഭോചിതമായി അര്‍ത്ഥം പകരുന്നതിന് വ്യത്യസ്തമായിട്ടുള്ള വാക്കുകള്‍ ചേര്‍ന്ന് വാക്യമാകണം. ഇത് വ്യാകരണത്തിലൂടെ സാധ്യമാകുന്നു. ഇവിടെയും ആശയത്തിന്റെ ഏകോപനത്തിന് വാക്കുകളുടെ വ്യത്യസ്തത തടസ്സമാകുന്നില്ല. ധ്വനികളുടെയും വാക്കുകളുടെയും ഭിന്നതകള്‍ അര്‍ത്ഥവിനിമയ കാര്യത്തില്‍ ലോപിച്ച് ഏകോപനമുണ്ടാക്കുന്നു. ഇത് വാക്യപദീയത്തിലെ മുഖ്യ വിഷയമാണ്. സൊസൂറും ഇത് സ്വീകരിക്കുന്നു.
ഭാഷയുടെ ഘടകങ്ങളില്‍ വച്ച് അടിസ്ഥാന ഘടകം ഏതാണെന്ന കാര്യത്തില്‍ ഭാരതീയ ഭാഷാശാസ്ത്രകാരന്മാര്‍ അതിപുരാതന കാലത്തുതന്നെ വ്യത്യസ്ത നിലപാടുകളില്‍ നിന്നുകൊണ്ട് ചര്‍ച്ച നടത്തിയിരുന്നു. വര്‍ണങ്ങള്‍ നിത്യങ്ങളാണെന്നും, പദമെന്നത് വര്‍ണങ്ങളുടെ കൂടിച്ചേരല്‍ മാത്രമാണെന്നും, വാക്യമെന്നത് വര്‍ണസമൂഹങ്ങളാകുന്ന പദങ്ങളുടെ സംയോഗം മാത്രമാണെന്നുമാണ് പൂര്‍വ്വമീമാംസകര്‍ വാദിച്ചത്. അതിനാല്‍ അവര്‍ക്ക് വര്‍ണങ്ങളാണ് ഭാഷയില്‍ മുഖ്യമായിട്ടുള്ളത്. വര്‍ണങ്ങളില്ലെങ്കില്‍ വാക്കുകളില്ല, വാക്കുകളെ കൂടാതെ വാക്യങ്ങളുമില്ല. നൈയ്യായികന്മാരുടെ വാദമനുസരിച്ച് വാക്കുകള്‍ക്ക് മാത്രമാണ് സ്വതന്ത്രമായി അര്‍ത്ഥം വഹിക്കാന്‍ സാധിക്കുന്നത്. ധ്വനികള്‍ ചേര്‍ന്ന് വാക്കുകളാകുമ്പോള്‍ മാത്രമാണ് ഭാഷയ്‌ക്ക് പ്രയോജനമുണ്ടാകുന്നത്. വാക്കുകളുടെ അര്‍ത്ഥത്തെ ആശ്രയിച്ചാണ് വാക്യങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍ വാക്കുകളാണ് അര്‍ത്ഥ വിനിമയത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. നൈയ്യായികന്മാരുടെ ഈ പദവാദമാണ് യൂറോപ്പില്‍ ഉത്തരാധുനികര്‍ ഉത്തരഘടനാവാദം എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയത്.
ഭര്‍ത്തൃഹരിയും സൊസൂറും
ഭര്‍ത്തൃഹരിയെ അനുഗമിച്ചുകൊണ്ട് സൊസൂറും പദവാദത്തെ നിരാകരിക്കുന്നു. ഇരുവരുടെയും ദര്‍ശനമനുസരിച്ച് വാക്കുകളെ സംഘടിപ്പിച്ച് വാക്യമാക്കുമ്പോള്‍ മാത്രമാണ് ഭാഷയ്‌ക്ക് സന്ദര്‍ഭം വ്യക്തമാക്കുന്ന രീതിയില്‍ അര്‍ത്ഥവനിമയം സാധ്യമാകുന്നത്. അതിനാല്‍ വ്യാകരണമാണ് ഭാഷയില്‍ പ്രധാനം. വ്യാകരണം അറിയാത്ത ഒരാള്‍ക്ക് ഭാഷ പ്രയോഗിക്കാനോ മനസ്സിലാക്കാനോ സാധ്യമല്ല. ഇവിടെ ധ്വനികളുടെ വ്യത്യസ്തത മൂലമാണ് ഭാഷയുണ്ടാകുന്നതെന്ന മീമാംസകരുടെ ദര്‍ശനം സൊസൂറിന്റെ ഭാഷാ സിദ്ധാന്തം സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ശരിയായിട്ടുള്ള അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിക്കുന്നത് വ്യത്യസ്തമായിട്ടുള്ള ധ്വനികള്‍ മൂലമോ സ്വതന്ത്രമായി നില്‍ക്കുന്ന വാക്കുകള്‍ മുഖേനയോ അല്ല, മറിച്ച് വാക്കുകള്‍ ചേര്‍ന്ന വാക്യഘടനയിലൂടെയാണെന്ന വൈയ്യാകരണ ദര്‍ശനമാണ് സൊസൂറിന്റെ ഘടനാ വാദം. (Course in General Linguistics, 1916). ഭാഷയില്‍ വെവ്വേറെ ഘടകങ്ങളുണ്ടെങ്കിലും അവയുടെ വ്യത്യസ്തയെ മറികടന്നാണ് ഭാഷ ആശയം പ്രകടമാക്കുന്നതെന്ന് സൊസൂര്‍ വാദിക്കുന്നു.
വിവിധഘടകങ്ങള്‍ ഏകോപിക്കുമ്പോള്‍ മാത്രമാണ് ഭാഷ ശരിയായ അര്‍ത്ഥം പകരുന്നത്. അതിനാല്‍ ധ്വനികളോ വാക്കുകളോ അല്ല വാക്യമാണ് യഥാര്‍ത്ഥ അര്‍ത്ഥ വിനിമയം നടത്തുന്നത്. മറ്റൊരു പ്രധാന വിഷയത്തിലും സൊസൂര്‍ വാക്യപദീയത്തെ ആശ്രയിക്കുന്നു. അതായത് ഒരു വാക്കിന്റെ സാക്ഷാല്‍ അര്‍ത്ഥം ആശയമാണ്, മൂര്‍ത്ത വസ്തുവല്ല. വസ്തു മനസ്സില്‍ പ്രതിബിംബിക്കുമ്പോഴുണ്ടാകുന്ന ആശയമാണ് ആ വസ്തുവിനെ പ്രതിനിധീകരിക്കുന്ന വാക്കിന്റെ അര്‍ത്ഥം. ഈ സിദ്ധാന്തം ഇപ്പോള്‍ പാശ്ചാത്യ അര്‍ത്ഥവാദത്തില്‍ ‘ഐഡിയേഷണല്‍ തിയറി ഓഫ് മീനിങ്’ എന്നറിയപ്പെടുന്നു. പ്രത്യേക വസ്തുക്കളെ തിരിച്ചറിയുന്നത് അവയെ സംബന്ധിച്ചുള്ള സാമാന്യ ആശയങ്ങള്‍ മുഖേനയാണെന്നും, സാമാന്യങ്ങള്‍ മനസ്സിന്റെ സംഭാവനയാണെന്നുമുള്ള വാക്യപദീയ ദര്‍ശനവും സൊസൂര്‍ സ്വീകരിക്കുന്നു. സൊസൂര്‍ ഭാഷാപഠനത്തെ ഡയക്രണിക്ക് പഠനമെന്നും സിന്‍ക്രണിക്ക് പഠനമെന്നും വേര്‍തിരിക്കുന്നുണ്ട്. ഡയക്രണിക്ക് പഠനത്തില്‍ ഭാഷയുടെ ഉല്‍പ്പത്തിയും വികാസവുമാണ് വിഷയം. ഇതില്‍ ഘടകങ്ങളെ വേര്‍തിരിച്ച് പഠിക്കുന്നു. സിങ്ക്രണിക്ക് പഠനത്തില്‍ ഒരു പ്രത്യേക കാലഘട്ടത്തിലെ ഭാഷയുടെ അവസ്ഥയാണ് വിഷയം. ഇതില്‍ ഭാഷാഘടകങ്ങളുടെ നിയമാനുസൃതമായിട്ടുള്ള ഘടനയാണ് പഠിക്കുന്നത്. സൊസൂര്‍ സിങ്ക്രണിക്ക് പഠനത്തിനാണ് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. കാരണം ഒരു ഭാഷ ശരിയായി ഉപയോഗിക്കാന്‍ പഠിക്കുന്നത് അതിന്റെ ഉല്‍പ്പത്തി അറിയുമ്പോഴല്ല, മറിച്ച് അതിന്റെ ഘടന സ്വായത്തമാകുമ്പോള്‍ മാത്രമാണ്. സൊസൂറിന്റെ ഈ വീക്ഷണം വാക്യപദീയത്തെ ആശ്രയിക്കുന്നതാണ്.
എന്നാല്‍ ധ്വനികളുടെയും വാക്കുകളുടെയും ഭിന്നതകളെയെല്ലാം യോജിപ്പിച്ച് ആശയ ഐക്യമുണ്ടാക്കുന്നത് ഇവയുടെയെല്ലാം ആധാരമായിട്ടുള്ള സ്ഫോടം എന്ന അതീന്ദ്രിയ ശക്തിയാണെന്ന വാക്യപദീയത്തിലെ തത്ത്വചിന്ത സൊസൂര്‍ സ്വീകരിക്കുന്നില്ല. അര്‍ത്ഥം പ്രകടമാക്കാനുള്ള വാക്കിന്റെ സാമര്‍ത്ഥ്യം അനാദിയാണെന്ന വൈയ്യാകരണ ദര്‍ശനവും സൊസൂര്‍ അംഗീകരിക്കുന്നില്ല. സൊസൂറിന്റെ വാദത്തില്‍ വാഗര്‍ത്ഥം ഒരു ഭാഷാസമൂഹം നിശ്ചയിക്കുന്ന വ്യവസ്ഥയില്‍പ്പെടുന്നതാണ്.
ഇപ്രകാരം ചില കാര്യങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കിലും വാക്കുകള്‍ ചേര്‍ന്നുണ്ടാകുന്ന വാക്യത്തിന്റെ ഘടനയാണ് ഭാഷയെ അര്‍ത്ഥവത്താക്കുന്നതെന്ന സൊസൂറിന്റെ ഘടനാവാദം വാക്യപദീയ സിദ്ധാന്തത്തിന്റെ പുനഃപ്രസിദ്ധീകരണമാണ്.
ഈ വാദമാണ് ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യഭാഷാ ശാസ്ത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. ഭാഷാരംഗത്ത് തുടക്കം കുറിച്ച ഘടനാ വാദം പിന്നീട് ഭൗതിക ശാസ്ത്ര ഗവേഷണ രംഗത്ത് അത്ഭുതകരമായ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കി. വാക്യപദീയത്തില്‍ ഭാഷാശാസ്ത്രം, തത്ത്വശാസ്ത്രം, മനഃശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നിവയെല്ലാം ഒരേ അടിസ്ഥാന തത്ത്വത്തില്‍ യോജിക്കുന്നതു കാണാം. ഇതിന്റെ പ്രേരണയാല്‍ ശാസ്ത്രത്തിന്റെ വിവിധ ശാഖകളാകുന്ന ഊര്‍ജ തന്ത്രം, രസതന്ത്രം, ജീവശാസ്ത്രം മുതലായവ കോര്‍ത്തിണക്കപ്പെട്ട് ഗവേഷണം നടത്തിയതിന്റെ ഫലമായി ബയോകെമിസ്ട്രി, ബയോ ഫിസിക്സ്, പരിസ്ഥിതി ശാസ്ത്രം, നാനോ സയന്‍സ് മുതലായ പുതിയ ശാഖകളുണ്ടായി. ഇപ്രകാരം മനുഷ്യരാശിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പാരസ്പരിക വൈജ്ഞാനിക ഗവേഷണങ്ങള്‍ക്ക് പ്രേരകമായത് വാക്യപദീയ ദര്‍ശനമാണെന്ന വാസ്തവം തിരിച്ചറിയേണ്ടതുണ്ട്.
വാക്യപദീയ ധ്വംസനം ദറിദയുടെ ലക്ഷ്യം
ആധുനിക കാലത്ത് പാശ്ചാത്യ ദേശത്തെ ഭാഷാശാസ്ത്ര ചര്‍ച്ച ഭാരതീയ വൈയ്യാകരണ സിദ്ധാന്തങ്ങളെ സ്വീകരിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തത്. സൊസൂറിന്റെ ഘടനാവാദമാണ് ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ യൂറോപ്പില്‍ ഉത്തരഘടനാ വാദം എന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഭരത്തൃഹരിയുടെ ദര്‍ശനത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ്. ഇതൊരു പുതിയ സിദ്ധാന്തമെന്ന പേരിലാണ് ജാക്ക് ദറിദയുടെ നേതൃത്വത്തില്‍ ഉത്തരാധുനിക ചിന്തകര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇത് സ്വതസ്സിദ്ധമോ ക്രിയാത്മകമോ ആയിട്ടുള്ള കാഴ്ചപ്പാടല്ല. നിഷേധാത്മകമായ ഒരു നിലപാട് മാത്രമാണ്. ഭാഷയെ സംബന്ധിക്കുന്ന വാക്യപദീയത്തിലെ ശബ്ദബ്രഹ്‌മത്തെയും അഖണ്ഡവാദത്തെയും എതിര്‍ക്കുന്ന ഈ വിച്ഛേദന വാദത്തിന്റെ ലക്ഷ്യം, ഭാഷാഘടകങ്ങളെ ഘടിപ്പിച്ചു നിര്‍ത്തുന്ന അതീന്ദ്രിയ സാന്നിധ്യത്തെ ഒഴിവാക്കുകയെന്നതാണ്.
പുരാതന ഗ്രീക്ക് തത്ത്വജ്ഞാനിയായ അരിസ്റ്റോട്ടില്‍ മുന്നോട്ടുവച്ച ഭാഷയുടെ അടിസ്ഥാനമായ ‘ലോഗോസ്’ എന്ന അതീന്ദ്രിയ തത്ത്വത്തെയും, ആധുനിക കാലത്ത് യൂറോപ്പില്‍ പ്രചരിപ്പിക്കപ്പെട്ട ഘടനാവാദത്തെയും എതിര്‍ത്തുകൊണ്ടാണ് ഉത്തരാധുനികതയുടെ ഉപജ്ഞാതാവായ ജാക്ക് ദറിദ ഭാഷാരംഗത്തേക്ക് കടന്നത്. ലോഗോസിനെയും ഘടനാവാദത്തെയുമാണ് പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നതെങ്കിലും വാസ്തവത്തില്‍ ദറിദ നിഷേധിച്ചത് ഭാരതീയ ഭാഷാ ശാസ്ത്രത്തിലെ വൈയ്യാകരണന്മാരുടെ സ്ഫോട സിദ്ധാന്തത്തെയും അഖണ്ഡവാദത്തെയുമാണ്. കാരണം ഭാഷയില്‍ അതീന്ദ്രിയമായിട്ടുള്ള അടിസ്ഥാന തത്ത്വവും പിന്നെ, വ്യാകരണ ഘടനയാണ് ആശയവിനിമയ ഹേതുവെന്ന അഖണ്ഡവാദവും ഒരുമിച്ച് പ്രകടമാകുന്നത് വാക്യപദീയത്തിലാണ്. മാത്രമല്ല, അരിസ്റ്റോട്ടിലോ സൊസൂറോ പറഞ്ഞിട്ടില്ലാത്തതും, എന്നാല്‍ ഭര്‍ത്തൃഹരി പറഞ്ഞിട്ടുള്ളതുമായ ആശയങ്ങളെയും ദറിദ എതിര്‍ക്കുന്നുണ്ട്. ഇതിനുദാഹരണമാണ് വാക്കും അതിന്റെ അര്‍ത്ഥവും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്ന സിദ്ധാന്തത്തോടുള്ള ദറിദയുടെ പ്രതിഷേധം. ഒരു വിത്തുപൊട്ടി രണ്ട് ദളങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദളങ്ങള്‍ തമ്മില്‍ അഭേദ്യബന്ധമുണ്ടെന്ന പോലെ, വൈയ്യാകരണന്മാരുടെ ദര്‍ശനത്തില്‍ വാക്കും അര്‍ത്ഥവും ഒരേ തത്ത്വത്തില്‍ നിന്ന് വിടരുന്നവയാണ്. ഈ സിദ്ധാന്തം അരിസ്റ്റോട്ടിലിന്റേതോ സൊസൂറിന്റേതോ അല്ല. പൂര്‍വ്വമീമാംസകരും വൈയ്യാകരണന്മാരുമാണ് ഇതിന്റെ വക്താക്കള്‍. ഭര്‍ത്തൃഹരിയെ നേരിട്ട് എതിര്‍ക്കാതെ ദറിദ വളഞ്ഞ വഴിയിലൂടെ സ്ഫോടത്തെയും വ്യാകരണ സിദ്ധാന്തത്തെയും തള്ളുന്നതിന് കാരണമുണ്ട്. ആധുനിക കാലത്ത് യൂറോപ്പിലെ പല തത്ത്വചിന്തകന്മാരും ഭാരതീയ ദര്‍ശനങ്ങളെ പഠിക്കുകയും അവ, പഴയ വീഞ്ഞ് പുതിയ കുപ്പികളിലെന്നപോലെ, നവീനമായ പേരുകളില്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്. ജര്‍മന്‍കാരായ ഫ്രീഡ്രറിക്ക് ഹെഗല്‍, ഇമാന്വല്‍ കാന്റ്, ഫ്രീഡ്രറിക്ക് നീച്ചെ മുതലായവര്‍ ഇവരില്‍പ്പെടുന്നു. ഭാരതീയരുടെ വിലപ്പെട്ട സംഭാവനകളെ പരസ്യമായി ശ്ലാഘിക്കുകയും അംഗീകരിക്കുകയും ചെയ്ത പാശ്ചാത്യ പണ്ഡിതന്മാരില്‍പ്പെടുന്നവരാണ് മനഃശാസ്ത്രകാരനായ കാള്‍ യൂങ്ങ്, ഭാഷാശാസ്ത്രകാരന്മാരായ ലിയോനാര്‍ഡ് ബ്ലൂംഫീല്‍ഡ്, നോം ചോമ്സ്‌കി മുതലായവര്‍. പക്ഷേ ദറിദ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണ്. ഭാരതീയ ദര്‍ശനങ്ങളെ ആശ്രയിക്കുന്നത് മറച്ചുപിടിച്ചുകൊണ്ട് അവയെ ദറിദ വളഞ്ഞ വഴിയിലൂടെ ആക്രമണവിധേയമാക്കുന്നത്, തന്റേതായ പുതിയ നിര്‍മിതിയെന്ന പേരില്‍ സിദ്ധാന്തം ചമച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ്. പ്രത്യക്ഷത്തില്‍ ലോഗോസിനെയും ഘടനാവാദത്തെയും ആക്രമിച്ചുകൊണ്ട് ദറിദ പ്രസിദ്ധപ്പെടുത്തിയ ഉത്തരഘടനാ വാദം തികച്ചും നവീനവും തനിക്ക് സ്വന്തമാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു. ഇതില്‍ ദറിദ വളരെയേറെ വിജയിക്കുകയും ചെയ്തു. ദറിദ മുന്നോട്ടുവച്ച ഉത്തരഘടനാവാദവും ഭര്‍ത്തൃഹരിയുടെ സ്ഫോടവാദവും തമ്മില്‍ താരതമ്യം ചെയ്താല്‍ ഈ തന്ത്രം ബോധ്യപ്പെടുന്നതാണ്. ഭര്‍ത്തൃഹരി ഏതൊക്കെ ആശയങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ടോ അവയുടെയെല്ലാം വിപരീതം പറയുക മാത്രമാണ് ദറിദ ചെയ്തിട്ടുള്ളത്. അല്ലാതെ, നൂതനമായ യാതൊരു രചനയും ദറിദയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
പുതിയ ആവിഷ്‌ക്കാര രീതികള്‍ തേടുന്ന നിരവധി എഴുത്തുകാര്‍ ഉത്താരധുനികതയെ അവലംബിക്കുന്നുണ്ട്. ജീവിത സാഹചര്യങ്ങള്‍ കാലത്തിനനുസരിച്ച് പുതുരൂപങ്ങള്‍ സ്വീകരിക്കുന്നു. പക്ഷേ സത്യം ഏറ്റവും പുരാതനവും മാറ്റമില്ലാത്തതുമാണ്. മനുഷ്യരുടെ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് അതിന്റെ സ്വരൂപം മാറുന്നതല്ല. പുതിയ സാഹചര്യങ്ങളെ സത്യധര്‍മ്മാദിമൂല്യങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നതിലാണ് നൂതന സങ്കല്പങ്ങളുണ്ടാകേണ്ടത്. പക്ഷേ പുതുതലമുറയുടെ പുതുമകള്‍ക്കായി ശ്രേഷ്ഠമൂല്യങ്ങളെ ബലികഴിക്കുന്ന ഉത്തരാധുനിക സങ്കല്പങ്ങള്‍ സംസ്‌കാരഹീനവും അര്‍ത്ഥ ശൂന്യവുമാണ്.
(അവസാനിച്ചു)















