ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നാരീപൂജ ദര്‍ശനപുണ്യമായി. സ്ത്രീകളെ ദേവതാ സങ്കല്‍പ്പമായി കരുതി ആചാര വിധിപ്രകാരം പ്രത്യേകം തയാറാക്കിയ പീഠത്തില്‍ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങിനാണ് ചക്കുളത്തുകാവ് ക്ഷേത്രം സാക്ഷ്യം വഹിച്ചത്. സ്ത്രീകളെ ദേവതയായി ആരാധിക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ പവിത്രമായ ആചാരം ദര്‍ശിക്കാനും പങ്കെടുക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം നാരീപൂജ ചടങ്ങിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ക്ഷേത്ര മാനേജിങ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷനായി. ശീമാട്ടി സിഇഒ ബീനാ കണ്ണന്റെ പാദം കഴുകി പൂജിച്ച് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന രമേശ് ഇളമണ്‍ നമ്പൂതിരി നിര്‍വഹിച്ചു.
ചക്കുളത്തമ്മ മാതൃസമിതി, ഉത്സവ കമ്മറ്റി, മീഡിയ കണ്‍വീനര്‍ അജിത്ത് കുമാര്‍ പിഷാരത്ത്, എന്നിവര്‍ നേതൃത്വം നല്‍കി. 26ന് രാവിലെ ഒന്‍പതിന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് മൂന്നിന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും.
കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം നല്‍കും. സമാപന ദിവസമായ 27ന് കാവടി – കരകാട്ടവും ചക്കരക്കുളത്തില്‍ ആറാട്ടും, കൊടിയിറക്കവും തുടര്‍ന്ന് മഞ്ഞള്‍നീരാട്ടും നടക്കും.
















