തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടില്‍നിന്ന് 200 കോടി രൂപ യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കാതെയുള്ള രാഷ്‌ട്രീയ പ്രതികാരം വീട്ടലാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ച് നവംബര്‍ പതിനൊന്നിനാണ് ഇത്രയും തുക ട്രഷറിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ കത്തയച്ചത്. തെരഞ്ഞെടുപ്പിനു ശേഷം ആര് അധികാരത്തില്‍ വരുമെന്ന് അറിയുന്നതിന് മുന്‍പാണ് ഇങ്ങനെയൊരു കത്തയച്ചതെന്നും, അതുകൊണ്ട് ഇതില്‍ രാഷ്‌ട്രീയമില്ലെന്നും വാദിച്ചാല്‍ അത് ശരിയാവില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പാവുകയും ചെയ്തതോടെ 200 കോടി അടിയന്തരമായി ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടത് വളരെ ആസൂത്രിതമാണ്. ബിജെപിയുടെ ഭരണസമിതി അധികാരത്തിലേറിയാല്‍ പണം ലഭിക്കില്ലെന്ന് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നീക്കം. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കു ശേഷം കൗണ്‍സില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ പണം പിന്‍വലിക്കണമെങ്കില്‍ കൗണ്‍സിലിന്റെ അനുമതി വേണം. ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തിയിരിക്കുന്നത്.
മൂന്നര പതിറ്റാണ്ട് കാലം ഭരണം നടത്തിയിരുന്ന കോര്‍പ്പറേഷനാണ് സിപിഎമ്മിനെ കൈവിട്ടിരിക്കുന്നത്. സംസ്ഥാനം കോണ്‍ഗ്രസ് ഭരണത്തിലായിരുന്നപ്പോഴും തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിപിഎമ്മിനും ഇടതുമുന്നിക്കുമാണ് ലഭിച്ചു പോന്നത്. തുടര്‍ച്ചയായ ഭരണത്തിലൂടെ അഴിമതിയുടെ കൂത്തരങ്ങാക്കി തിരുവനന്തപുരം കോര്‍പ്പറേഷനെ മാറ്റുകയാണ് സിപിഎം ചെയ്തത്. എല്ലാ പരിധികളും ലംഘിച്ചുകൊണ്ടുള്ള സ്വജനപക്ഷപാതമാണ് സിപിഎം ഭരണത്തില്‍ കോര്‍പ്പറേഷനില്‍ നടന്നത്. സ്ഥിരം ജീവനക്കാരായി നിയമനം ലഭിച്ചവരില്‍ ബഹുഭൂരിപക്ഷവും, താല്‍ക്കാലിക ജീവനക്കാരില്‍ ഏതാണ്ട് എല്ലാവരും തന്നെ സിപിഎമ്മുകാരാണ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലും ആള്‍മാറാട്ടം നടത്തി പാര്‍ട്ടിക്കാര്‍ തട്ടിയെടുക്കുന്ന സ്ഥിതി വന്നിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളൊക്കെ പുറത്തുവരുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്.
കോര്‍പ്പറേഷന്റെ പണം ആറുമാസത്തേക്ക് ട്രഷറിയിലേക്ക് മാറ്റണമെന്നാണ് നിര്‍ദ്ദേശം. പക്ഷേ ഈ പണം ഒരിക്കലും തിരികെ ലഭിക്കാന്‍ സാധ്യതയില്ല. കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം 200 കോടി എന്നത് വലിയ തുകയാണ്. പുതുതായി അധികാരത്തിലേറുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ഞെരുക്കുകയെന്ന ദുഷ്ടലാക്കാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. നഗരസഭയില്‍ ആസൂത്രിതമായ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി ജനങ്ങളെ ഭരണസമിതിക്ക് എതിരാക്കുകയെന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. തങ്ങള്‍ക്ക് വോട്ട് ചെയ്യാതിരുന്ന ജനങ്ങളെ ദ്രോഹിക്കുകയെന്നതും സിപിഎമ്മിന്റെ ലക്ഷ്യമാണ്.
സങ്കുചിത രാഷ്‌ട്രീയം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സിപിഎമ്മും പിണറായി സര്‍ക്കാരും ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നവരല്ല. രാഷ്‌ട്രീയ പ്രതിയോഗികളെ ഏതുവിധേനയും ഇല്ലാതാക്കുക എന്നതാണ് അവരുടെ തന്ത്രം. ഇതാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലും കാണുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയും ചെയ്യാം. തങ്ങള്‍ ചെയ്യാത്ത വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും മറ്റാരും ചെയ്യാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം നടത്തേണ്ടിയിരിക്കുന്നു.
















