കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ രണ്ടാം സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് കിരീടം. ഫൈനലില്‍ തൃശൂര്‍ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ് കളിച്ചു.18-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അസിയര്‍ ഗോമസാണ് കണ്ണൂരിനെ മുന്നിലെത്തിച്ചത്. തിരിച്ചടിക്കാനുളള തൃശൂരിന്റെ ശ്രമം ഫലിച്ചില്ല.
രണ്ടാം പകുതിയില്‍ കണ്ണൂര്‍ പ്രതിരോധം കടുപ്പിച്ചു. ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്ത് പേരായി ചുരുങ്ങിയ കണ്ണൂരിന്റെ വല ചലിപ്പിക്കാന്‍ തൃശൂര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ഫലം കണ്ടില്ല.
ആദ്യ സീസണിലെ ചാമ്പ്യന്മാരും ഇത്തവണ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ സെമിയില്‍ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തിയാണ് കണ്ണൂര്‍ ഫൈനലിലെത്തിയത്.














