കൊച്ചി: സര്‍ക്കാരിന്‌റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഐഎഫ്എഫ്‌കെയ്‌ക്ക് എത്തിയവര്‍ക്ക് ഡിന്നര്‍ ഒരുക്കിയതിനെതിരെ താര സംഘടനയായ അമ്മയില്‍ പ്രതിഷേധം കനക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് സെക്രട്ടറി കുക്കു പരമേശ്വരനുമായി പ്രസിഡന്‌റ് ശ്വേതാ മേനോനുള്ള ഭിന്നത പുറത്തുവന്നു. ശ്വേതാ മേനോന്‍ സംഘടനയുടെ ഒദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നെല്ലാം പുറത്തുപോയി. ‘ഇനി ജനറല്‍ ബോഡിക്കു കാണാം’ എന്ന മേസേജിനു ശേഷമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ നിന്നടക്കം ലെഫ്റ്റായത്.
അമ്മയുടെ കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തില്‍ കുറച്ചു അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഈ യോഗത്തിലാണ് ഐഎഫ്എഫ്‌കെയ്‌ക്ക് എത്തുന്നവര്‍ക്ക് ഡിന്നര്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ഇതിനെതിരെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും മല്ലികാ സുകുമാരനും അടക്കമുള്ളവര്‍ രംഗത്തു വന്നു. ചാരിറ്റി സംഘടന എന്ന നിലയ്‌ക്ക് ഇത്തരം കാര്യങ്ങള്‍ നടത്തുന്നതിനെതിരെയായിരുന്നു എതിര്‍പ്പ് ഉയര്‍ന്നത്. മാത്രമല്ല, സാമ്പത്തിക സ്ഥിതി അത്ര ഭദ്രമല്ലെന്നും അര്‍ഹരായ പലര്‍ക്കും പുതുതായി കൈനീട്ടം നല്‍കാനാവാത്ത വിധം പ്രതിസന്ധിയുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി. ഇടതുസര്‍ക്കാരുമായി ബന്ധം പുലര്‍ത്തുന്ന സെക്രട്ടറി കുക്കു പരമേശ്വരന്‍ വകുപ്പു മന്ത്രി സജി ചെറിയാന്‌റെ നിര്‍ദേശപ്രകാരമാണ് ഡിന്നര്‍ സംഘടിപ്പിച്ചതെന്നാണ് വിവരം. എന്നാല്‍ മന്ത്രി ഡിന്നറില്‍ പങ്കെടുത്തുമില്ല. ഇതാണ് ശ്വേത മേനോന്‍ അടക്കമുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളെ പ്രകോപിപ്പിച്ചത്.
















