കണ്ണൂര്‍: ആരാധക പിന്തുണകൊണ്ടും പ്രേക്ഷക പിന്തുണകൊണ്ടും സൂപ്പര്‍ ലീഗ് കേരള ചരിത്രം സൃഷ്ടിക്കുന്നു. ആറ് വേദികളിലായി നടന്ന പ്രാഥമിക റൗണ്ട് മുതല്‍ ഇക്കഴിഞ്ഞ രണ്ട് സെമിഫൈനല്‍ മത്സരങ്ങള്‍ വരെ അതിന് തെളിവാണ്.
കോഴിക്കോടും തൃശൂരും നടന്ന രണ്ട് സെമിഫൈനലുകള്‍ മാത്രം കാണാനായി 40000ത്തിലേറെ കാണികളാണ് സ്റ്റേഡിയങ്ങളിലേക്ക് എത്തിയത്. ആരാധകരുടെ വമ്പിച്ച പങ്കാളിത്തം ലീഗിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയെയും കേരളത്തിന് ഫുട്ബോളിനോടുള്ള ആഴത്തിലുള്ള സ്നേഹവും ഈ കണക്കുകള്‍ വ്യക്തമാക്കുന്നതാണെന്ന് സൂപ്പര്‍ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗാലറികളിലെ ആവേശകരമായ അന്തരീക്ഷം സംസ്ഥാനത്ത് ലൈവ് ഫുട്ബോള്‍ സംസ്‌കാരത്തിന്റെ ശക്തമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റേഡിയങ്ങള്‍ക്ക് പുറമെ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ലീഗ് വന്‍ വിജയമായിരുന്നു. 11.6 ലക്ഷത്തിലധികം പേരാണ് സ്പോര്‍ട്സ് ഡോട്ട് കോം വഴി തത്സമയം മത്സരം കണ്ടത്. സോണി, ദൂരദര്‍ശന്‍, ഇത്തിസലാത്ത് ഇവിഷന്‍ എന്നിവയിലൂടെയുള്ള സംപ്രേക്ഷണവും മുന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുമെന്നാണ് കരുതുന്നതെന്ന് സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞു. ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിറ്റുതീര്‍ന്നത് ഫൈനലിനെതിരെയുള്ള ആരാധകരുടെ കാത്തിരിപ്പും ആവേശവും വ്യക്തമാക്കുന്നു, മാത്യു ജോസഫ് പറഞ്ഞു.
റിക്കാര്‍ഡ് ജനപങ്കാളിത്തവും, കുതിച്ചുയരുന്ന പ്രേക്ഷകശ്രദ്ധയും, ആഘോഷലഹരിയും ഒത്തുചേരുമ്പോള്‍, സംസ്ഥാനത്തെ കായിക ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നായി സൂപ്പര്‍ ലീഗ് കേരള സീസണ്‍ 2 ഫൈനല്‍ മാറുമെന്ന് ഉറപ്പാണ്.
















