തിരുവനന്തപുരം (18-12-2025): രാജ്യത്ത് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘സ്വദേശ് ദര്‍ശന്‍ 2.0’ പദ്ധതിയിലൂടെ കേരളത്തിന് ഇതുവരെ അനുവദിച്ചത് 182.86 കോടി രൂപയെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം.
കുമരകം, ആലപ്പുഴ, മലമ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. ഇതിനുപുറമെ സ്വദേശ് ദര്‍ശന്‍, ചലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷന്‍ ഡെവലപ്‌മെന്റ്, പ്രസാദ്, അസിസ്റ്റന്‍സ് ടു സെന്‍ട്രല്‍ ഏജന്‍സീസ് ഫോര്‍ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ്, സ്‌പെഷല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്നീ പദ്ധതികള്‍ വഴിയും കേരളത്തിലെ ടൂറിസം മേഖലാ വികസനത്തിനായി സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് ലോക്‌സഭയില്‍ പറഞ്ഞു.
കുമരകം പക്ഷിസങ്കേതത്തിനായി 2023-24 കാലയളവില്‍ 13.81 കോടി രൂപയും ആലപ്പുഴ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡിനായി 93.18 കോടി രൂപയും മലമ്പുഴ ഗാര്‍ഡന്‍, ഉല്ലാസ കേന്ദ്രം എന്നിവയ്‌ക്കായി 75.87 കോടി രൂപയും 2024-25 കാലയളവില്‍ അനുവദിച്ചു.
മലപ്പുറം ജില്ലയിലെ തീരദേശ സമൂഹങ്ങളുടെ വികസനത്തിനായുള്ള പദ്ധതികള്‍ തീരദേശ സര്‍ക്യൂട്ട് വികസനത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് തീരദേശ സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതും വികസിപ്പിക്കുന്നതും പ്രാഥമികമായി അതത് സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയാണെന്ന് മന്ത്രി മറുപടി നല്‍കി.
















