ന്യൂദല്‍ഹി: വയനാട് ജില്ലയിലെ കാപ്പി കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. പി.ടി. ഉഷ എംപി. സീറോ അവറിലാണ് അവര്‍ വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. വയനാട്ടിലെ കാപ്പി കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരവും സമയബന്ധിതവുമായ ഏകോപിത നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ കാപ്പി സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വയനാട് മേഖലയില്‍ കൃഷിയും കര്‍ഷകരുടെ ജീവനും നിലനില്‍പ്പും ഗുരുതര ഭീഷണി നേരിടുകയാണെന്ന് ഉഷ ചൂണ്ടിക്കാട്ടി. മേഖലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം അതിരൂക്ഷമാണ്. വന്യജീവികള്‍ കാപ്പിത്തോട്ടങ്ങളിലെത്തി വിളനാശം ഉണ്ടാക്കുന്നത് തടയാന്‍ നടപടി വേണം. കര്‍ഷകരുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യവും ഉണ്ട്. പരിസ്ഥിതി – വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംസ്ഥാന വനംവകുപ്പും അടിയന്തര ഇടപെടലുകള്‍ നടത്തണം.
വിള ഇന്‍ഷൂറന്‍സ് സംവിധാനങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍ പരാജയപ്പെടുന്നു. ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ കോഫി ബോര്‍ഡ് എല്ലാ പങ്കാളികളുടെയും യോഗം വിളിക്കണം. തൊഴിലാളിക്ഷാമം കാപ്പിത്തോട്ടങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഭൂപ്രകൃതിക്ക് അനുയോജ്യമായ യന്ത്രവല്‍ക്കരണം നടപ്പാക്കണം. തൊഴിലാളികളെയും കര്‍ഷകരെയും ബന്ധിപ്പിക്കുന്ന ലളിതമായ മൊബൈല്‍ പ്ലാറ്റ്ഫോമും പരിഗണിക്കണം. കോഫി ബോര്‍ഡ് സബ്സിഡി പദ്ധതികളില്‍ ഉള്ള താമസവും കര്‍ശനമായ സമയപരിധിയും കാരണം യഥാര്‍ത്ഥ കര്‍ഷകര്‍ അന്യായമായി പുറത്താകുന്ന സാഹചര്യമുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സബ്സിഡി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുകയും അതേവര്‍ഷം പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്ക് സൗകര്യപ്രദമായ ഇളവുകളും നല്‍കണം.
വിലസ്ഥിരീകരണ നിധി കര്‍ഷക ക്ഷേമത്തിനായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. 2030 ഓടെ കാപ്പി കൃഷിയെ എഐ അധിഷ്ഠിത സ്മാര്‍ട്ട് ഫാമുകളാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയും അവര്‍ ഉന്നയിച്ചു.
ജിഐ ടാഗ് ലഭിച്ച വയനാട് റോബസ്റ്റ കാപ്പിക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനായി വാര്‍ഷിക കപ്പിംഗ് മത്സരങ്ങളും ഗുണനിലവാര ബോധവല്‍ക്കരണ പരിപാടികളും കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
















