ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിന്റെ വലിയ സുഹൃത്തെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാരതത്തിലെ യുഎസ് എംബസി അപ്രതീക്ഷിതമായാണ് ട്രംപിന്റെ ഈ സന്ദേശം പുറത്തുവിട്ടത്. ഇന്‍ഡോ- പസഫിക് മേഖലയിലെ ഭാരതവുമായുള്ള പങ്കാളിത്തം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു സന്ദേശം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളുടെ ആസ്ഥാനമാണ് ഭാരതം. ഇന്‍ഡോ-പസഫിക് മേഖലയില്‍ ഭാരതം അത്ഭുതകരമായ രാജ്യവും യുഎസിന്റ പ്രധാന പങ്കാളിയുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിന്റെ മഹത്തായ സുഹൃത്താണെന്നും ട്രംപ് പറയുന്ന കുറിപ്പ് ചൊവ്വാഴ്ചയാണ് എംബസി ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അധിക തീരുവ ചുമത്തിയതുമായി ബന്ധപ്പെട്ട് ഭാരതവും യുഎസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും ഉഭയകക്ഷി വ്യാപാരക്കരാറിനായി പ്രവര്‍ത്തിക്കുന്നതിനുമായി യുഎസ് പ്രതിനിധി സംഘം ന്യൂദല്‍ഹിയില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. കൂടാതെ സൈനിക സഹകരണ കരാറില്‍ ഭാരതവും റഷ്യയും ഒപ്പുവെച്ചതിനു പിന്നാലെയാണ് യുഎസ് എംബസി ട്രംപിന്റെ സന്ദേശം പുറത്തുവിടുന്നത്.
ഭാരതത്തിനെതിരെ അധിക തീരുവ ചുമത്തിയതില്‍ യുഎസില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയം അവതരിപ്പിക്കുകയും ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഭാരതത്തിനെതിരെ ചുമത്തിയ തീരുവ നിയമ വിരുദ്ധമാണെന്നും യുഎസിനിത് വിനാശകരമാകുമെന്നും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും മോദിയും കൂടിയുള്ള പടം ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു പ്രതിഷേധം അറിയിച്ചത്.
















