പത്തനംതിട്ട: സ്വര്‍ണക്കൊള്ളയിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും രണ്ട് ഉദ്യോഗസ്ഥരെയും എസ്‌ഐടി ചോദ്യം ചെയ്തു. ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യുമെന്നാണ് വിവരം. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും വേര്‍തിരിച്ചെടുത്ത 420 ഗ്രാമില്‍ അധികം വരുന്ന സ്വര്‍ണം ബെല്ലാരിയിലെ ഗോവര്‍ദ്ധന്‍ എന്ന ജൂവലറി ഉടമയ്‌ക്ക് വിറ്റതായാണ് എസ്‌ഐടിക്ക് ഇതുവരെ ലഭ്യമായ വിവരം.
ഗോവര്‍ദ്ധനില്‍ നിന്നും ഈ സ്വര്‍ണം എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം തന്നെയാണൊ എന്നുറപ്പിക്കാന്‍ ഗോവര്‍ദ്ധനെയും, ഇതുവരെ ചോദ്യം ചെയ്യാത്ത കല്‍പേഷിനെയും വൈകാതെ ചോദ്യം ചെയ്യുമെന്ന് അറിയുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും ഗോവര്‍ദ്ധന് സ്വര്‍ണം എത്തിച്ചുകൊടുത്തത് കല്‍പേഷാണ്.
2019-ല്‍ ശബരിമല ശ്രീകോവിലില്‍ നിന്നും ഇളക്കിയെടുത്ത പാളികള്‍ തന്നെയാണൊ തിരികെ എത്തിച്ചതെന്ന് വ്യക്തമാക്കുന്ന സാമ്പിള്‍ പരിശോധനാ ഫലം വന്ന ശേഷമാകും തുടര്‍ നടപടി. ഇതിനിടെ ദ്വാരപാലക പാളികള്‍ വിദേശത്തേക്ക് കടത്തിയതായി രമേശ് ചെന്നിത്തലയോട് വെളിപ്പെടുത്തിയ വിദേശ വ്യവസായിയെ ഈ ആഴ്‌ച്ച ചോദ്യം ചെയ്‌തേക്കും.
















