ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ വെടിവച്ചിട്ട പാകിസ്ഥാന്റെ യെഹ്‌വ ഡ്രോൺ, തന്റെ ഔദ്യോഗിക വസതിയിൽ യുദ്ധ ട്രോഫിയായി പ്രദർശിപ്പിച്ച് സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി . തുർക്കിയിൽ നിന്നാണ് പാകിസ്ഥാൻ ഈ ഡ്രോൺ വാങ്ങിയത്.
1971 ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തോടനുബന്ധിച്ചാണ് ജനറൽ ഉപേന്ദ്ര തന്റെ ഔദ്യോഗിക വസതിയിൽ സൈനിക ഉദ്യോഗസ്ഥർക്കായി സ്വീകരണം നൽകിയത്. ഇന്ത്യയിലെ പഞ്ചാബ് സെക്ടറിലെ ഇന്ത്യൻ സൈനിക താവളത്തെ ആക്രമിക്കാൻ പാകിസ്ഥാൻ ലാഹോറിൽ നിന്നാണ് യേഹ്‌വ ഡ്രോൺ വിക്ഷേപിച്ചത്.
അമൃത്സർ സെക്ടറിൽ ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന യേഹ്‌വ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചു വീഴ്‌ത്തി. പഞ്ചാബിലെ സൈനിക കേന്ദ്രം ലക്ഷ്യമിടാൻ ഉദ്ദേശിച്ചിരുന്നതായി ഡ്രോണിന്റെ സെൻസറുകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായതായും ഉദ്യോഗസ്ഥർ പറഞ്ഞു .
ഓപ്പറേഷൻ സിന്ദൂരിനിടെ , പാകിസ്ഥാൻ മൂന്ന് ദിവസങ്ങളിലായി ഇന്ത്യയ്‌ക്കെതിരെ ഏകദേശം 1,000 ഡ്രോണുകൾ വിക്ഷേപിച്ചു. ഇവയിൽ വലിയൊരു പങ്കും നിരീക്ഷണ ഡ്രോണുകളായിരുന്നു.













