കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗം സമീഷ്. മുസ്‌ലിം ലീഗ് നേതാക്കള്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും അരിവാള്‍ കൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാമെന്നുമായിരുന്നു ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം സമീഷിന്റെ ഭീഷണി. ലീഗിന് കരിദിനം ആചരിക്കേണ്ടി വരുമെന്നും സജീഷ് പ്രതിഷേധ യോഗത്തില്‍ പറഞ്ഞു.
‘എതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചാല്‍ നാളെ മുസ്‌ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും. ഞങ്ങളുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. ഞങ്ങള്‍ക്ക് അരിവാള്‍ കൊണ്ട് ചില പരിപാടി അറിയാം. അത് മുസ്‌ലിം ലീഗുകാരന് ബോധ്യപ്പെടുത്തി കൊടുക്കാനുള്ള അവസരം ഉണ്ടാക്കരുത്. ഇന്ന് ഒരു പടക്കം എറിഞ്ഞ് ഞങ്ങളുടെ സഖാവിന്റെ വീട്ടില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ആ പ്രകോപനം ഇന്നലെയും ഇന്നും നിങ്ങള്‍ ഉണ്ടാക്കി. ഈ നിമിഷം മുതല്‍ മുസ്‌ലിം ലീഗിന്റെ നേതാക്കള്‍ വീട്ടില്‍ അന്തിയുറങ്ങില്ലെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്. നേരത്തെയും ലീഗും സിപിഐഎമ്മും ഏറ്റമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ നഷ്ടം മുസ്ലിം ലീഗിനാണ്. ആ ബോധ്യം മുസ്‌ലിം ലീഗിന്റെ നേതാക്കന്മാര്‍ക്ക് ഉണ്ടാകും. ഞങ്ങള്‍ ഇപ്പോള്‍ ക്ഷമിച്ചത് കൊണ്ടുമാത്രമാണ് സംഘര്‍ഷമുണ്ടാകാത്തത്’, എന്നായിരുന്നു സജീഷ് പറഞ്ഞത്.
ഫറോഖ് മുന്‍സിപ്പാലിറ്റിയില്‍ ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് അതിക്രമം കാണിച്ചുവെന്നാരോപിച്ച് സിപിഐഎം നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് വിവാദ പ്രസംഗം. ഫറോക്ക് നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തിയിരുന്നു. അതില്‍ ലീഗിന്റെയും യുഡിഎഫിന്റെയും ആഘോഷ പ്രകടനത്തിനിടെ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്ക് ഗുണ്ടെറിഞ്ഞിരുന്നിരുന്നു. ഇതില്‍ സിപിഐഎം പ്രതിഷേധ യോഗം സംഘടിപ്പിക്കുകയായിരുന്നു.
















