വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി, തൃപ്രയാറിലെ പ്രധാന ആണ്ടു വിശേഷമാണ്. ഭുക്തിയും മുക്തിയുമാണ് ഏകാദശി നോല്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നത്. അംബരീഷ മഹാരാജാവിന്റെ കാലം മുതല്‍ക്കാണ് ഏകാദശി വ്രതാചരണത്തിന് വളരെ പ്രാധാന്യം ലഭിച്ചത്.
വെളുത്തപക്ഷ ഏകാദശിയാണ് വിഷ്ണു ക്ഷേത്രങ്ങളില്‍ ആചരിക്കുന്നതങ്കിലും ഇവിടെ കറുത്തപക്ഷ ഏകാദശിയാണ് ആചരിക്കുന്നത്. അതിനുള്ള കാരണം തൃപ്രയാറപ്പനില്‍ ശൈവാംശം ഉള്‍ക്കൊള്ളുന്നുണ്ടെന്ന സങ്കല്പമാണ്. മാത്രമല്ല ശിവന് പിതൃക്കളുടെ ആധിപത്യം കൂടിയുണ്ട്. ഇതുകൂടാതെ ശനിയുടെ അധിദേവതയായ ശ്രീധര്‍മശാസ്താവിന്റെ സാന്നിദ്ധ്യവും കൃഷ്ണപക്ഷ ഏകാദശിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ദേവന്മാര്‍ക്ക് ശുക്ലപക്ഷവും പിതൃക്കള്‍ക്ക് കൃഷ്ണപക്ഷവുമാണ് പ്രധാനമായി കണക്കാക്കപ്പെടുന്നത്. ആയതിനാല്‍ തൃപ്രയാര്‍ ഏകാദശിവ്രതം അനുഷ്ഠിക്കുന്നവര്‍ക്കു മാത്രമല്ല അവരുടെ പിതൃക്കള്‍ക്കും പിതാമഹന്മാര്‍ക്കും കൂടി മുക്തി ലഭിക്കുന്നുവത്രെ.
തൃപ്രയാര്‍ ക്ഷേത്രത്തില്‍ രണ്ട് വൈഷ്ണവ അവതാരങ്ങളുടെ സാന്നിദ്ധ്യം നമുക്ക് പ്രത്യക്ഷത്തില്‍ തന്നെ കാണാം. ഏഴാമത്തെ അവതാരമായ ശ്രീരാമനും ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണനും ആണ് ഇവിടെയുള്ളത്. (പ്രധാന ദേവനായ ശ്രീരാമനും ഉപദേവനായ ഗോശാല കൃഷ്ണനും). രണ്ടിനെക്കുറിച്ച് പറയുന്നതിനിടയില്‍ ഗോശാല കൃഷ്ണനെ സംബന്ധിച്ച ഒരു ചെറിയ കാര്യം മറന്നുപോകരുത്. താന്‍ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹത്തെ ഭക്തര്‍ ആരാധിക്കുന്നത് കണ്ട് നിര്‍വൃതികൊള്ളുന്ന കൃഷ്ണനെ വന്ദിക്കുന്നത് വളരെ ഐശ്വര്യമായി ഭക്തര്‍ കരുതുന്നു.
ഇനി ശൈവ ചൈതന്യങ്ങളുടെ കാര്യം പരിഗണിക്കുകയാണെങ്കില്‍ ഇവിടെ നമുക്ക് ആറ് ശിവചൈതന്യങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്. ഹനുമാന്‍, ദക്ഷിണാമൂര്‍ത്തി, ധര്‍മശാസ്താവ്, ഗണപതി, വിഷ്ണുമായ ചാത്തന്‍, പിന്നെ പ്രധാന പ്രതിഷ്ഠയുടെ കയ്യിലുള്ള വില്ല്. അപ്പോള്‍ എങ്ങനെയാണ് ഇവിടുത്തെ കാര്യങ്ങളെ മഥനം ചെയ്യുമ്പോള്‍ രണ്ടിനെ ഒഴിവാക്കി നിര്‍ത്തുക?
ജലസാന്നിധ്യങ്ങളെ ഗംഗാസമാനമാക്കുന്നു
ആറാട്ടുപുഴ ദേവമേളയ്‌ക്കായി പുറപ്പെടുന്നത് മുതല്‍ എട്ടു ദിവസം ഭഗവാന്‍ പറയെടുപ്പിനും ആറാട്ടിനും മറ്റുമായി നാടിന്റെ പല ഭാഗങ്ങളിലും പോകുന്നുണ്ട്. ഈ ദിവസങ്ങളില്‍ ആറാട്ടുപുഴയിലെ മന്ദാരക്കടവ് അടക്കമുള്ള എട്ട് ജലസാന്നിധ്യങ്ങളെ ഭഗവാന്‍ ഗംഗാസമാനമാക്കി മാറ്റുന്നു. പുത്തന്‍കുളം, സേതുകുളം, ബ്ലാഹയില്‍ കുളം (കണ്ണമ്പിള്ളിചിറ), കോതകുളം, രാമന്‍കുളം, കുറുക്കന്‍ കുളം, കുട്ടന്‍കുളം എന്നീ സ്വാഭാവിക ജലസംഭരണികളെ ഭഗവത്സാന്നിധ്യം തീര്‍ത്ഥമയമാക്കുന്നുണ്ട്. ഇവിടെയും വിട്ടുപോകാതെ രണ്ടിന്റെ സാന്നിധ്യം കാണുവാന്‍ സാധിക്കുന്നു. എട്ടു ദിവസങ്ങളിലായി എട്ട് തീര്‍ത്ഥം, അതായത് രണ്ട് ഗുണം നാല് (2 x 4 = 8). എട്ടും നാലുമെല്ലാം രണ്ടിന്റെ ഗുണിതങ്ങള്‍ ആണല്ലോ?
ദീപാരാധനയില്ലാതെ എട്ട് ദിവസം
ദീപാരാധന ക്ഷേത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണെന്ന് നമുക്കറിയാം. എന്നാല്‍ മകീര്യം പുറപ്പാടിനു ശേഷം തൃപ്രയാര്‍ ക്ഷേത്രത്തില്‍ തുടര്‍ച്ചയായി എട്ട് ദിവസം ദീപാരാധന ഉണ്ടാകാറില്ല! നിഴല്‍ പോലെ പിന്തുടരുന്ന രണ്ടിനെ ഇവിടെയും ഒഴിവാക്കിയിട്ടില്ല എന്ന് കാണാം. ഈ എട്ട് ദിവസങ്ങളിലും ദേശവലത്തിനിടയില്‍ പറയെടുപ്പും ഉണ്ട്. എട്ട് ദിവസങ്ങളിലും രാവിലെയും വൈകീട്ടുമായി രണ്ട് ആറാട്ടുകള്‍ വീതം ഉണ്ട് (ആകെ 16 ആറാട്ട്).
രാവിലെ ഉഷപൂജ കഴിഞ്ഞും വൈകീട്ട് നട തുറന്നതിനു ശേഷവും ആണ് ആറാട്ട് നടക്കുന്നത്. ഈ രണ്ട് ആറാട്ടും തേവരുടെ ഒപ്പമുള്ള ദേവിമാര്‍ക്ക് വേണ്ടിയുള്ളതാണ്.
പൂരം പുറപ്പാടുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ കഴിയുന്നതിന് മുന്‍പായി കൗതുകമുള്ള മറ്റൊരു ‘രണ്ട്’ കൂടെ നമുക്ക് കാണുവാന്‍ സാധിക്കുന്നുണ്ട്. പൂരം പുറപ്പാട് ദിനത്തിലെ ചടങ്ങുകള്‍ ഉത്രം വിളക്കിന് ആവര്‍ത്തിക്കുന്നു എന്നതാണത്. ആറാട്ടുപുഴ ദേവമേളയുടെ പിറ്റേന്ന് രാത്രിയിലാണ് സേതുകുളത്തിലെ ആറാട്ട് അടക്കമുള്ള ചടങ്ങുകള്‍ ആവര്‍ത്തിക്ക
പ്പെടുന്നത്.
മകയിരം പുറപ്പാട് നടക്കുന്നത് പൂരത്തിന് മുന്നോടിയായിട്ടാണല്ലോ? മകീര്യം നക്ഷത്രം കര്‍ക്കടകം രാശിയില്‍ നില്‍ക്കുമ്പോഴാണ്, ഊരാളന്മാരുടെ അനുമതി വാങ്ങി തൃപ്രയാര്‍ തേവര്‍ പൂരത്തിന് പുറപ്പെടുന്നത്. ഇവിടെയും ഉണ്ട് രണ്ടിന്റെ ഒരു കൗതുകക്കാഴ്ച. മേടം തുടങ്ങി, നാലാമത്തെ രാശിയാണ് കര്‍ക്കടകം എന്നതാണ് അത്. (2×2 = 4)
ഉത്സവം ഇല്ലാത്ത ക്ഷേത്രം
സാധാരണയായി ക്ഷേത്രങ്ങളില്‍ പ്രധാന മൂര്‍ത്തിയുടെ ഉത്സവത്തിന് ഉപദേവന്മാരെ എഴുന്നള്ളിക്കുന്ന പതിവില്ലാത്തതാണല്ലോ? എന്നാല്‍ തൃപ്രയാര്‍ ഏകാദശിയുടെ ഭാഗമായ ദശമിവേലയ്‌ക്ക് തേവര്‍ക്കൊപ്പം ശ്രീ ധര്‍മശാസ്താവിനെയും എഴുന്നള്ളിക്കുന്നുണ്ട്. ഇങ്ങിനെ രണ്ടു ദേവന്മാര്‍ ഒന്നിച്ചെഴുന്നള്ളുന്ന മറ്റൊരു ദിവസം ധനു 10 ആണ്. ഈ ദിനത്തിലെ വേലവരവിനെ സ്വീകരിക്കുവാന്‍ സീതാദേവിയുടെ ചൂഢാരത്‌നവുമായി വാനരന്മാര്‍ വരുന്ന രാമായണ സന്ദര്‍ഭത്തെ അനുസ്മരിക്കുന്ന ചടങ്ങാണിത്. ശ്രീധര്‍മ്മശാസ്താവും തൃപ്രയാറപ്പനും ഒന്നിച്ചാണ് കിഴക്കേ നടയിലെ മീനൂട്ടുകടവിന് അരികെ കാത്തുനില്‍ക്കുന്നത്. ഈ രണ്ട് സന്ദര്‍ഭങ്ങളില്‍ മാത്രമാണ് തൃപ്രയാറപ്പനെയും ഉപദേവനായ ശ്രീധര്‍മ്മശാസ്താവിനെയും ഒരുമിച്ച് എഴുന്നള്ളിക്കുന്നത്. ഉത്സവം ഇല്ലാത്ത തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങള്‍ ആണ് നടക്കുന്നത്. വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശിയും മീനത്തിലെ ആറാട്ടുപുഴ ദേവമേളയുടെ ഭാഗമായുള്ള മകയിരം പുറപ്പാടും.
ഒരു മണ്ഡലം എന്നാല്‍ 41 ദിവസം ആണല്ലോ? സൗരവര്‍ഷത്തില്‍ ആകെയുള്ള 365 ദിവസങ്ങളില്‍ നിന്നും ചാന്ദ്ര വര്‍ഷത്തിലെ 324 ദിവസം കുറച്ചാല്‍ കിട്ടുന്നതാണ് ഒരു മണ്ഡലമായി നാം ആചരിക്കുന്നത്. എന്നാല്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ വൃശ്ചിക മണ്ഡലക്കാലം 40 ദിനങ്ങള്‍ മാത്രമാണുള്ളത്. ഒരുപക്ഷേ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നമ്മള്‍ ചര്‍ച്ചചെയ്യുന്ന ഈ ദ്വന്ദ്വങ്ങളെ നിലനിര്‍ത്തുന്നതിന് വേണ്ടി ആയിരിക്കുമോ ഇങ്ങനെ നാല്പതാം ദിനത്തില്‍ മണ്ഡലം സമാപിക്കുന്നത് എന്ന് സന്ദേഹിക്കുന്നവരെ കുറ്റം പറയുവാനും സാധിക്കില്ല. ഇവിടെ രണ്ടിന്റെ ഗുണിതങ്ങളായ 40ഉം 10 ഉം ഒരു ദിവസം തന്നെ ഒത്തുവന്നിരിക്കുന്നു എന്നുള്ളതും അതിശയാവഹമാണ്.
വൃശ്ചിക മണ്ഡലക്കാലത്ത് അംഗുലീയാങ്കം കൂത്ത് തൃപ്രയാര്‍ ക്ഷേത്രത്തില്‍ നടന്നുവരുന്നുണ്ട്. ചാക്യാര്‍ ഹനുമാന്റെ വേഷം കെട്ടി മണ്ഡപത്തില്‍ നടത്തുന്ന കൂത്ത് 12 ദിവസങ്ങളിലായിട്ടാണ് നടന്നുവരുന്നത്. വീണ്ടും ദേ ഒരു ഇരട്ട ! (6ഃ2 = 12).
കടം വീട്ടാതെ തൃപ്രയാര്‍ തേവര്‍
മകീര്യം പുറപ്പാട് കഴിഞ്ഞുള്ള അഞ്ചാം നാളിലാണ് തേവര്‍ തീവ്രാനദി കടന്ന് ഗ്രാമപ്രദക്ഷിണം നടത്തുന്നത്. ആ യാത്രയില്‍ ചെമ്മാപ്പിള്ളി ആനേശ്വരം ക്ഷേത്രത്തിനു മുന്‍വശം എത്തുമ്പോള്‍ നിശബ്ദനായി യാത്ര ചെയ്ത് ഇവിടുത്തെ മഹാദേവനെ കബളിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. തൃപ്രയാര്‍ തേവര്‍ കടംവാങ്ങിയ രണ്ടു വസ്തുക്കള്‍ (ഒരുമുറി തേങ്ങയും ഉരി നെല്ലും) തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ടതാണ് ഈ ചടങ്ങ്. കടം വീട്ടിയാല്‍ ലോകാവസാനം എന്ന് കരുതുന്നതിനാല്‍ തേവര്‍ കടം വീട്ടുകയുമില്ല തന്റെ നട കടന്ന് പോയതിനാല്‍ പിന്‍വിളിക്ക് ആനേശ്വരത്തപ്പന്‍ ഒരുങ്ങുകയുമില്ല. ഈ രണ്ടു വസ്തുക്കളെ ചൊല്ലിയുള്ള രണ്ടു തരം പ്രവര്‍ത്തികള്‍ ലോകഹിതാര്‍ത്ഥം മാത്രമാണ് രണ്ടു ദേവന്മാരും ആചരിക്കുന്നത്.
ക്ഷേത്രാചാരത്തിന്റെ ഭാഗമാകുവാന്‍ പുറമേ നിന്നുമുള്ള രണ്ട് ആഘോഷങ്ങള്‍ ആണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. അരയ സമുദായത്തിന്റെ അമ്പും വില്ലും വരവും ധനു പത്തിലെ വേല വരവുമാണ് ആ രണ്ടെണ്ണം.
അരയ സമുദായത്തിന്റെ അമ്പും വില്ലും വരവാകട്ടെ രണ്ടുതവണയുണ്ട്. വലപ്പാട്ടെ കടപ്പുറത്തുള്ളവര്‍ കര്‍ക്കടകം ഒന്നിനും നാട്ടിക കടപ്പുറത്തുള്ളവര്‍ കര്‍ക്കടകത്തിലെ മുപ്പെട്ട് വ്യാഴാഴ്ചയും ആണ് ഈ ചടങ്ങ് നടത്തുന്നത്. തൃപ്രയാര്‍ തേവരുടെ പല വിശേഷ ചടങ്ങുകളും നടക്കുന്ന മലയാള മാസങ്ങള്‍ നോക്കിയാലും ഇരട്ടയുടെ ഒരു കടന്നുവരവ് കാണുവാന്‍ സാധിക്കും. കന്നിയിലെ (രണ്ടാം മാസം) സേതുബന്ധനം, വൃശ്ചികത്തിലെ (നാലാം മാസം) ഏകാദശി, മീനത്തിലെ (എട്ടാം മാസം) പൂരം, കര്‍ക്കടകത്തിലെ (പന്ത്രണ്ടാം മാസം) അമ്പും വില്ലും വരവ് ഇതെല്ലാം നടക്കുന്നത് രണ്ടിന്റെ ഗുണിതങ്ങളായ മാസങ്ങളിലാണ്.
ഇങ്ങിനെ ഈ ദ്വൈതങ്ങളെല്ലാം എത്തിച്ചേരുന്നത് സര്‍വ്വശക്തനായ, കാരുണ്യവാനായ, ത്രിമൂര്‍ത്തി ചൈതന്യമുള്ള തൃപ്രയാറപ്പനിലാണ്… സത്യമായി ഒന്നേയുള്ളൂ എന്ന ചിന്തയിലാണ്… എല്ലാ മനുഷ്യരുടെയും എല്ലാ വഴികളും തൃപ്രയാറപ്പനിലേക്കാകട്ടെ.













