കാന്‍ബെറ (ഓസ്‌ട്രേലിയ): സിഡ്‌നിയിലെ പ്രശസ്മായ ബോണ്ടി ബീച്ചില്‍ ജൂത പരിപാടിക്കിടയില്‍ വെടിവെപ്പ്. 12 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമിളുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
സംഘത്തിലെ മറ്റൊരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരില്‍ രണ്ടുപേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. ഭീകരാക്രമണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് സ്ഥിരീകരിച്ചു.
സിഡ്നിയുടെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ബോണിറിഗ് സ്വദേശിയായ നവീദ് അക്രമാണ് തോക്കുധാരികളില്‍ ഒരാള്‍ എന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി.
ഇന്നലെ വൈകിട്ട് 6.45നായിരുന്നു സംഭവം. ബീച്ചില്‍ ജൂതവംശജരുടെ ആഘോഷമായ ഹനുക്ക (പ്രകാശങ്ങളുടെ ഉത്സവം) എന്ന പരിപാടി നടക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകൡ കറുത്ത വസ്ത്രമണിഞ്ഞ രണ്ടു പേര്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുന്നതും ഒരാള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും ദ്യശ്യമാണ്.
ഹനുക്കയുടെ ആദ്യ ദിവസം ജൂത ഓസ്ട്രേലിയക്കാര്‍ക്കെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് ആന്റണി അല്‍ബനീസ് പറഞ്ഞു.














