കൈലാസം മഹാദേവന്റെ കുടുംബസമേതമുള്ള വാസസ്ഥലമാണ്. പക്ഷേ, ഭാരതത്തിലെ ഭഗവാന്റെ വാസസ്ഥലം കാശിയാണ്. തന്റെ മകള്‍ക്ക് ഭര്‍ത്താവിനോടൊപ്പം കഴിയാന്‍ കാടും മലനിരകളുമില്ലാത്ത മറ്റൊരു ഇടം വേണമെന്ന മൈനാവതിയുടെ ആഗ്രഹപ്രകാരമാണ് കാശിയെ മറ്റൊരു വാസസ്ഥലമായി പരമശിവന്‍ തിരഞ്ഞെടുത്തതത്രേ. കൈലാസം ചൈനയിലെ തിബറ്റ് എന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. കൈലാസയാത്ര സമ്പത്തുള്ളതുകൊണ്ടൊ ആഗ്രഹമുള്ളതുകൊണ്ടോ ആരോഗ്യമുള്ളതുകൊണ്ടോ സാധ്യമാകില്ല; അത് തീര്‍ച്ചയായും മഹാദേവന്റെ നിശ്ചയംകൊണ്ടു മാത്രമേ സാധ്യമാകുകയുള്ളൂ.
ലോകത്ത് നാല് മതവിശ്വാസികള്‍ ആരാധിക്കുന്ന ഏക പുണ്യസ്ഥലവും കൈലാസം മാത്രമാണ്. കൈലാസത്തിനേക്കാള്‍ ഉയരമുള്ള എവറസ്റ്റ് ഉള്‍പ്പെടെയുള്ള നിരവധി പര്‍വ്വതങ്ങള്‍ പര്‍വ്വതാരോഹകര്‍ കീഴ്പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, കൈലാസത്തില്‍ ഇതുവരെ ആരും കയറിയിട്ടില്ല. കയറാന്‍ ശ്രമിച്ചവര്‍ക്കൊക്കെ തിക്താനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. മാത്രമല്ല, അവരുടെ അനുഭവങ്ങള്‍ വിവരിക്കാന്‍ അവരെയാരേയും പിന്നീട് ജീവനോടെ കണ്ടിട്ടുമില്ല എന്നതാണ് വാസ്തവം. സദാസമയവും ഊര്‍ജ്ജപ്രവാഹമുള്ള ഒരു പര്‍വ്വതമെന്നാണ് കൈലാസത്തെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ വിശേഷിപ്പിച്ചിരിക്കുന്നത്. ഇക്കാരണങ്ങള്‍കൊണ്ട് ഈ പര്‍വ്വതം കയറുന്നതിനെ ചൈന ഔദ്യോഗികമായി വിലക്കിയിരിക്കുകയാണ്.
എന്റെ തീര്‍ത്ഥയാത്രയുടെ പത്താം ദിവസം രാവിലെയാണ് ഞങ്ങള്‍ തിബറ്റിലെ ന്യൂഡോംങ്മാ എന്ന സ്ഥലത്തുനിന്ന് മാനസരോവറിലേക്ക് റോഡ് മാര്‍ഗം യാത്ര തിരിച്ചത്. ഞങ്ങള്‍ അറുപത്തിയാറംഗ തീര്‍ത്ഥാടകര്‍ മറ്റു സന്നാഹങ്ങളുമായിട്ടാണ് യാത്ര ചെയ്യുന്നത്. ഒപ്പം സഞ്ചരിക്കുന്ന അടുക്കള, പാചകക്കാര്‍, സഹായത്തിനുള്ള ഷേര്‍പ്പമാര്‍, ഭാരതത്തിലെ ട്രാവല്‍ ഏജന്റായ രവി മോദി, നേപ്പാളിലെ ട്രാവല്‍ ഏജന്‍സ് ആര്‍.കെ., ചൈനയിലെ ട്രാവല്‍ ഏജന്‍സി താക്ഷി ഭൂഭൂ, നാല് ബസ്സുകളും കവചിതമായ ഒരു ലോറിയും ഇത്രയുമായാണ് ഞങ്ങളുടെ യാത്രാവ്യൂഹം. വൈകിട്ട് നാല് മണിയോടെ മാനസരോവര്‍ തടാകത്തിന്റെ പ്രവേശനകവാടത്തില്‍ ഞങ്ങളെത്തി. യാത്രക്കാരില്‍ മലയാളികളായിട്ട് ഞാനും എന്റെ സഹധര്‍മ്മിണിയും മാത്രമാണുള്ളത്. ബാക്കിയെല്ലാവരും ഗുജറാത്ത്, മുംബൈ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. കുറേപ്പേര്‍ എന്‍ആര്‍ഐക്കാരുമാണ്.
അല്‍പ്പം അകലെയായി ആ നീല ജലാശയം കണ്ടു! ആദ്യദര്‍ശനത്തില്‍ത്തന്നെ പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം! വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചിരുന്ന ഒരു ആഗ്രഹസാക്ഷാത്കാരമായിരുന്നു ആ ദര്‍ശനം. നാല് മണി സമയമാണെങ്കിലും സൂര്യന്‍ നട്ടുച്ച മാതിരി പ്രകാശിക്കുകയാണ്. തിബറ്റിലെ സമയം ഭാരതസമയത്തിനെക്കാള്‍ രണ്ടര മണിക്കൂര്‍ മുമ്പെയാണ് സഞ്ചരിക്കുന്നത്. പത്ത് മിനിട്ട് സമയം മാനസരോവര്‍ കവാടത്തില്‍ ചിലവിട്ടശേഷമാണ് മുന്നോട്ട് പോകാനുള്ള അനുവാദം ലഭിച്ചത്. ഞങ്ങളുടെ നാല് ബസ്സും മാനസരോവര്‍ പരിക്രമത്തിനായി യാത്ര തുടങ്ങി. മാനസരോവര്‍ തീരത്തുകൂടെ വേഗതകുറഞ്ഞാണ് വാഹനങ്ങള്‍ മുന്നോട്ടു പോകുന്നത്. ചെറുതിരമാലകള്‍ ഒന്നിന് പുറകെ ഒന്നായി കരയെ തഴുകിക്കൊണ്ടേയിരിക്കുന്നു. തിരമാലകളുടെ ഓളങ്ങള്‍ക്കനുസരിച്ച് ചാഞ്ചാടിക്കളിക്കുന്ന അരയന്നങ്ങളെ അങ്ങിങ്ങായി കാണാം. അറ്റം കാണാനാകാതെ ചക്രവാളംവരെ നീലവര്‍ണത്തില്‍ പരന്നുകിടക്കുന്ന ജലാശയം സ്വര്‍ഗീയസൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നതാണ്. ചുറ്റും ആകാശംമുട്ടെ ഹിമഗിരിശൃംഗങ്ങള്‍. ഏകദേശം 410 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്താണ് ഈ ജലാശയം വ്യാപിച്ചിരിക്കുന്നത്. 100 മീറ്റര്‍ വരെ താഴ്‌ച്ചയുള്ള ഭാഗങ്ങളുണ്ട്. 88 കിലോമീറ്ററാണ് ഇതിന്റെ ചുറ്റളവ്. സമുദ്രനിരപ്പില്‍നിന്ന് 4600 മീറ്റര്‍ ഉയരത്തിലാണ് ഈ പുണ്യതടാകം സ്ഥിതിചെയ്യുന്നത്.
അപ്രതീക്ഷിതമായാണ് ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തിന്റെ പിന്‍ചക്രം മണ്ണില്‍ താഴ്ന്നിറങ്ങിയത്. അത് ശരിയാക്കാനായി ഞങ്ങള്‍ക്ക് അധികനേരം മാനസരോവറിന്റെ തീരത്ത് ചെലവവഴിക്കേണ്ടിവന്നു. പക്ഷേ, അതൊരു അനുഗ്രഹമായിത്തോന്നി. ഈ യാത്രയില്‍ ആദ്യമായി കൈലാസദര്‍ശനം അവിടെവച്ച് സാദ്ധ്യമായി. ഞാന്‍ സാഷ്ടാംഗം പ്രണമിച്ചു. പൂര്‍ണമായും മഞ്ഞണിഞ്ഞുനില്‍ക്കുന്ന കൈലാസം. തൊട്ടടുത്തായി യജമാനനെ നോക്കിക്കിടക്കുന്ന നന്ദിയെയും കണ്ടു. അത് നന്ദിയല്ല, മന്ദാത്ത രാജാവാണെന്നും പറയുന്നുണ്ട്. വാഹനം സഞ്ചാരയോഗ്യമായപ്പോള്‍ ഞങ്ങള്‍ യാത്ര പുനരാംഭിച്ചു. ചെറിയ ചാറ്റല്‍മഴ തുടങ്ങി. പുണ്യതീര്‍ത്ഥം ശേഖരിക്കാനായി ഒരു സ്ഥലത്ത് ബസ്സ് നിര്‍ത്തി. ഞാന്‍ നഗ്നപാദനായി ജലാശയത്തിലേക്ക് ഇറങ്ങി. മഞ്ഞുകട്ടയെ വെല്ലുന്ന തണുപ്പായിരുന്നു. കാല്‍വയ്‌പ്പുകള്‍ തികച്ചും പ്രാര്‍ത്ഥനാപൂര്‍വമായിരുന്നു. വികാരങ്ങളെക്കാള്‍ എന്നെ കീഴടക്കിയത് ജന്മസാഫല്യത്തിന്റെ നിര്‍വൃതിയായിരുന്നു. വലതുകൈയില്‍ അല്‍പ്പം പുണ്യതീര്‍ത്ഥമെടുത്ത് അര്‍ഘ്യംചെയ്തു പ്രാര്‍ത്ഥിച്ചു.
അധികനേരം അവിടെനില്‍ക്കാനാവില്ല. ഹിമക്കാറ്റ് വീശിയടിക്കുന്നുണ്ട്. നഗ്നമായ പാദങ്ങളിലൂടെ ശൈത്യം സിരകളിലേക്ക് ഇരച്ചുകയറുകയാണ്. എന്നാലും, ഇനിയൊരു യാത്ര ഇതുവഴിയുണ്ടാകില്ലായെന്ന ബോധം ഒരു നിമിഷംകൂടെ അവിടെ നില്‍ക്കാന്‍ പ്രേരിപ്പിച്ചു. അച്ഛനമ്മമാരെയും ഗുരുക്കന്മാരെയുമൊക്കെ ആ നിമിഷം ഞാന്‍ ഓര്‍ത്തു. പുണ്യജലം ശേഖരിച്ച്, തിരികെ വാഹനത്തില്‍ ഓടിക്കയറി. മാനസരോവര്‍ സന്ധ്യയുടെ ലാവണ്യത്തില്‍ അതീവസുന്ദരിയായിത്തോന്നി. ഇരുട്ട് വീണപ്പോഴാണ് രാക്ഷസ് താള്‍ പ്രദേശത്ത് എത്തിയത്. രാത്രിവെട്ടത്തിലാണ് ഈ ജലാശയം കാണാനായത്. ഈ ജലാശയത്തിലെ ജലത്തിന് ലവണരസമാണ്.
ഞങ്ങള്‍ രാത്രി പത്ത് മണിയോടെ അന്ന് രാത്രി തങ്ങേണ്ട സ്ഥലത്തെത്തി. ശൈത്യത്തിന്റെ ക്രൂരഭാവമാണ് എല്ലായിടത്തും. മാനസരോവര്‍തീരത്തുള്ള ഒരു പഴകിയ കെട്ടിടത്തിലാണ് താമസം. എട്ട് പേര്‍ക്ക് കിടക്കാനുള്ള കട്ടിലുകളും കമ്പളിപ്പുതപ്പുകളും ഓരോ മുറിയിലും സജ്ജമായിട്ടുണ്ടായിരുന്നു. ഭക്ഷണശാലയില്‍പ്പോയി ചപ്പാത്തിയും പരിപ്പുകറിയും കഴിച്ചു. ലഭ്യമായ സൗകര്യത്തില്‍ പ്രാര്‍ത്ഥനയോടെ നിദ്രയ്‌ക്ക് വഴങ്ങി. അതിരാവിലെതന്നെ ഞാനും സഹധര്‍മ്മിണിയും മാനസരോവരത്തിലെ ചൂടാക്കിയ വെള്ളത്തില്‍ സ്‌നാനകര്‍മ്മങ്ങള്‍ കഴിച്ചു.
പ്രഭാതകിരണങ്ങള്‍ പരന്നുതുടങ്ങിയപ്പോഴേ പുറത്തിറങ്ങി. മാനസരോവര്‍തീരത്ത് പല സ്ഥലത്തുമായി ചില സംന്യാസിവര്യന്മാരും പൂജാരിമാരും പൂജകള്‍ ചെയ്യുന്നത് കണ്ടു. മേഘപാളികള്‍കൊണ്ട് മറഞ്ഞിരിക്കുന്ന കൈലാസം സൂര്യകിരണങ്ങളുടെ ശക്തികൂടിയായപ്പോള്‍ മറനീക്കി പുറത്തുവന്നു. കൈലാസത്തെ വണങ്ങി. ഏറെ നേരം അവിടെ ചെലവഴിച്ചു. ജീവിതത്തില്‍ ഈ ധന്യനിമിഷങ്ങള്‍ ഇനി ഉണ്ടാവില്ല എന്നതുകൊണ്ടുതന്നെ, ലഭ്യമായ സമയം പൂര്‍ണമായും ദൈവീകത നിറഞ്ഞുനില്‍ക്കുന്ന ആ തീരത്ത് ചിലവഴിച്ചു. ഞങ്ങള്‍ തീരത്തുകൂടെ നടന്നു. തിരയിളക്കമില്ലാതെ ശാന്തമായി കെട്ടിക്കിടക്കുന്ന ജലത്തില്‍ ചെറുമത്സ്യങ്ങള്‍ അങ്ങിങ്ങായി കണ്ടു. അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നപോലെ, ആ ജീവികളെല്ലാം മാനസരോവറില്‍ സുരക്ഷിതരാണ്.
പ്രഭാതഭക്ഷണശേഷം പത്ത് മണിയോടെ ഞങ്ങള്‍ ദാര്‍ച്ചനിലേക്ക് യാത്രയായി. 40 കിലോമീറ്ററാണ് ദാര്‍ച്ചനിലേയ്‌ക്ക്. അകലെയായി ആകാശം മുട്ടെ പൊങ്ങിനില്‍ക്കുന്ന മലനിരകളാണ്. പരന്നുകിടക്കുന്ന ഊഷരഭൂമിയിലൂടെ വാഹനങ്ങള്‍ കടന്നുപോയി. 1950ന് മുമ്പുവരെ ഒരു സ്വതന്ത്രരാജ്യമായിരുന്നു തിബറ്റ്; ഒരു De facto country. സ്വന്തമായി കറന്‍സി, പാസ്പോര്‍ട്ട്, സേനാവിഭാഗം, പതാക, പരമാധികാരിയായ ദലായ്‌ലാമ; അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രമായി പ്രവൃത്തിക്കുന്ന ഒരു രാജ്യം. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കരസേനയുടെ ബലംകൊണ്ട് ചൈന തിബറ്റിനെ കീഴ്പ്പെടുത്തി, അവര്‍ക്കൊപ്പം ചേര്‍ക്കുകയായിരുന്നു. ആയിരക്കണക്കിന് ബുദ്ധസംന്യാസിമാരെ കൊന്നൊടുക്കി. നൂറുകണക്കിന് ബുദ്ധമഠങ്ങള്‍ തച്ചുടച്ചു. 1959 ല്‍ മറ്റു മാര്‍ഗമില്ലാതെ ദലായ്‌ലാമ ഭാരതത്തിലേക്ക് കടന്നു.
പിടിച്ചടക്കിയ ശേഷം തിബറ്റിലെ അനാദികാലം മുതല്‍ക്കുള്ള സംസ്‌കാരത്തെയും ആത്മീയതയെയും ഇല്ലാതാക്കാനുള്ള എല്ലാ മര്‍ഗങ്ങളും ചൈന ചെയ്തു. ചെറുകടകളില്‍പ്പോലും മദ്യം ലഭ്യമാക്കി. ചൈനീസ് ഭാഷാ പഠനം നിര്‍ബന്ധമാക്കി. ചൈനയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ഇതരമതവിശ്വാസികള്‍ക്ക് തിബറ്റില്‍ താമസസൗകര്യമൊരുക്കി. ഇതിന്റെയൊക്കെ പരിണിതഫലമായി നാം ഇന്ന് കാണുന്നത്, ഏതാണ്ട് അന്ത്യശ്വാസം വലിക്കുന്ന തിബറ്റിന്റെ പ്രാചീനവും മഹനീയവുമായ സംസ്‌കാരത്തെയാണ്. പരമ്പരാഗതമായ തിബറ്റിന്റെ വസ്ത്രധാരണരീതിപോലും കാണാമറയത്തായിക്കൊണ്ടിരിക്കുകയാണ്.
ഞങ്ങള്‍ ഉച്ചയ്‌ക്കു മുമ്പേ ദാര്‍ച്ചനിലെത്തി. ദാര്‍ച്ചന്‍ ഒരു ചെറുനഗരമാണ്. കൈലാസ യാത്രയുടെ കവാടം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ നഗരത്തിന്റെ ഏതു ഭാഗത്ത് നിന്നാലും കൈലാസം കാണാനാകും. ഉച്ചഭക്ഷണശേഷം, പിറ്റേദിവസം തുടങ്ങുന്ന പരിക്രമണത്തെക്കുറിച്ച് രവി മോദി വിശദമായി സംസാരിച്ചു. ഞങ്ങള്‍ രണ്ടാമത്തെ നിലയിലെ മുറിയില്‍ പോയി. മുറിയുടെ ഒരു വശത്തെ ഭിത്തിയില്‍ നിറഞ്ഞുനില്‍ക്കുന്ന ചില്ലു ജാലകത്തെ മറച്ചിരിക്കുന്ന തിരശ്ശീല മാറ്റിയപ്പോള്‍ ഉച്ചവെയിലില്‍ ശോഭിക്കുന്ന കൈലാസ പര്‍വ്വതമാണ് കണ്ടത്. പിറ്റേദിനത്തില്‍ തുടങ്ങുന്ന പരിക്രമത്തെക്കുറിച്ചുള്ള പല ചിന്തകളുമാണ് മനസ്സില്‍. പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ? ഒരുപാട് പ്രതികൂലഘടകങ്ങളുണ്ട്. ഓക്സിജന്‍ കുറവായ ഭൂപ്രകൃതിയാണ്. ശൈത്യം കഠിനവും മൈനസ് ഡിഗ്രിയുമാണ്. 42 കിലോമീറ്റര്‍ നടക്കണം. പരിക്രമണവീഥികള്‍ കല്ലും മുള്ളും നിറഞ്ഞതാണ്. വയസ്സ് 64. അങ്ങനെ പല പല കാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് വ്യാകുലപ്പെടുന്നുണ്ട്. സഹധര്‍മ്മിണി കുതിരപ്പുറത്താണ് യാത്ര ചെയ്യുന്നത്. ആദ്യദിവസം മാത്രമാണ് പരിക്രമണം ചെയ്യുന്നത്.
”ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ യാത്രയുടെ പരമമായ ലക്ഷ്യം നാളെ തുടങ്ങുന്ന പരിക്രമണമാണ്. അതിന് ഇനിയുള്ള മണിക്കൂറുകള്‍ പ്രാര്‍ത്ഥനയോടെ കഴിയുക.” രവി മോദിയുടെ വാക്കുകള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
രാവിലെ നേരത്തെ എണീറ്റ് ജാലകത്തിന്റെ തിരശ്ശീല മാറ്റി, കൈലാസനാഥനെ വണങ്ങി. ദൂരെയാണെങ്കിലും തൂവെള്ള മഞ്ഞ് നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടാവാം, അടുത്ത് കാണുന്നതുപോലെ തോന്നി. കാര്‍മേഘങ്ങള്‍ തൊട്ടടുത്ത മലകളെ മറച്ചിട്ടുണ്ട്. പക്ഷേ, കൈലാസദര്‍ശനം വ്യക്തമായിരുന്നു. പ്രഭാതം ഒരു പൂമൊട്ടിന്റെ അവധാനതയോടെ വിരിയുകയാണ്. വീഥികള്‍ വിജനമാണ്. നഗരത്തില്‍ ആളനക്കമില്ല. ഞാന്‍ അല്‍പ്പനേരം പുറംകാഴ്ചകള്‍ കണ്ട് ജാലകത്തിനരികില്‍ നിന്നശേഷം, നാട്ടിലെ ദേവീക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്ന കളഭം ചാലിച്ച്, നെറ്റിയില്‍ തൊട്ടു; സഹധര്‍മ്മിണിക്കും തൊട്ടുകൊടുത്തു. കൊണ്ടുപോകാനുള്ള സാധനങ്ങള്‍ ഒന്നുകൂടെ പരിശോധിച്ചു. ശൈത്യവസ്ത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി ധരിച്ചു. താഴെപ്പോയി പ്രഭാതഭക്ഷണം കഴിച്ചു; ഒപ്പം, ഡൈമോക്സ് ഗുളികയും. കഴിഞ്ഞ മൂന്നു ദിവസമായി പ്രഭാതഭക്ഷണത്തിനൊപ്പം ഈ ഗുളിക കഴിക്കുന്നുണ്ട്. ശരീരത്തില്‍ ഓക്സിജന്റെ അളവ് കൂട്ടാനുള്ളതാണ്. പരിക്രമണം നടത്തുന്നവര്‍ കഴിക്കേണ്ടതാണ് ഈ ഗുളിക.
മുഖമൊഴികെ മറ്റെല്ലാ ശരീരഭാഗങ്ങളും ശൈത്യവസ്ത്രങ്ങള്‍കൊണ്ട് കവചിതമാണ്. ഫ്‌ളാസ്‌കില്‍ ചൂടുവെള്ളം നിറച്ചുവെച്ചു. ഊന്നുവടിയും ഒപ്പം കരുതി. എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മതയോടെയാണ് ചെയ്യുന്നത്. മനസ്സില്‍ പ്രാര്‍ത്ഥന മാത്രം. പടികളിറങ്ങി താഴെയെത്തി. എന്റെ ബാഗും സാധനങ്ങളും ഷേര്‍പ്പ സൂര്യയെ ഏല്‍പ്പിച്ചു. ദാര്‍ച്ചനില്‍നിന്ന് ആറ് കിലോമീറ്റര്‍ ദൂരമാണ് യമ്ദ്വാറില്‍ എത്താന്‍. അതുവരെ വാഹനത്തിലാണ് പോകേണ്ടത്.
‘ഹര്‍ഹര്‍ മഹാദേവ’ വിളിയോടെ എല്ലാ യാത്രികരും യാത്രയായി. തികച്ചും വിജനതയിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. അരമണിക്കൂര്‍ സമയംകൊണ്ട് യമ്ദ്വാറിലെത്തി. വാഹനത്തില്‍നിന്നിറങ്ങി നടക്കുമ്പോള്‍, കുതിരച്ചാണകവും ചെളിവെള്ളവും പരിസരമാകെ വൃത്തിഹീനമാക്കിയിരിക്കുന്നത് കണ്ടു. കാല്‍നടയായി പോകുന്നവര്‍ മറ്റുള്ളവരോട് യാത്ര പറഞ്ഞ് മുന്നോട്ടു നടന്നു. ഞാനും സഹധര്‍മ്മിണിയോട് യാത്രപറഞ്ഞ്, മുന്നോട്ടു നടന്നു. യമ്ദ്വാര്‍ സ്തൂപാകൃതിയിലുള്ള ഒരു നിര്‍മിതിയാണ്. വിഗ്രഹങ്ങളൊന്നുമില്ലതെതന്നെ ഒരു ക്ഷേത്രപരിവേഷം കൈവവന്നിട്ടുണ്ട്. ചുറ്റും ഭക്തര്‍ കത്തിച്ച ചന്ദനത്തിരിനാളങ്ങളും മണ്‍ചിരാതുകളും ചിതറിക്കിടക്കുന്നു. ചില സ്ഥലത്ത് നേര്‍ച്ചയായി കെട്ടിയ നൂലുകളും കണ്ടു. മൂന്ന് പ്രാവശ്യം യമ്ദ്വാറിനെ പ്രാര്‍ത്ഥനപൂര്‍വ്വം വലംവെച്ച ശേഷം നടുക്കുള്ള പ്രവേശന കവാടത്തിലൂടെ കയറി പുറത്തിറങ്ങിയാല്‍ പാപമുക്തി നേടിയെന്നാണ് വിശ്വാസം. നേരേ മുന്നില്‍ കൈലാസം. കൈലാസപര്‍വ്വതത്തിന്റെ തെക്കുഭാഗമാണ്. പരിശുദ്ധമായ ശൈത്യമഞ്ഞിന്റെ വെളുത്ത രൂപമണിഞ്ഞ വെണ്‍മ നിറഞ്ഞുനില്‍ക്കുന്ന ദിവ്യരൂപമാണ് കണ്ടത്. അടുത്തായി ദ്വാരപാലകരെപ്പോലെ മറ്റു മലകളും കണ്ടു.
ഞാന്‍ പ്രാര്‍ത്ഥിച്ച ശേഷം നീണ്ടുകിടക്കുന്ന പരിക്രമണപാതയെ നോക്കിനിന്നു. ആര്‍ഷഭാരതത്തിലെ ഋഷിവര്യന്മാരും സംന്യാസിശ്രേഷ്ഠന്മാരും സഞ്ചരിച്ച തപോഭൂമിയിലെ വീഥിയാണിത്. ആ കര്‍മ്മപഥത്തിലൂടെ ഞാനെന്റെ ജന്മസായുജ്യയാത്ര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഒരു വശത്ത് അംബരചുംബികളായ മലനിരകള്‍, മറുവശത്ത് കലങ്ങിമറിഞ്ഞൊഴുകുന്ന ഹാച്ചുനദി. നദിക്കപ്പുറം മലനിരകളാണ്. ചെറുചുവടുകള്‍ വച്ച് ഞാന്‍ മുന്നോട്ടു നടന്നു. കയ്യിലെ ഊന്നുവടി തല്‍ക്കാലം ഉപയോഗിച്ചില്ല. തൊട്ടുപിന്നിലായി എന്റെ സാധനങ്ങളുമായി നേപ്പാളിയായ സൂര്യ നടക്കുന്നുണ്ട്. സൂര്യ ഒരുകാലത്ത് കടുത്ത മാവോയിസ്റ്റായിരുന്നു. ഇന്ന് അതെല്ലാം ഉപേക്ഷിച്ച്, കിട്ടുന്ന ജോലികള്‍ചെയ്ത് കുടുംബം പുലര്‍ത്തുന്നു. ഇപ്പോള്‍ ഞാന്‍ നടക്കുന്നത് മനോഹരമായ ഷെര്‍ഡോം താഴ്‌വാരത്തുകൂടെയാണ്. എന്റെ പിന്നിലുണ്ടായിരുന്ന പലരും എന്നെക്കടന്ന് മുന്നോട്ടു നടന്നുപോയി. ഞാന്‍ പ്രാര്‍ത്ഥനയോടെ മന്ദം മന്ദം ഓരോ ചുവടും വെച്ചാണ് നടക്കുന്നത്. വെയിലിന്റെ ചൂട് കൂടിയതുകൊണ്ടാകാം ശൈത്യത്തിന് ചെറിയ ശമനംപോലെ തോന്നി. കയ്യുറകളൊക്കെ ഊരിമാറ്റി. ശൈത്യക്കാറ്റ് കുളിരു പകരുന്നതായിരുന്നു. ആകാശം പ്രകാശമാനമായി. ഇടക്കിടെ പച്ചപ്പുകള്‍ കാണാം. നടപ്പാത ചിലയിടങ്ങളില്‍ വീതി കൂടിയതും വളവുതിരുവുകളും കയറ്റിറക്കങ്ങളും ഉള്ളതുമാണ്. ഒരു കയറ്റം കയറിച്ചെന്നപ്പോള്‍ രാവണപര്‍വ്വതം കണ്ടു. അവിടെ കാണുന്നതില്‍ ഏറ്റവും പൊക്കം കൂടിയ പര്‍വ്വതമാണിത്. ഈ പര്‍വ്വതത്തിലിരുന്നാണ് രാവണന്‍ ശിവപ്രീതിക്കായി തപസ്സുചെയ്തത്.
മലയിടുക്കില്‍നിന്ന് മഞ്ഞുരുകി വരുന്ന ഒരു ജലധാരയ്‌ക്ക് വളരെ ഭംഗിയുള്ളതായി തോന്നി. അവിടെക്കണ്ട ഒരു കല്ലില്‍ അല്‍പ്പനേരമിരുന്നു. കണ്ണുനീരിനെ വെല്ലുന്ന തെളിമയാര്‍ന്ന ജലധാരയാണത്. സൂര്യ തന്ന ഫ്‌ളാസ്‌ക്കിലെ ദാഹജലത്തിന് ചൂട് കൂടുതലായിരുന്നു. ഞാനാ ജലധാരയിലെ ജലവുമായിച്ചേര്‍ത്ത് ചൂട് പാകപ്പെടുത്തി കുടിച്ചു. അതുവേണമായിരുന്നോ എന്ന രീതിയില്‍ സൂര്യ എന്നെ നോക്കി. ഞാനൊരു പുഞ്ചിരിയില്‍ മറുപടി ഒതുക്കി.
ഞാന്‍ നടന്നു. പല സ്ഥലത്തും വീഥിയെ മുറിച്ചുകൊണ്ട് കടന്നുപോകുന്ന നീരൊഴുക്കുകള്‍ കണ്ടു. അതു കാരണം, വളഞ്ഞും തിരിഞ്ഞും ചാടിയും ഒറ്റക്കല്ലില്‍ ചവിട്ടിയുമൊക്കെയാണ് മുന്നോട്ടുപോയത്. തിബറ്റിന്റെ പരമ്പരാഗതവസ്ത്രമണിഞ്ഞ ഒരു സ്ത്രീ ‘സാഷ്ടാംഗദണ്ഡവത് കോര’ നടത്തുന്നതു കണ്ടു. പരിക്രമണവീഥിയില്‍ സാഷ്ടാംഗം കൈ നീട്ടി മുന്നോട്ടു വച്ച് കമഴ്ന്ന് കിടക്കും. അതിനു ശേഷം എണീറ്റ് കൈകളുടെ അറ്റം തൊട്ട സ്ഥലം വരെ മൂന്നോ നാലോ ചുവട് വയ്‌ക്കും. പിന്നെ, അവിടെ വീണ്ടും സാഷ്ടാംഗം കിടക്കും. പിന്നെ എണീക്കും. നടന്ന ശേഷം കിടക്കും. ഈ രീതിയില്‍ പരിക്രമണം നടത്തുന്നതിനെയാണ് ‘സാഷ്ടാംഗം ദണ്ഡവത് കോര’ എന്ന് പറയുന്നത്. ഈ പരിക്രമണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചയില്‍ കൂടുതലെടുക്കും.
ഇപ്പോള്‍ കൈലാസത്തിന്റെ പടിഞ്ഞാറുഭാഗം കാണാം. തെക്കുഭാഗത്ത് കണ്ടതിനേക്കാള്‍ വലിപ്പം കൂടുതലായി തോന്നി. രണ്ട് മലകള്‍ക്കിടയിലൂടെയാണ് പടിഞ്ഞാറ് ദര്‍ശനം. മുകള്‍ഭാഗത്താണ് മഞ്ഞണിഞ്ഞിരിക്കുന്നത്, താഴോട്ട് കറുത്ത പ്രതലമാണ്. ഇതുവരെ കിട്ടിയ കൈലാസദര്‍ശനങ്ങള്‍ പൂര്‍ണമായും മഞ്ഞണിഞ്ഞവയായിരുന്നു. ആദ്യമായിട്ടാണ് ഈ രൂപത്തില്‍ കാണുന്നത്. ഞാന്‍ അവിടെനിന്ന് തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ ഒറ്റ പ്രാര്‍ത്ഥനയേ ഉള്ളൂ പരിക്രമണം പൂര്‍ത്തിയാക്കിത്തരണമെന്ന് മാത്രം. വാക്കിലും നോക്കിലും ചലനത്തില്‍പ്പോലും ആ പ്രാര്‍ത്ഥന മാത്രമേയുള്ളൂ. അല്‍പ്പം മുന്നോട്ടു നടന്നപ്പോള്‍ ഒരു ചായക്കട കണ്ടു. ഷീറ്റിട്ട മേല്‍ക്കൂരയുടെ താഴെയാണ് ചായക്കട പ്രവൃത്തിക്കുന്നത്. അകത്ത് നിറയെ ആളുകളാണ്. കൈലാസയാത്രികരല്ലായെന്ന് മനസ്സിലായി. ശബ്ദായമാനമാണ് അകം. സിഗരറ്റിന്റെ പുകച്ചുരുളുകളും കണ്ടു. ഈ യാത്രയില്‍ ഇതുവരെ എല്ലായിടവും തികച്ചും വിജനമായിരുന്നു; ഇപ്പോള്‍ കണ്ട ഈ ചായക്കട ഒഴികെ.
”സാര്‍ വേണമെങ്കില്‍ ഒരു ചായ…” സൂര്യ പൂര്‍ത്തിയാക്കുന്നതിനു മുമ്പേ ഞാന്‍, ”വേണ്ട” എന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്നു. ശാന്തവും വിജനവുമായ താഴ്‌വാരം. ചിലയിടങ്ങളില്‍ പച്ചപ്പുകള്‍ കണ്ടു. ”നമുക്ക് ഭക്ഷണം കഴിച്ചാലോ?” ഞാന്‍ സൂര്യയോട് ചോദിച്ചു. രാവിലെ പുറപ്പെടുന്നതിന് മുമ്പെ ഉച്ചഭക്ഷണമെന്ന രീതിയില്‍ ഒരു പൊതി തന്നിരുന്നു. ചെറിയ രണ്ട് റൊട്ടിക്കിടയില്‍ അല്‍പ്പം ഉരുളക്കിഴങ്ങ് കറിയുമായി പൊതിഞ്ഞുവെച്ചിരുന്ന ഭക്ഷണം സ്വാദോടെ കഴിച്ചു. പിന്നെ, ഒരു ചെറിയ കവര്‍ പഴച്ചാറും ഒരു ആപ്പിളും. ആഹാരശേഷം ഞങ്ങള്‍ നടന്നു. ഞങ്ങളുടെ കൂട്ടത്തിലെ പലരും അവശതയിലും ചിരിച്ച മുഖവുമായി എന്നെക്കടന്ന് മുന്നോട്ടുപോയി.
ശൈത്യം കുറഞ്ഞതുപോലെ തോന്നി. ജാക്കറ്റിന്റെ സിബ്ബ് ഊരി കമ്പിളിത്തൊപ്പിയും മാറ്റി. സമയം രണ്ട് കഴിഞ്ഞിരിക്കുന്നു. കുതിരകള്‍ യാത്രക്കാരെയും വഹിച്ചുകൊണ്ട് മുന്നോട്ട് കടന്നുപോകുന്നുണ്ട്. ഞാന്‍ സഹധര്‍മ്മിണി കൂടെയുണ്ടോയെന്ന് നോക്കി. ഇല്ലായെന്ന് മനസ്സിലായി. വീണ്ടും ഞാന്‍ നടക്കുകയാണ്. ഇനിയും ഒരുപാട് ദൂരം താണ്ടണം. അവശത തോന്നുമ്പോഴൊക്കെ വിശ്രമിക്കും. ഒരു യുവാവ്, മൂക്കില്‍നിന്ന് ധാരയായി രക്തം വമിച്ചുകൊണ്ട് നടക്കുന്നതു കണ്ടു. അയാളുടെ കൈയിലെ കൈലേസ് പൂര്‍ണമായി രക്തത്തിലായി. തുടയ്‌ക്കാന്‍ മറ്റു മാര്‍ഗമില്ലാതെ അയാള്‍ വിഷമിക്കുന്നതു കണ്ടു. ഞാന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാറി മാറി ചോദിച്ചു. ”വേറെ കൈലേസ് വേണമോ?” ഉയരം കൂടിയ സ്ഥലത്ത് യാത്ര ചെയ്യുമ്പോള്‍ ചിലയാളുകള്‍ക്ക് രക്തസ്രാവം ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, ഇത്! പൈപ്പില്‍നിന്ന് വരുന്നതുപോലെ രക്തം ഒഴുകുകയാണ്. അയാള്‍ക്ക് എന്റെ ഭാഷ വശമില്ലെന്നും അയാളുടെ ഭാഷ എനിക്കും അറിയില്ലെന്നും മനസ്സിലായതിനാല്‍ ഞാന്‍ സൂര്യയുടെ കൈയിലുള്ള എന്റെ ബാഗില്‍നിന്ന് ഒരു പുതിയ, ചെറിയ ടൗവ്വല്‍ എടുത്ത് അയാള്‍ക്ക് നേരെ നീട്ടി. ആ യുവാവ്, വാങ്ങിക്കാന്‍ ഒരു വൈമനസ്യമുള്ളതുപോലെ നിന്നു. ഞാന്‍ ശുദ്ധമായ മലയാളത്തില്‍ പറഞ്ഞു:
”സുഹൃത്തേ, ഇത് ഞാന്‍ ഉപയോഗിച്ചിട്ടില്ല. എന്റെ നഗരത്തിലെ മുന്തിയ കടയില്‍നിന്ന് വാങ്ങിയതാണ്. ഇന്ന് രാവിലെ ബാഗിലെടുത്തുവെച്ചതാണ്. ഇത് നിങ്ങള്‍ക്കുള്ളതാണ്.”
എന്റെ സംസാരഭാഷയെക്കാള്‍ ശരീരഭാഷ അയാള്‍ക്ക് മനസ്സിലായെന്ന് തോന്നി. ആ ചെറുപ്പക്കാരന്‍ ടൗവ്വല്‍ വാങ്ങി, എന്തോ പറഞ്ഞുകൊണ്ട് നടന്നുപോയി. നന്ദിവാക്കാവുമെന്ന് ഞാന്‍ ഊഹിച്ചു. നടന്നുനടന്ന് ഒരു ഉയര്‍ന്ന പ്രദേശത്തെത്തി. കയറ്റം കയറുമ്പോള്‍ അല്‍പ്പം അസ്വസ്ഥത തോന്നിയിരുന്നു. ചില സ്ഥലങ്ങളില്‍ ഊന്നുവടി സഹായത്തിനെത്തി. അന്തരീക്ഷത്തില്‍ പ്രകാശത്തിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങി. ഇനി ഏറെ ദൂരമില്ലെന്ന് സൂര്യ പറഞ്ഞു. ഇടയ്‌ക്ക് കയ്യില്‍ കരുതിയിരുന്ന ഡ്രൈ ഫ്രൂട്സ് കഴിക്കുമായിരുന്നു. എന്നാലും ക്ഷീണം തോന്നുന്നുണ്ട്.
ആദ്യദിവസം 13 കിലോമീറ്റര്‍ ദൂരമാണ് പരിക്രമണം ചെയ്യേണ്ടത്. ഒരു തോടിന്റെ മുകളില്‍ കുറുകെയിട്ടിരിക്കുന്ന ഒറ്റത്തടിപാലം കടക്കാന്‍ സൂര്യയുടെ സഹായം വേണ്ടിവന്നു. വീണ്ടും മുന്നോട്ടു നടന്നു. ‘ദെറാബുക്’ അടുക്കാറായെന്ന് തോന്നി. കാരണം, ദൂരെയായി ഒരു കെട്ടിടം കണ്ടു. ചില ബുദ്ധാശ്രമങ്ങളുടെ ബോര്‍ഡുകളും കണ്ടു. ഞാന്‍ ദെറാബുകിനെ ലക്ഷ്യമാക്കി സാവധാനം നടന്നു. ക്ഷീണിതനാണ്. ഒന്ന് കിടന്നേ മതിയാകൂ. രാത്രി തങ്ങേണ്ട സത്രത്തിന്റെ അടുത്തെത്താറായി. പെട്ടെന്ന് കൈലാസം തൊട്ടടുത്തായി കണ്ടു! ഒരു നിമിഷം ഞാന്‍ സ്തംഭിച്ചുനിന്നുപോയി! കൈലാസത്തിന്റെ വടക്കുഭാഗം വളരെ അടുത്തായി കണ്ടു. കൂടുതല്‍ ഭാഗവും കറുത്തിരിക്കുന്നു. മുകള്‍ ഭാഗം മാത്രം മഞ്ഞ് പാകിയിട്ടുണ്ട്. ചില വരകളും കുഴികളും കാണാം. ഈ യാത്രയില്‍, ഇത്ര അടുത്തായി കൈലാസം കാണുന്നത് ഇപ്പോഴാണ്. മഞ്ഞണിഞ്ഞ മുകള്‍ഭാഗം ഒരു ശിവലിംഗംപോലെ തോന്നി. നന്നെ ക്ഷീണിതനാണെങ്കിലും ആ ഓംകാരമൂര്‍ത്തിയെ താണുവണങ്ങി. ഈ ചൈതന്യം, ഇത്ര അടുത്ത് കാണാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ക്ഷീണം മറന്ന്, ഞാനവിടെ അല്‍പ്പനേരം നിന്നു.
പിന്നെ, ഞാന്‍ സത്രത്തിലേക്ക് നടന്നു. ഒട്ടുമുക്കാല്‍ യാത്രികരും എത്തിയിരിക്കുന്നു. ഞാന്‍ താഴത്തെ നിലയിലെ ഒരു മുറിയില്‍ക്കണ്ട കട്ടിലില്‍ കിടന്നു. സഹധര്‍മ്മിണി എത്തി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. സമയം ഏഴരയായി. ഇരുള്‍ വീഴാന്‍ തുടങ്ങിയിട്ടില്ല. പ്രകാശമാനമായ പ്രകൃതി. ഞങ്ങള്‍ പുറത്തിറങ്ങി. കൈലാസത്തിന്റെ നേരെ അല്‍പ്പദൂരം നടന്നു. പ്രണമിച്ചു. കുറച്ചു സമയം അവിടെ ചെലവഴിച്ചു. ശൈത്യം കൂടുതലാണെന്ന് തോന്നി. എന്നാലും, ആ അഭൗമചൈതന്യം ആവോളം ഉള്‍ക്കൊള്ളണം എന്ന ചിന്ത, ഏറെ നേരം അവിടെ നില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. ഞാന്‍ ലിംഗാഷ്ഠകവും ശിവാഷ്ഠോത്തരിയും ചൊല്ലി. ക്ഷീണം അകന്നുപോകുന്നതുപോലെ തോന്നി. ‘ചരണ്‍ സ്പര്‍ശ്’ കാണാന്‍ പോയവര്‍ തിരികെയെത്തി. അവരോട് അവിടത്തെ വിശേഷങ്ങള്‍ തിരക്കി. അവിടെനിന്ന് എടുത്ത രണ്ട് ചെറിയ ഉരുളന്‍ കല്ലുകള്‍ ഒരു യാത്രികന്‍ എനിക്കു തന്നു. ക്ഷേത്രതീര്‍ത്ഥം വാങ്ങുന്ന ഭവ്യതയോടെ ഞാനത് വാങ്ങി. ഒരു ശൈത്യക്കാറ്റ് സന്ധ്യയുടെ വരവറിയിച്ചു. ഒപ്പം, സത്രത്തിലേക്ക് പോകാനുള്ള അറിയിപ്പായും തോന്നി. ഞങ്ങള്‍ ഒരിക്കല്‍ക്കൂടി ഭൂലോകനാഥനെ വണങ്ങിയ ശേഷം അകത്തേക്ക് നടന്നു.
അടുത്ത ലക്കത്തില്‍ അവസാനിക്കും
















