നാമെല്ലാം യുദ്ധം ചെയ്യുന്നുണ്ട്- നിരന്തരമായി. അതില്‍ ഏറ്റവും പ്രധാനം സ്വന്തം മനസ്സിനോടുള്ള യുദ്ധമാണ്. വേണം വേണ്ട എന്ന വടംവലിയാകും പലപ്പോഴും. അരുത് എന്നു ചിലപ്പോള്‍, വേഗം ആകട്ടെ അമാന്തം അരുത് എന്നു മറ്റ് ചിലപ്പോള്‍.
ഞാന്‍ അറിയാതെ ഒരു ഇലപോലും അനങ്ങാന്‍ പാടില്ലെന്ന് അച്ഛന്‍. കാലം മാറി കാരണവരെ എന്നു മക്കള്‍. ഞാനും അധ്വാനിച്ച് തന്നെയാ ജീവിക്കുന്നതെന്ന് അമ്മ.
ശരിയും തെറ്റും എന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് മേലധികാരി. സീനിയോറിറ്റി മാത്രം അല്ല കാര്യം, തലയ്‌ക്കകത്ത് വല്ലതും വേണമെന്ന് കീഴ്ജീവനക്കാര്‍.
ഇന്നത്തെ പിള്ളേര്‍ക്ക് അനുസരണ തൊട്ട് തീണ്ടിയിട്ടില്ല എന്ന് അധ്യാപകര്‍. പാഠ പുസ്തകങ്ങള്‍ക്കും അപ്പുറം ഒരു ലോകം ഉണ്ട് മാഷേ, ഗൂഗിള് കണ്ടിട്ട് ഉണ്ടോ മാഷേ എന്നു പിള്ളേരും.
എന്റെ പറമ്പില്‍ ഇലവീഴുന്നു എന്ന് അയല്‍ക്കാരന്‍. തന്റെ പറമ്പിലെ ആഞ്ഞലിയുടെ വേരു മതിലിനു ഇപ്പുറത്ത് എന്നു മറുവാദം.
സഹോദര സ്‌നേഹത്തെ കുറിച്ച് വീമ്പിളക്കുന്ന പഴയ തലമുറ. എന്നിട്ട് എന്തേ നാലാമത്തെ സഹോദരനെ പടിയടച്ചു പിണ്ഡം വച്ചത് എന്ന് ന്യൂ ജനറേഷന്‍!
മൃഗസ്‌നേഹത്തെപ്പറ്റി വാനോളം പുകഴ്‌ത്തി പറയും, വീട്ടില്‍ ഒരു കുഞ്ഞുകൂടുണ്ടാക്കി ഒരു തത്തയെ തടവിലാക്കുകയും ചെയ്യും. ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് അവകാശ വാദം ഉന്നയിക്കും! ഭക്ഷണത്തേക്കാള്‍ വലുത് സ്വാതന്ത്ര്യം ആണെന്ന് സമ്മതിക്കും -സ്വന്തം കാര്യത്തില്‍.
വേദനാ രഹിത പ്രസവം എന്നു കേട്ടാല്‍ മതി, വാളോങ്ങിവരും. പക്ഷേ, പല്ല് പറിക്കുമ്പോള്‍ വേദന ഉണ്ടാവാനും പാടില്ല.
മിക്‌സിയെയും ഗ്രൈന്‍ഡറിനേയും തെറി വിളിക്കും. മുറ്റത്തെ മാവിന്റെ ഒരു കൊമ്പ് മുറിച്ചു മാറ്റാന്‍ വെട്ടുകത്തി പോരാ മെഷീന്‍ തന്നെ വേണം! എവിടെയും യുദ്ധം കാണാം, എപ്പോഴും കാണാം. പണ്ട് ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, എപ്പോഴും കാണുകയും ചെയ്യും.
പക്ഷേ നാമെല്ലാം യുദ്ധത്തിന് എതിരാണ്!
















