തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഇപ്പോഴത്തെ ഫലത്തില്‍ നിന്നും സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. ജനവിധിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും.
യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഇടതുപക്ഷം ഇടത് ആശയങ്ങളെ മുറുകെ പിടിക്കുക തന്നെ ചെയ്യും.ജനങ്ങള്‍ ഞങ്ങളെ എങ്ങനെ കാണുന്നു എന്നും സര്‍ക്കാരിനെതിരായ വികാരം ഉണ്ടായോ എന്നതും അടക്കം പരിശോധിക്കും.
പിഎം ശ്രീയില്‍ സിപിഎമ്മിനും സിപിഐക്കും ഒരേ മൗലിക അഭിപ്രായം തന്നെയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങള്‍ക്ക് ഒരുപാട് ഉപകാരം ചെയ്ത സര്‍ക്കാരാണിത്. എന്തുകൊണ്ട് ആ സര്‍ക്കാരിനെതിരെ ഇങ്ങനെ ഒരു ജനവിധി ഉണ്ടൊയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎം മണിയുടെ വിവാദ പ്രസ്താവന സംബന്ധിച്ച് ,രാഷ്‌ട്രീയ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ജനങ്ങളെ മാനിക്കണമെന്നും ജനം തങ്ങള്‍ക്ക് താഴെയാണെന്ന് കരുതരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നെന്നും വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചുവെന്നുമാണ് എംഎം മണി പറഞ്ഞത്.
















