ലോകത്ത് വ്യാപിച്ചിട്ടുള്ള അധിനവേശ ജീവികളിൽ 3,500 ലധികം അധിനിവേശജീവിവർഗങ്ങളെയാണ് ദോഷകരമായ ആക്രമണാത്മക അധിനിവേശ ജീവിവർഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . മനുഷ്യ ഇടപെടലിലൂടെ മാത്രം ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേക്കും ജൈവആവാസവ്യവസ്ഥകളിലേക്കും 37,000 അധിനിവേശ സ്പീഷിസുകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഓരോ വർഷവും 200 പുതിയ അധിനിവേശ ജീവിവർഗങ്ങളാണ് മനുഷ്യരുടെ ഇടപെടലിലൂടെ മാത്രം വ്യാപിക്കുന്നത്.
കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന കമ്യൂണിസ്റ്റ് പച്ചയും അധിനിവേശ സസ്യമാണ് . ഇത് കൂടാതെ പല തരത്തിലുള്ള കുളവാഴകൾ, ധൃതരാഷ്‌ട്ര പച്ച പോലുള്ള പടർന്ന് കയറുന്ന വള്ളിച്ചെടികൾ എല്ലാം കേരളത്തിൽ വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ അധിനിവേശ സസ്യങ്ങളാണ്. ഇതിൽ പലതും സ്വാഭാവികമായി കേരളത്തിൽ കാണപ്പെട്ട പല സസ്യങ്ങളുടേയും വളർച്ച വലിയ തോതിൽ മുരടിക്കുന്നതിന് കാരണമാകുന്നുണ്ട്.
സാമ്പത്തിക ആഘാതം എന്നത് അധിനിവേശ ജീവികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന മഞ്ഞുമലയുടെ മുകളറ്റം മാത്രമാണ്. അധിനിവേശ ജീവികൾ പരിസ്ഥിതിയിലും, കാലാവസ്ഥയിലും തന്നെയുണ്ടാക്കുന്ന മാറ്റങ്ങൾ ഇനിയും വിശദമായി വിലയിരുത്തപ്പെടേണ്ടതുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.











