അമേരിക്കയെപ്പോലും വെല്ലാന്‍ പാകത്തില്‍ കേരളം മാറിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം. ഇതില്‍ കുറേ സാമ്യങ്ങളുമുണ്ട്. അവ പരിശോധിക്കാം. മുഖ്യമന്ത്രിയുടെ അവകാശവാദത്തിന്റെ യാഥാര്‍ത്ഥ്യമറിയാം.
1. ജീവിത നിലവാര സൂചികകളില്‍ മുന്‍പന്തിയില്‍.
2. ജിഡിപിയില്‍ സേവനമേഖലയുടെ ആനുപാതികമല്ലാത്ത പ്രാമുഖ്യം
4. വ്യാവസായിക ഉത്പാദന മേഖലകള്‍ പിന്നാക്കം പോയതു കാരണം ഭീമമായ വ്യാപാരക്കമ്മി
5. സ്റ്റേറ്റിന്റെ വലിയ കടബാധ്യതയും കൂടിക്കൊണ്ടിരിക്കുന്ന പലിശ ഭാരവും
6. അമേരിക്കക്കാര്‍ തൊഴില്‍രഹിതരായി തുടരുമ്പോഴും യുഎസ്എയിലെ തൊഴിലവസരങ്ങള്‍ മറ്റു രാജ്യക്കാര്‍ കൊണ്ടുപോകുന്നു. കേരളീയര്‍ തൊഴില്‍ രഹിതരായി തുടരുമ്പോഴും അവസരങ്ങള്‍ മറ്റു സംസ്ഥാനക്കാര്‍ കൊണ്ടുപോകുന്നു.
7. നാലാമത്തെയും ആറാമത്തെയും കാരണങ്ങള്‍ മൂലമുള്ള വിഭവ ചോര്‍ച്ച.
8. രണ്ടു മുതല്‍ ഏഴ് വരെയുള്ള കാരണങ്ങള്‍ കൊണ്ട് ഒന്നാമത്തെ കാര്യം സുസ്ഥിരമായി നിലനില്‍ക്കുമോ എന്ന ആശങ്ക അമേരിക്കയ്‌ക്കും കേരളത്തിനും ഒരുപോലെ ബാധകമാണ്.
ഇവിടെ വിഭവ ചോര്‍ച്ച എന്നതിനെക്കുറിച്ചു ചെറിയൊരു വിശദീകരണം ആവശ്യമാണ്. ജിഎസ്ടി ഡേറ്റ അനുസരിച്ചു കേരളത്തില്‍ നിന്ന് പുറത്തേക്കു അയയ്‌ക്കുന്ന സാധനങ്ങളുടെ ഏകദേശം മൂന്നിരട്ടിയാണ് ഇങ്ങോട്ട് വരുന്നത്. 2022-23 ല്‍ തന്നെ അതുകൊണ്ടുള്ള അന്തര്‍ സംസ്ഥാന വ്യാപാരക്കമ്മി 1. 05 ലക്ഷം കോടിയായിരുന്നു. ഇതില്‍ റേഷന്‍ സാധനങ്ങള്‍, ജിഎസ്ടിയില്‍ വരാത്ത ഭക്ഷ്യ വസ്തുക്കള്‍, മദ്യം എന്നിവ ഉള്‍പ്പെടുന്നില്ല. അതിന്റെ മൂല്യവും അന്യസംസ്ഥാന തൊഴിലാളികള്‍ പുറത്തേക്കയയ്‌ക്കുന്ന ഏകദേശം 70,000 കോടിയും കൂടി ചേര്‍ത്താല്‍ മൊത്തം വിഭവ ചോര്‍ച്ച രണ്ടുലക്ഷം കോടി കടക്കും. ഈ വിഭവ ചോര്‍ച്ചയാണ് വിദേശ പണം യഥാര്‍ത്ഥത്തില്‍ നല്‍കേണ്ട മെച്ചത്തെ പാറപ്പുറത്തു വീണൊഴുകിപോകുന്ന മഴവെള്ളം പോലെ നിഷ്ഫലമാക്കുന്നത്.
അമേരിക്കയെ സംബന്ധിച്ചിടത്തോളം മേല്‍ സൂചിപ്പിച്ച ആശങ്കയെ കുറിച്ചുള്ള തിരിച്ചറിവാണ് ട്രംപ് ഇപ്പോള്‍ നടത്തുന്ന കൈകാലിട്ടടികളുടെ മൂലകാരണം. അദ്ദേഹം കരുതുന്നത് പകരചുങ്കത്തിലൂടെയും വിസ നിയമക്കുരുക്കുകളിലൂടെയും മറ്റും കടല്‍കടന്നു പോയ ഉത്പാദനവും തൊഴിലവസരവും ഒക്കെ തിരിച്ചുകൊണ്ടുവന്ന് വിഭവ ചോര്‍ച്ച തടയാമെന്നാണ്.
പക്ഷേ അത് നടക്കാന്‍ സാധ്യത താഴെ പറയുന്ന കാരണങ്ങളാല്‍ കുറവാണ്.
1. വര്‍ധിച്ച കൂലി നിലവാരം
2. അമേരിക്കക്കാര്‍ സുഖലോലുപരായിപ്പോയി എന്നത്
3. മറ്റു സമ്പദ് വ്യവസ്ഥകള്‍ ഉയര്‍ന്നു വരുന്നത്.
4. തീരുവകള്‍ ആഭ്യന്തര സമ്പദ് രംഗത്ത് തന്നെ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ അധിക കാലം അത് തുടരാനാകില്ല എന്നത്
5. മത്സരക്ഷമത ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു പിടിക്കുക എളുപ്പമല്ലെന്നത്.
6. ഡോളറിന്റെ മൂല്യശോഷണം കാരണം വിനിമയമൂല്യം കൊണ്ടുണ്ടായിരുന്ന അനുകൂലാവസ്ഥ നഷ്ടപ്പെടുന്നത്.
7. ബ്രിക്‌സ് രാജ്യങ്ങളുടെ ഉയര്‍ച്ചയും ഡി- ഡോളററൈസഷന്‍ പ്രക്രിയയും അതുമൂലം റിസര്‍വ് കറന്‍സി എന്ന ഡോളറിന്റെ സ്ഥാനം നേരിടുന്ന വെല്ലുവിളിയും.
വ്യത്യാസങ്ങള്‍
1. അമേരിക്ക ഭക്ഷ്യരംഗത്ത് സ്വയം പര്യാപ്തമാണ്. തുറമുഖങ്ങളില്‍ കപ്പല്‍ വന്നില്ലെങ്കിലും അമേരിക്കക്കാര്‍ പട്ടിണിയാവില്ല. കേരളം പരാശ്രിതമാണ്. ഒരാഴ്ച ലോറികളും ചരക്കു തീവണ്ടികളും ചുരം കടന്നില്ലെങ്കില്‍ ഇവിടെ പട്ടിണി ഉറപ്പാണ്. പക്ഷേ, രാസവളവും ജലസേചന സൗകര്യങ്ങളും വൈദ്യുതിയും സബ്സിഡി നിരക്കില്‍ നല്‍കി മറ്റു സംസ്ഥാനങ്ങളെ കൊണ്ട് ഉത്പാദിപ്പിച്ചു താങ്ങുവിലയ്‌ക്ക് സംഭരിച്ചു അരിയാക്കി സൗജന്യമായോ ഒരു രൂപയ്‌ക്കോ ഒമ്പതു രൂപയ്‌ക്കോ കേന്ദ്രം എത്തിച്ചു തരുമെന്നതിനാല്‍ കേരളത്തിന് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ഇതാണ് ദാരിദ്ര്യ മുക്ത കേരളത്തിന്റെ അടിസ്ഥാനം. ശക്തവും സ്വയം പര്യാപ്തവുമായ ഭാരത സമ്പദ് വ്യവസ്ഥയോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ എല്ലാ ഉപഭോക്തൃ സാധനങ്ങളും ഡോളര്‍ വിലയ്‌ക്കല്ലാതെ ലഭ്യമാകുന്നു എന്നത് ബഹുഭൂരിപക്ഷത്തിന്റെയും ഉയര്‍ന്ന ജീവിതനിലവാരവും ഉറപ്പ് വരുത്തുന്നു.
2. തുടക്കത്തില്‍ സൂചിപ്പിച്ച (2-7) പരാധീനതകള്‍ ഉണ്ടായിട്ടും കേരളം മുന്നോട്ടു പോകുന്നത് വിദേശ റെമിറ്റന്‍സായി വരുന്ന രണ്ടു ലക്ഷത്തോളം കോടി രൂപ ഉണ്ടാക്കുന്ന ഡിമാന്‍ഡും ശക്തമായ ഭാരത സമ്പദ് വ്യവസ്ഥ ചുരുങ്ങിയ ചിലവില്‍ നടത്തുന്ന സപ്ലൈയും കാരണമാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഡോളറിനു മറ്റു കറന്‍സികളുമായി ഉള്ള അനുകൂല വിനിമയനിരക്ക് ( ക്രയശേഷി തുല്യതയുമായി അടിസ്ഥാനത്തിലല്ലാതെ) റിസര്‍വ്/ എക്‌സ്‌ചേഞ്ച് കറന്‍സി എന്ന സ്ഥാനം എന്നിവയാണ്.
കേരളം നേരിടുന്ന വെല്ലുവിളി
1. ചോദനവും (ഡിമാന്‍ഡ്) ലഭ്യതയും നിര്‍ണയിക്കുന്നത് ബാഹ്യമായാണ് എന്നത് സാമ്പത്തികമായി അഭിലഷണീയമോ തന്ത്രപരമായി സുരക്ഷിതമോ ധാര്‍മികമായി സ്വീകാര്യമോ അല്ല.
2. മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ/ കുശലതാ ശേഷി ഉയരുകയാണ്. ഭാവിയില്‍ മലയാളികള്‍ അവര്‍ക്കു അനിവാര്യരല്ല.
3. വിദേശ രാജ്യങ്ങള്‍ വിസ/ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നു.
4. ജോലി തേടി പോകുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറുന്നു. കുടുംബത്തെ കൂടി കൊണ്ടുപോകുന്നു. ചിലര്‍ തിരിച്ചു വരുന്നില്ല. പണമയക്കല്‍ കുറഞ്ഞേക്കാം.
5. മറ്റ് സംസ്ഥാനങ്ങളിലെ പുരോഗതി ജീവിത നിലവാരത്തിലെ ഉയര്‍ച്ച എന്നിവ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത് കൊണ്ട് അവിടെ നിന്നും ചുരുങ്ങിയ ചിലവിലുള്ള സപ്ലൈ എല്ലാകാലത്തും ഉണ്ടായിരിക്കണമെന്നില്ല.
6. സൗജന്യമായോ നിസാരവിലയ്‌ക്കോ ഉള്ള റേഷന്‍, ഭക്ഷ്യധാന്യ ലഭ്യതയെയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെയും ആശ്രയിച്ചിരിക്കും.
7. വിനിമയനിരക്കില്‍ പ്രതികൂലമായ വ്യത്യാസം വന്നാല്‍ രൂപയിലുള്ള വരുമാനം കുറയാം.
8. ആഭ്യന്തരമായ ഉല്പാദനത്തിന്റെയും തൊഴിലവസരങ്ങളുടെയും അഭാവം പലായനത്തെ പ്രോത്സാഹിപ്പിക്കുകയും കേരളം ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും
മുമ്പ് സൂചിപ്പിച്ച അനുകൂലഘടകങ്ങളുടെ വരുംകാല സുസ്ഥിരത വിവിധ കാരണങ്ങളാല്‍ അനിശ്ചിതത്വം നേരിടുന്നു എന്നത് കേരളവും അമേരിക്കയും ഒരുപോലെ നേരിടുന്ന ഭീഷണിയാണ്. അമേരിക്ക അതിനെ പറ്റി പൂര്‍ണബോധവാന്മാരായി നിലനില്‍പ്പിനുവേണ്ടി എല്ലാ തന്ത്രങ്ങളും പയറ്റുന്നു.
കേരളത്തിലെ ഭരണ രാഷ്‌ട്രീയ നേതൃത്വവും മാധ്യമങ്ങളും പൊതുബോധവും വര്‍ത്തമാനാവസ്ഥയുടെ ഭംഗുരതയെ കുറിച്ചും തങ്ങളെ തുറിച്ചു നോക്കുന്ന ഭീഷണികളെ കുറിച്ചും വലിയ ധാരണ ഇല്ലാതെ മൂഢസ്വര്‍ഗത്തിലാണ്. ഇതാണ് കേരളവും അമേരിക്കയും തമ്മിലുള്ള വ്യത്യാസം.
















