തിരുവനന്തപുരം:വിനോദസഞ്ചാര വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം-2025’ പുഷ്പമേളയ്‌ക്കും ദീപാലങ്കാരത്തിനും ഈ മാസം 23 ന് തുടക്കമാകും. ജനുവരി 2 വരെയാണ് മേള.
വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡിടിപിസി) ചേര്‍ന്നൊരുക്കുന്ന ഈ വര്‍ഷത്തെ പുഷ്‌പോത്സവം ക്യൂറേറ്റ് ചെയ്യുന്നത് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആണ്.വസന്തോത്സവത്തില്‍ പുഷ്പ സസ്യങ്ങള്‍, അലങ്കാര സസ്യങ്ങള്‍, ബോണ്‍സായി, ഓര്‍ക്കിഡുകള്‍, ആന്തൂറിയം, അഡീനിയം, കാക്റ്റസ് തുടങ്ങി എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും. വ്യക്തികള്‍, നഴ്‌സറികള്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് മത്സര വിഭാഗത്തില്‍ പങ്കെടുക്കാനാകും.
ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെയും ഓരോ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍മാരെയും തിരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 12 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി വെള്ളയമ്പലത്തെ ഡിടിപിസി ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
വ്യത്യസ്തവും അപൂര്‍വവുമായ പൂക്കളുടെ ശേഖരം ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കും. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തില്‍ ദീപാലങ്കാരങ്ങളും ഒരുക്കും.മത്സര വിഭാഗത്തില്‍ ഏകദേശം 15,000 ചെടികള്‍ക്കു പുറമേ 25000-ത്തിലധികം പൂച്ചെടികളും അണിനിരത്തും. ചെടികള്‍ വാങ്ങുന്നതിനായി വിവിധ നഴ്‌സറികളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ക്രിസ്തുമസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാനായി 1.18 കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന ലൈറ്റ് ഷോയും ഉണ്ടാകും.
















