1948-ല്‍ പാര്‍ലമെന്റ് പാസ്സാക്കി 1952-ല്‍ നിലവില്‍ വന്നിട്ടുള്ള തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി 1995 ല്‍ ബൃഹത്തായ ഇപിഎഫ് പദ്ധതി പുനരാവിഷ്‌കരിച്ചു. സംഘടിത മേഖലയില്‍ 20-ല്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിയെടുക്കുന്ന സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായിട്ടും അതില്‍ താഴെയുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളി-തൊഴിലുടമ സംയുക്ത ഓപ്ഷന്‍ ആയിട്ടും ഇഎപിഎഫില്‍ അംഗത്വം എടുക്കാം. അടിസ്ഥാന ശമ്പളത്തിന്റേയും ക്ഷാമബത്തയുടേയും 12 ശതമാനം തൊഴിലാളികളും 13ശതമാനം തൊഴിലുടമകളും പിഎഫിലേക്ക് വിഹിതമായി പ്രതിമാസം അടയ്‌ക്കേണ്ടതാണ്. ഉടമയുടെ 13 ശതമാനത്തില്‍ 1/2ശതമാനം പിഎഫിന്റെ ഭരണച്ചെലവുകള്‍ക്കും 1/2ശതമാനം എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്‌സ് ഇന്‍ഷുറന്‍സിലേക്കും 8.33ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ടിലേക്കും ബാക്കി വരുന്ന 3.67 ശതമാനം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്കും നിക്ഷേപിക്കും. തൊഴിലുടമയുടെ 8.33ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഫണ്ട് വിഹിതമായി 1.16 ശതമാനവും കൂട്ടി ആകെ പെന്‍ഷന്‍ ഫണ്ട് സഞ്ചിത നിധിയിലേക്ക് നിക്ഷേപിക്കുന്നത് 9.49 ശതമാനമാണ്.
എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഇപിഎഫില്‍ അംഗമായ തൊഴിലാളികള്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചതിനുശേഷം സര്‍വീസിലിരിക്കേ മരിച്ചാല്‍ ആശ്രിതര്‍ക്ക് 7 ലക്ഷം വരെയുള്ള സാമ്പത്തിക സഹായം നല്‍കുന്ന നാല്ലൊരു പദ്ധതിയാണിത്. മരിച്ച തൊഴിലാളിയുടെ പ്രായം, ഇപിഎഫിലുള്ള നിക്ഷേപം, തുടര്‍ന്നുള്ള സര്‍വീസ് എന്നിവ കണക്കിലെടുത്താണ് അനുകൂല്യങ്ങള്‍ നല്‍കുന്നത്. എല്ലാത്തരത്തിലുള്ള മരണങ്ങള്‍ക്കും ഈ ആനുകൂല്യം ലഭ്യമാവും.
ഇപിഎഫ് പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 10 വര്‍ഷത്തെ സര്‍വീസും 58 വയസ്സും പൂര്‍ത്തീകരിക്കണം. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ 50 വയസ്സ് കഴിഞ്ഞാല്‍ കുറഞ്ഞ പെന്‍ഷന്‍ (Reduced Pension) വാങ്ങാവുന്നതാണ്.
പെന്‍ഷന്‍ കണക്കു കൂട്ടുന്നതിന് നിലവില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. 1995-ലെ ഇപിഎഫ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ശമ്പളപരിധി 5000 രൂപയായിരുന്നു. പിന്നീട് അത് 6500 ആയി ഉയര്‍ത്തി. 2014-ല്‍ സെപ്തംബര്‍ മുതല്‍ ശമ്പളപരിധി 15000 രൂപയായി വര്‍ദ്ധിപ്പിച്ചു. 1995-ല്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ രണ്ട് ഓപ്ഷനുണ്ടായിരുന്നു. 1. ശമ്പള പരിധി 5000ത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം അടയ്‌ക്കാം. 2. അടിസ്ഥാന ശമ്പളത്തിന്റേയും ക്ഷാമബത്തയുടേയും പൂര്‍ണ്ണമായ സംഖ്യ തൊഴിലുടമയും തൊഴിലാളിയും തയ്യാറാകുകയാണെങ്കില്‍ ഹൈയര്‍ ഓപ്ഷന്‍ പെന്‍ഷനുവേണ്ടി അടയ്‌ക്കാവുന്നതാണ്.
2014-ന് മുമ്പ് പെന്‍ഷന്‍ കണക്കാക്കിയിരുന്നത് അവസാന 12 മാസത്തെ ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. അതിന് സംഭാവന നല്‍കിയ വര്‍ഷങ്ങളുടെ എണ്ണംകൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിച്ചായിരുന്നു പെന്‍ഷന്‍ കണക്കാക്കിയിരുന്നത്. 2014 സെപ്തംബറിനുശേഷം 60 മാസത്തെ ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് പെന്‍ഷന്‍ കണക്കാക്കുന്നത്. അങ്ങനെ പെന്‍ഷന്‍ പദ്ധതിയില്‍ 2014 സെപ്തംബറിന് മുമ്പും ശേഷവും എന്ന രണ്ട് തട്ടുകളായി മാറി. അപ്പോള്‍ പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ 2014 വരെ പ്രോറേറ്റ് (ആനുപാതികം) കണക്കാക്കിയും 2014 സെപ്തംബറിനുശേഷമുള്ള മാനദണ്ഡങ്ങള്‍ കണക്കാക്കിയുമാണ് പെന്‍ഷന്‍ നല്‍കുന്നത്. ഈ രണ്ടു മാനദണ്ഡങ്ങളും മാറ്റി ഏകീകരിക്കുന്നതാണ് കുറച്ചുകൂടി ഗുണകരം.
പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള അവസാനത്തെ 60 മാസം എന്ന മാനദണ്ഡം മാറ്റി അവസാനത്തെ 12 മാസമാക്കി മാറ്റി നിശ്ചയിക്കണം. 2014 സെപ്തംബറിനുശേഷം ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളം 15000-ല്‍ കൂടുതലാണെങ്കില്‍ അവര്‍ക്ക് പിഎഫില്‍ ചേരണമെങ്കില്‍ തൊഴിലാളിയുടെയും തൊഴില്‍ ഉടമയുടെയും സമ്മതം ആവശ്യമാണ്. പക്ഷേ അവര്‍ക്കാര്‍ക്കും തന്നെ പെന്‍ഷന്‍ ഫണ്ടില്‍ ചേരാന്‍ കഴിയില്ല. അത് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. 2014-ന് ശേഷം ഹൈയര്‍ ഓപ്ഷന്‍ പെന്‍ഷനുള്ള മാനദണ്ഡങ്ങള്‍ എടുത്തു കളഞ്ഞു. പത്രമാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇന്റര്‍നാഷണല്‍ ലേബേഴ്‌സിനും ആണ് ഈ വ്യവസ്ഥ നിലനില്‍ക്കുന്നത്. 2014-നു മുന്‍പ് ഹൈയര്‍ ഓപ്ഷന്‍ പെന്‍ഷനില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടായിരുന്നത് കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലും ചില സ്വകാര്യ സ്ഥാപനങ്ങളിലും മാത്രമായിരുന്നു. ഹൈയര്‍ ഓപ്ഷന്‍ പെന്‍ഷന്‍ കിട്ടിയ തൊഴിലാളികള്‍ക്ക് അതുമാറ്റി സാധാരണ ഗതിക്കുള്ള പെന്‍ഷനാക്കി മാറ്റി. അത് ചോദ്യം ചെയ്ത് തൊഴിലാളികളും സംഘടനകളും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയതിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി പുനഃസ്ഥാപിക്കാന്‍ തീരുമാനമായി. ഇപ്പോള്‍ ഇപിഎഫ് പെന്‍ഷന്‍കാരായി 80 ലക്ഷം പേരുണ്ട്. അതില്‍ 30 ശതമാനം പേര്‍ക്ക് മിനിമം പെന്‍ഷനായി 1000രൂപയാണ് ലഭിക്കുന്നത്. 2014-ല്‍ ആണ് മിനിമം പെന്‍ഷന്‍ 1000 രൂപയാക്കി നിശ്ചയിച്ചത്.
ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ 5000 രൂപയാക്കി നിശ്ചയിക്കണമെന്നായിരുന്നു ബിഎംഎസ് ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളുടെ പൊതുവായ ആവശ്യം. ഇതില്‍ അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്ന് വിവിധ ആവശ്യങ്ങളില്‍ അനുകൂല ഉറപ്പ് നേടാനായത് നേട്ടമാണ്.
ഇപിഎഫിന്റെ എല്ലാ പെന്‍ഷന്‍കാര്‍ക്കും ഹൈയര്‍ ഓപ്ഷന്‍ പെന്‍ഷന് അര്‍ഹതയില്ല. ശമ്പള പരിധിയില്ലാതെ മുഴുവന്‍ ശമ്പളത്തിന്റേയും വിഹിതം അടച്ചവര്‍ക്കു മാത്രമേ ഇത് ലഭ്യമാകൂ.
ഇപിഎഫില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കേണ്ടത് അനിവാര്യമാണ്.
രാജ്യത്ത് നിലവില്‍ 4 പെന്‍ഷന്‍ പദ്ധതികളാണുള്ളത്
1 നിര്‍ബന്ധം ആയിട്ടുള്ള ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം. 2004 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നാഷണല്‍ പെന്‍ഷന്‍ സ്‌കീം. ഇത് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്‌കീം ആണ്. പിന്നീട് അത് യുപിഎസ് (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം) ആയി. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പ്രത്യേകിച്ച് പൊതുമേഖലയില്‍ ജോലി ചെയുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയാണ്.
2 ഇ.പി.എഫ്. പെന്‍ഷന്‍: ഇ.പി.എഫില്‍ ഇപ്പോള്‍ അഞ്ചര കോടി തൊഴിലാളികള്‍ അംഗങ്ങളാണ്. അതില്‍ പെന്‍ഷന് അര്‍ഹതയുള്ള തൊഴിലാളികള്‍ക്കുള്ളതാണ് ഇപിഎഫ് പെന്‍ഷന്‍ പദ്ധതി. സാധാരണക്കാരായ കൂടുതല്‍ തൊഴിലാളികള്‍ ഇതില്‍ അംഗങ്ങളാണ്.
3 തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍: ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോണ്‍ട്രിബ്യൂട്ടറി ആയിട്ട് നല്‍കുന്ന പെന്‍ഷനാണിത്. തുച്ഛമായ സംഖ്യയാണ് പെന്‍ഷനായി ലഭിക്കുന്നത്.
4 സാമൂഹ്യ പെന്‍ഷന്‍ – മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, വികലാംഗര്‍ തുടങ്ങിയവര്‍ക്ക് നോണ്‍ കോണ്‍ട്രിബ്യൂട്ടറി ആയി നല്‍കുന്ന പെന്‍ഷന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വിഹിതം എടുത്തുകൊണ്ടാണ് ഈ പെന്‍ഷന്‍ നല്‍കുന്നത്.
പെന്‍ഷന്‍ എന്നത് ഔദാര്യമല്ല, തൊഴിലാളികളുടെ മൗലികാവകാശമാണ്. എല്ലാ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ 5000 രൂപയായിട്ട് നിശ്ചയിക്കണം. ആയതിന് ഫലവത്തായ സംവിധാനങ്ങള്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. ഇപി
എഫ് പെന്‍ഷന്‍ ഫലവത്തായി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
(1) ഇപിഎഫ് പെന്‍ഷനായി നീക്കി വയ്‌ക്കുന്ന 9.49% ന് പിഎഫി ലെ മറ്റ് നിക്ഷേപങ്ങള്‍ക്ക് കൊടുക്കുന്ന പലിശ നല്‍കണം. കോംപൗണ്ട് പലിശ നിശ്ചയിക്കണം.
(2) പെന്‍ഷന്‍ ഫണ്ടിലേക്ക് കേന്ദ്രവിഹിതമായ 1.16% ഗണ്യമായി വര്‍ദ്ധിപ്പിക്കണം. കൂടാതെ സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതംകൂടി നിശ്ചയിക്കണം.
(3) 2014-ല്‍ നിശ്ചയിച്ച 15000 ശമ്പള പരിധി 30,000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക. അല്ലെങ്കില്‍ അടിസ്ഥാന ശമ്പളത്തിന്റേയും ക്ഷാമബത്തയുടേയും പൂര്‍ണ്ണമായ വിഹിതം ഇപിഎഫില്‍അടയ്‌ക്കുക. ഇപിഎഫില്‍ നിലവിലുള്ള അവകാശികളില്ലാതെയുള്ള പണം നിശ്ചിത കാലാവധി കഴിഞ്ഞാല്‍ ഇപിഎഫ് അംഗങ്ങളായ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കുക.
(4) പെന്‍ഷന്‍ ഫണ്ടില്‍ ചേര്‍ന്ന തൊഴിലാളികള്‍ ആറ് മാസം പൂര്‍ത്തിയാകും മുമ്പ് ജോലിയില്‍ നിന്ന് വിട്ടുപോയാല്‍ പണം തിരിച്ചു കൊടുക്കുന്നില്ല. ആ പണം പെന്‍ഷന്‍ ഫണ്ടിലേക്ക് പ്രയോജനപ്പെടുത്തുക
(5) പെന്‍ഷണര്‍ മരിച്ചു കഴിഞ്ഞാല്‍ ആശ്രിതര്‍ക്ക് 75% പെന്‍ഷന്‍ നല്‍കുക.
(ബിഎംഎസ് ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)













