ന്യൂദൽഹി: ഇന്ന് ലോക്‌സഭയിൽ രാഹുൽ ഗാന്ധി വീണ്ടും ബ്രസീലിയൻ മോഡൽ ലാരിസ നേരിയെ പരാമർശിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി. രാഹുൽ മോഡലിനെക്കുറിച്ച് പരാമർശിച്ചയുടനെ മറ്റൊരു കോൺഗ്രസ് എംപി മോഡലിന്റെ പോസ്റ്റർ വീശാൻ തുടങ്ങി. ഇത് സഭയിൽ ബഹളത്തിന് കാരണമായി. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിച്ചില്ലെങ്കിൽ സഭ പ്രവർത്തിക്കില്ലെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉടൻ മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവായ താങ്കൾ ഇത്രയും കാലം പാർലമെന്റിലുണ്ട്. ആദ്യം അവരെ തടയണമെന്നും ബിർള ആവശ്യപ്പെട്ടു.
അതേ സമയം രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിനിടെ പറഞ്ഞത് ഹരിയാനയിലെ വോട്ടർ പട്ടികയിൽ 22 തവണ ഒരു ബ്രസീലിയൻ സ്ത്രീയുടെ ഫോട്ടോ ഉണ്ടെന്നാണ്. ഹരിയാനയിലെ 10 ബൂത്തുകളിൽ നിന്ന് ഈ സ്ത്രീ 22 തവണ വോട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ബിജെപി ഇതുതന്നെ ചെയ്യുന്നുവെന്നുമാണ്. എന്നാൽ ഇതിനുശേഷം സഭ വീണ്ടും ബഹളത്തിൽ മുങ്ങി.
ബ്രസീലിയൻ വനിതാ മോഡൽ ലാരിസ നേരി ആരാണ് ?
തെക്കുകിഴക്കൻ ബ്രസീലിലെ ഒരു സംസ്ഥാനമായ മിനാസ് ഗെറൈസിൽ നിന്നുള്ള ഒരു ഹെയർഡ്രെസ്സറാണ് ഈ രാഷ്‌ട്രീയ വിവാദത്തിൽ കുടുങ്ങിയ സ്ത്രീ. മിനാസ് ഗെറൈസിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിൽ അവർക്ക് ഒരു സലൂൺ ഉണ്ട്. അടുത്തിടെ ലാരിസയും ഈ വിഷയത്തിൽ പ്രതികരിച്ചു. ഇന്ത്യയിൽ വോട്ടുചെയ്യാൻ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന തന്റെ ഫോട്ടോ യഥാർത്ഥത്തിൽ ഫോട്ടോഗ്രാഫർ മാത്യൂസ് ഫെറേറോ 2017 ൽ എടുത്തതാണെന്നും ഫോട്ടോ സൈറ്റായ അൺസ്പ്ലാഷിൽ അപ്‌ലോഡ് ചെയ്തതാണെന്നും പ്രസ്താവിച്ചുകൊണ്ട് അവർ ഈ വിഷയത്തിൽ ഒരു വീഡിയോ പുറത്തിറക്കി. ബ്രസീലിയൻ മോഡൽ
തനിക്ക് 20 വയസ്സുള്ളപ്പോൾ എടുത്ത ഫോട്ടോയാണിതെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലും വ്യക്തമാക്കിയിരുന്നു. കൂടാതെ അനുമതിയില്ലാതെ ഒരാളുടെ ഫോട്ടോ ഉപയോഗിക്കുന്നത് തെറ്റാണ്. ഈ വിഷയത്തിൽ നിയമനടപടിയ്‌ക്കായി അഭിഭാഷകനുമായി കൂടിയാലോചിക്കുകയും ചെയ്യുമെന്നും മോഡൽ പറഞ്ഞിരുന്നു.
ആരോപണങ്ങൾ അടിസ്ഥാന രഹിതം
എന്നാൽ ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കാട്ടി യഥാർത്ഥ യുവതി രംഗത്തെത്തുകയും ചെയ്തു. ബ്രസീലിയന്‍ മോഡലിനോട് സാമ്യമുള്ള ചിത്രം പതിച്ചതെന്ന് ആരോപിക്കപ്പെടുന്ന വോട്ടർ കാര്‍ഡുള്ള സ്ത്രീകളിലൊരാളായ പിങ്കി ജുഗീന്ദര്‍ കൗശിക് ആണ് തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചത്.
‘വോട്ട് മോഷണം’ എന്ന വാദം അടിസ്ഥാനരഹിതമാണെന്നും തന്റെ വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്നും യുവതി മാധ്യമങ്ങളൊട് പറഞ്ഞു. തന്റെ വോട്ടര്‍ ഐഡിയിലെ ഫോട്ടോയില്‍ നേരത്തേ തന്നെ പിശകുണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും തിരുത്തിയ കാര്‍ഡ് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പിങ്കി പറഞ്ഞു.
‘2024ല്‍ ഞാന്‍ നേരിട്ടുപോയാണ് വോട്ട് ചെയ്തത്. ഇവിടെ വോട്ട് മോഷണമൊന്നും നടന്നിട്ടില്ല. ആദ്യം ലഭിച്ച വോട്ടര്‍കാര്‍ഡില്‍ ചിത്രം മാറിപ്പോയിരുന്നു. എന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു സ്ത്രീയുടെ ചിത്രമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ അത് ഉടനടി തിരികെ നല്‍കി. പക്ഷേ ഇതുവരെയും തിരുത്തിയ കാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 2024ലെ തിരഞ്ഞെടുപ്പില്‍ എന്റെ വോട്ടര്‍ സ്ലിപ്പും ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ് ഞാന്‍ വോട്ട് ചെയ്തതെന്നുമാണ് യുവതി പറഞ്ഞത്.
ഹരിയാനയില്‍ 25 ലക്ഷം വോട്ടുകൾ കവർന്നതായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഒന്നിലധികം വോട്ടര്‍ കാര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
















