ന്യൂഡൽഹി : പൗരത്വം നേടുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നുവെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി . ഈ പ്രസ്താവനകൾ “തികച്ചും നുണ”യാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
“ഇതിന് എന്തെങ്കിലും തെളിവുണ്ടോ? ഇതൊരു നുണയാണ്. ഇന്ത്യയുടെ പൗരത്വമുള്ളതിനുശേഷം മാത്രമാണ് അവർ വോട്ട് ചെയ്തത്. 80 വയസ്സ് തികയാൻ പോകുമ്പോഴും അവർ എന്തിനാണ് ഇങ്ങനെ പിന്തുടരുന്നതെന്ന് എനിക്കറിയില്ല. എന്റെ അമ്മ തന്റെ ജീവിതം മുഴുവൻ രാഷ്‌ട്രസേവനത്തിനായി , ഇന്ത്യയ്‌ക്കായി സമർപ്പിച്ചു. ഇപ്പോൾ അവരുടെ പ്രായത്തിൽ അവരെ ഒഴിവാക്കണം,” പ്രിയങ്ക ഗാന്ധി പറഞ്ഞു.
1980-ൽ വോട്ടർ പട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണത്തിൽ മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ഡൽഹിയിലെ റൗസ് അവന്യൂ സെഷൻസ് കോടതി നോട്ടീസ് അയച്ചു. സോണിയ ഗാന്ധിക്കൊപ്പം ഡൽഹി പോലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി തള്ളിയതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയുമായി ബന്ധപ്പെട്ടാണ് കോടതി സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.1980 ൽ തന്നെ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തിരുന്നുവെന്നും, ആ സമയത്ത് അവർ ഇന്ത്യൻ പൗരത്വം പോലും നേടിയിരുന്നില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്
















