തിരുവനന്തപുരം: 1996ല്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാന്‍ വന്നു. നിങ്ങള്‍ സാമൂഹ്യവിരുദ്ധരല്ലേ എന്ന് ചോദിച്ചെന്നും മുഖത്തു നോക്കി കാര്യം പറയുന്നവരാണ് ഞങ്ങളെന്നു പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ പിന്തുണച്ച ജമാഅത്തെ ഇസ്ലാമി മനസ്സില്ലാമനസ്സോടെയാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ തയാറായത്. 1992 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധമായാണ് 1996 ല്‍ ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിന് വോട്ട് ചെയ്തത്. 2014-ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാഅത്തെ ഇസ്ലാമി വര്‍ഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എല്‍ഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞു.
















