ബോംബെയെന്ന മഹാനഗരത്തിന്റെ പേര് മുംബൈ ആയെങ്കിലും മലയാളികള്‍ ഹിന്ദി സംഗീതജ്ഞനായ രവിയെ അറിയപ്പെടുന്നത് ബോംബെ രവി എന്ന പേരിലാണ്. സംഗീതം നല്‍കിയ അവിസ്മരണീയ ഗാനങ്ങളെ ബഹുമാനിക്കുന്നതിനായിരിക്കാം പേരിനു മുന്നില്‍ ബോംബെ ചേര്‍ത്തുള്ള വിളി. യഥാര്‍ത്ഥത്തില്‍ രവി ബോംബെക്കാരനുമല്ല. പഞ്ചാബിയാണ്. രവിശങ്കര്‍ ശര്‍മ്മയെന്നാണ് യഥാര്‍ത്ഥ പേര്. സിനിമയില്‍ പാട്ടുപാടാനുള്ള മോഹം തൊണ്ടതെളിഞ്ഞ നാള്‍ മുതല്‍ തുടങ്ങി. പിന്നീടതൊരു ജ്വരമായി മാറി. എസ്.ഡി. ബര്‍മ്മനായിരുന്നു ആരാധ്യഗുരു. ഭ്രമം ഹിന്ദി പാട്ടുകളോടും.
പാടാനുള്ള കഴിവുകള്‍ ആര്‍ജ്ജിച്ചതോടെ ബോളിവുഡ് നഗരമായ ബോംബെയിലെത്തി. ആജീവനാന്ത ആഗ്രഹം പറഞ്ഞ് സംഗീതജ്ഞരെ കണ്ടു. പാടികേള്‍പ്പിച്ചത് ആര്‍ക്കും തൃപ്തിയായില്ല. എന്നാല്‍ ചിലര്‍ പ്രശംസിക്കാതിരുന്നില്ല. വാക്കുകളുടെ സ്ഫുടമായ ഉച്ചാരണം. ഗഹനമായ ഹിന്ദിപാണ്ഡിത്യം, അതിശയാവഹമായ പാട്ടോര്‍മ്മശക്തി. ഇത്തരം സവിശേഷതകള്‍ സംഗീതത്തിനു ചേര്‍ന്നതാണെന്ന് പ്രശംസിച്ചു. എങ്കിലും തന്നിലെ സ്വപ്നഗായകന്‍ ഞെങ്ങിഞെരുങ്ങി മരിക്കുന്നതായി രവിയെന്ന യുവാവറിഞ്ഞു. നാട്ടില്‍ താന്‍ പാടിയ വേദികളോര്‍ത്തു കരഞ്ഞു. നഗരത്തിലെ ഉപജീവനം വെപ്രാളം കൊള്ളിച്ചു. മോഹം സഫലീകിക്കാന്‍ തെണ്ടിയും തെരുവുഗായകനുമാകാന്‍ മനം മടിച്ചു. മാത്രവുമല്ല നല്ല മല്ലുള്ള പണിയാണ്. വീഥികളിലെ ചൂടും മഴയും മഞ്ഞും ആരോഗ്യസ്ഥിതിക്ക് ചേര്‍ന്നതല്ലെന്നു തോന്നി. വിയര്‍ത്തൊലിച്ചാലും നക്കാപ്പിച്ച പ്രതിഫലം.
ഒടുവില്‍ അഭിലാഷത്തിലിണങ്ങിയ തീരുമാനത്തിലുറച്ചു. അഭിനന്ദിച്ച, പേരുള്ള സംഗീത സംവിധായകര്‍ അവസരം കൊടുക്കാന്‍ സന്നദ്ധരായി. അസിസ്റ്റന്റാക്കിയല്ല. റെക്കോഡിങ് സ്റ്റുഡിയോയിലെ വായ്‌പാട്ടുകാരന്‍. സംഗീതജ്ഞരും ഗായകരും തൊണ്ടകീറി സാധാരണ പാടില്ല. അവര്‍ക്ക് റിഹേഴ്സലായി ഒരാള്‍ പാടുപെടും. സംഗീതവും ഗായകരും അത് കേട്ടാല്‍ റെക്കോഡിങ് എളുപ്പം. ആലാപനത്തില്‍ പ്രഥമ ഗുരു ഭാഗ്യത്തിന് എസ്.ഡി. ബര്‍മ്മനും മുഹമ്മദ് റഫിയുമായിരുന്നു. റഫിസാറിനു മാത്രമല്ല, ബര്‍മ്മന്‍ജിക്കും വായ്‌കഴിവ് പിടിച്ചു. അതോടെ കോറസുകാരന്‍ കിഷോര്‍ കുമാറിനും ലതാ മങ്കേഷ്‌ക്കറിനും മുന്നില്‍ പട്ടിക നീണ്ട് ഗാനകലാവൈഭവം പ്രകടിപ്പിച്ചു. പിന്നെ പിന്നണിഗായകരുടെ നീണ്ട നിരക്ക് റിഹേഴ്സല്‍ സ്റ്റാര്‍ട്ടപ്പ് സ്വരമായി. പാട്ടു പഠിപ്പിക്കുന്ന മീഡിയക്കാരന്‍ ഷൈന്‍ ചെയ്തു. എന്നാലോ ആരും രവിയുടെ ഗാനാലാപന മാധുരിയെ പുകഴ്‌ത്തിയില്ല. നിര്‍ഭാഗ്യം. നിരാശ ശേഷിപ്പ്. സ്ഥിരോത്സാഹത്തിന് ദൈവനിശ്ചയം വേറിട്ട വഴിയായില്ല.
ആദ്യം ഈ ഗായകന് കിട്ടിയ ശമ്പളം ഇരുപത് രൂപ! അന്നത് ചെലവിന് ധാരാളം മതിയെന്ന പൊടിതമാശയും മുഖാമുഖത്തില്‍ എന്നോടും സമ്മതിച്ചു. ഈ ഗായകവഴിയില്‍ വഴിത്തിരിവുണ്ടായി. പാട്ടുകള്‍ ചിട്ടപ്പെടുത്തുന്ന രീതി രവിയെന്ന യുവാവ് വേഗം ഹൃദിസ്ഥമാക്കി. പാട്ടു പകര്‍ത്തിയ കോപ്പികള്‍ ഈണം മൂളി വേറിട്ട താളമേളങ്ങളോടെ സൂക്ഷിക്കുമായിരുന്നു. അതോടെ സംഗീത സംവിധാനസഹായിയായി. ഓക്കസ്ട്ര രചനയിലും നിപുണനായി. ഇരുപത്തിയൊന്‍പതാം വയസില്‍ സംഗീതസംവിധായകനായി. ശരവേഗം സുപ്രസിദ്ധനായും വളര്‍ന്നു. മാസ്മര സംഗീതലോകം പേരും പണവും വാരിക്കോരികൊടുത്തു. അതിനും കാരണമുണ്ട്. ദുശ്ശീലങ്ങള്‍ ലവലേശമില്ല. പാര്‍ട്ടികളില്‍ വിളിച്ചാല്‍ സംബന്ധിക്കും. ബാക്കിനേരം ഹാര്‍മോണിയവുമായി പൊരിഞ്ഞ കസര്‍ത്ത്. പാട്ടും ഓര്‍ക്കസ്ട്ര വേദികളും ഇമ്പം പകര്‍ന്നു. ഒരുവിധം പേരുകേട്ട ഗാനരചയിതാക്കളുടെയെല്ലാം വരികളെ വിസ്മയചകിതമാക്കി. ബാറ് ബാറ് ദേക്കോ ഹസാറ് ബാറ് ദേക്കോ എന്നീ വരികളിന്നും പരസ്യക്കാരുടെയും യുവമനസ്സുകളുടെയും ഫേവറിറ്റ് പിക്കായി വിരാജിക്കുന്നു.
ബോംബെ രവിയുടെ ഇപ്പറഞ്ഞ ജീവിതകഥകളില്‍ ചിലത് മലയാള സിനിമാ പ്രസിദ്ധീകരണങ്ങളില്‍ ഞാനായിരിക്കണം തുടക്കത്തില്‍ എഴുതിയത്. വിരളമായി കിട്ടിയ സന്ദര്‍ഭങ്ങള്‍ മനസിന് കിങ്ങിണിയാണ്. തികഞ്ഞ ശാന്തശീലന്റെ മുന്നിലായിരുന്ന നിമിഷങ്ങള്‍ ഓര്‍മ്മച്ചെപ്പിനൊരു മധുരമാണ്. എന്തു കാണിച്ചാലും ചോദിച്ചാലും ആ മിതഭാഷി ദേഷ്യപ്പെടില്ല. ഉചിതമായൊരു തട്ടുത്തരം പുഞ്ചിരിയോടെ വരും. സ്വന്തം ഫീല്‍ഡിലുള്ള ഏവരേയും പൊക്കിവച്ചേ സംസാരിക്കൂ. കാര്യം കാണാന്‍ മറ്റുള്ളവരോട് നിഷിപ്പ്, സ്വഭാവദൂഷ്യം ലവലേശമില്ല. ഉദാഹരണം ഗായകര്‍ക്കുള്ള പ്രതിഫല ഏറ്റക്കുറച്ചലുകളെ പരാമര്‍ശിച്ചാല്‍ കക്ഷി ഫുള്‍സ്റ്റോപ്പിട്ട് വഴുതിമാറും. അതുകൊണ്ടാണ് ഞങ്ങളുടെ ഫോണ്‍സൗഹൃദം നിലക്കാഞ്ഞത്. സാന്താക്രൂസിലുള്ള രവിസാറിന്റെ ബംഗ്ലാവിലോട്ട് ക്ഷണിക്കപ്പെടാതേയും സന്ദര്‍ശകനായത്. തിരക്കിലും മുഖം കറുപ്പിച്ച് ഒരിക്കലും പെരുമാറിയിട്ടില്ല. അതിനാലാണ് സഹായം ചോദിച്ച് വിളിച്ചപ്പോള്‍ ഉടനടി മടികൂടാതെ സല്‍ക്കാരത്തിന് ഓടിച്ചെന്നതും.
അഭിമുഖമായി ഇരുന്നതും പാഡിലെ തൂലിക കാണിച്ചു. ഒഎന്‍വി സാഹബ്ബിന്റേതാണ് ഗാനമെന്നും സൂചിപ്പിച്ചു. നല്ല വടിവൊത്ത കൈപ്പട എന്നു പറഞ്ഞുകൂടാ. വായിക്കാം. ഗാനരചയിതാവ് സുപരിചിതനെന്ന മിന്നായം മുഖത്തുണ്ടായി. രവിസാര്‍ സോറിയില്‍ തുടങ്ങി. താങ്കളെ തരംതാഴ്‌ത്തുകയാണെന്ന് വിചാരിക്കരുത്. ഞാനും പാടികേള്‍പ്പിക്കുന്ന ജോലി വയറ്റിപിഴപ്പിന് പണ്ട് ചെയ്തിരുന്നു. അതൊരു ഹരമല്ല. ദൈവവരമായി ഭവിച്ചു. ഭാഷാ പിടിപാടുകേടല്ല. മലയാളത്തില്‍നിന്നുള്ള ഈ ഗാനം ഹിന്ദിയില്‍ എഴുതിയിട്ടുമുണ്ട്. എഴുത്തുപാഡിലെ താളു മറച്ചുകാട്ടി. എന്തോ ഈ പാട്ടിന് ഈണം കൂട്ടാന്‍ നേരം തന്റെ സഹായം ആവശ്യമെന്നു തോന്നി. വേറെ ദുരുദ്ദേശമായി കരുതരുത്. പെട്ടെന്ന് സീന്‍ മാറി. രവിസാര്‍ ഹാര്‍മോണിയം വായിച്ചു. കണ്ണാംഗ്യത്തിനൊപ്പം മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ട് ചുറ്റി. രാഗം തെറ്റാതെ നിര്‍ത്തി നിര്‍ത്തി. ഓരോ വരി പാടിത്തീരാന്‍ ഒരുപാടു നേരമെടുത്തു. വാക്കുകളുടെ അര്‍ത്ഥസംശയം ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ഇടയില്‍ ഒരു തിരുത്തിനും അവസരം വീണു.
കുന്നിമണി ചെപ്പില്‍ നിന്നും ഒരുനുള്ളു കുങ്കുമം ഞാനെടുത്തു എന്നത് ആത്മവിശ്വാസത്തോടെ പാടിയപ്പോള്‍ ചെറുതായൊരു വാക്ക് കൂടി. ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു എന്നായി. നല്ലനേരം. സ്വയം പലയാവര്‍ത്തി വരിപാടി സുഖിച്ചു. അതേപടി ഹിന്ദിയിലത് ചേര്‍ക്കുകയായി. അടുത്ത വരിയിലോട്ടിറങ്ങി. പാടി ബോറടിക്കുമ്പോള്‍ ബ്രേക്ക്. കാപ്പി. നാലഞ്ചു മണിക്കൂര്‍ നേരം. വീര്‍പ്പുമുട്ടി. ആദ്യാനുഭവമല്ലേ. സംഗീതജ്ഞന്‍ ഇടക്കിടെ സ്വരശുദ്ധി വരുത്തി. ഒടുവില്‍ പാട്ട് കെങ്കേമമായതിന്റെ ക്ലാപ്പടിയും വന്നു. എങ്ങനേയും രക്ഷപ്പെടാന്‍ ഊഴം കാത്തെണീറ്റു. നില്ല്. ഒരു സില്‍ക്ക് കടയുടെ വര്‍ണ്ണപ്ലാസ്റ്റിക്ക് കവര്‍ നീട്ടി. ഒരു ജോഡി ഓണക്കോടിയാണ്. തുടര്‍വാക്യമായി സുഖിപ്പിക്കല്‍ സൂത്രവും എഴുന്നെള്ളിച്ചു. ഓണക്കാലമായാല്‍ ഒരു കേരളീയ സുഹൃത്തിനെ ഓര്‍ത്തെടുക്കും. തിരുവോണ സമ്മാനം കൈമാറാന്‍. നല്ല വര്‍ക്കത്തുള്ള ശീലമല്ലേയത്! ഈ പാട്ടുതന്നെ നോക്ക്. പിഴവില്ലാതെ പാടിതുടങ്ങി.
മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി, ഇന്നെന്റെ
മുറ്റത്ത് പൊന്നോണപൂവ്വേ നീ
വന്നുചിരിതൂകിനിന്നു. ഓ…
വന്നുചിരിതൂകിനിന്നു.
ഒഎന്‍വി സാഹബ്ബ് ഓണക്കാല ഓര്‍മ്മ പകരുന്നില്ലേ? ഒഎന്‍വിയുടെ പാട്ടിലും കവിതയിലും മുല്ലമുഴമൊപ്പിച്ച് ഓണവും പൂവുമാണ് അലങ്കാരവൃത്തം! ഓണവും പൂവും തമ്മിലുള്ള അഭേദ്യബന്ധം താരാട്ട് ഇമ്പമാക്കാറുണ്ട്. അത്തരം രചനകളൊരുപക്ഷേ രവിസാര്‍ കേട്ടാസ്വദിച്ചുകാണില്ല.
രവിസാര്‍ അരികിലെത്തി. നിഷേധമോ വിലക്കോ കാട്ടാതിരിക്കാന്‍ എന്റെ പോക്കറ്റില്‍ കറന്‍സിയും തിരുകികയറ്റി. കൂടെ വിശദീകരണവും. എനിക്ക് കിട്ടിയിരുന്നപോലത്തെ പ്രതിഫലമൊന്നുമല്ല. ചെറിയ സീസണ്‍ ഓണസമ്മാനം. ഇപ്പോള്‍ വിമ്മിഷ്ടം നീങ്ങി. ഇടനെഞ്ചില്‍ കുളിര് പെയ്തു. വേലക്ക് കൂലിയെന്ന സംതൃപ്തിയല്ല. ബോംബെ രവി പാരിതോഷികം തരിക! തുച്ഛസംഖ്യയാണേലും ആത്മാഭിമാനം തോന്നി. ഒരു വരികൂടി കൂട്ടിച്ചേര്‍ത്തു. പാടുന്ന ഗായിക ചിത്രാജിയില്‍നിന്നും ഈവക ഒട്ടും കുറക്കില്ല. അത് എനിക്കുള്ള ഗിഫ്റ്റായിരുന്നു എന്നു വിശ്വസിക്കുന്നു.
പലക്കുറി കണ്ടും സംസാരിച്ചും ഇടപഴകിയും വന്നുചേര്‍ന്നതാണാ സൗഹൃദം. ആയിരം രൂപ! റെക്കോഡിങ്ങിനു ശേഷം എന്നെ വിളിച്ചു. ഒരുവിരുന്നുസല്‍ക്കാരം പോലെ എന്റെ പരസഹായങ്ങളെ അടിക്കടി അഭിനന്ദിക്കുന്ന മുഖസ്തുതി വാക്കുകളായിരുന്നെല്ലാം. പാട്ടുള്‍ക്കൊണ്ട നാനാര്‍ത്ഥങ്ങള്‍ അതേപടി ഇംഗ്ലീഷ് ഹിന്ദിയില്‍ ഏറ്റുപറഞ്ഞു. നന്ദിപുരസ്സരം രസിപ്പിച്ചു. നഖക്ഷതങ്ങള്‍ എന്ന ഹരിഹരന്റെ ചിത്രത്തിനുവേണ്ടി ഒഎന്‍വിയുടെ വരികള്‍ക്ക് രവിസാര്‍ സംഗീതം നല്‍കിയ ഗാനം അസലായി. ഈ പാട്ടു കേള്‍ക്കുമ്പോഴെല്ലാം അതില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷമല്ല വരിക. കൊടിച്ചിപട്ടിയെപ്പോലെ വാലാട്ടിനിന്നവന് കിട്ടിയ ദയാദാക്ഷിണ്യത്തോടുള്ള ലജ്ജ. വൈക്ലബ്യം. പണം തിരിച്ചു നല്‍കാനും ഇനി നിവര്‍ത്തിയില്ലെന്ന കുണ്ഠിതമായി. ചില ഓര്‍ക്കാപ്പുറ ഭാഗ്യങ്ങള്‍ കുറ്റബോധ വിലക്ഷണങ്ങളായി തീരാറുണ്ട്. ബോംബെ രവിസാറെ പൊറുക്കാന്‍ മാപ്പ്.
















